വയനാട്: സുല്‍ത്താന്‍ബത്തേരിയില്‍ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് നാലംഗസംഘത്തിന്‍റെ ക്രൂരമര്‍ദ്ദനം. ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിനെതുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. രോഗിയുമായെത്തിയ ഒരു വാഹനം സുല്‍ത്താന്‍ ബത്തേരി ഇഖ്റ ആശുപത്രിയുടെ ക്യാഷ്യാലിറ്റിക്ക് മുന്നില്‍ നിർത്തിയിട്ടിരുന്നു.

ഈ വാഹനം മാറ്റിയിടാന്‍ പറഞ്ഞതിന് സുരക്ഷാ ജീവനക്കാരനായ മോഹനനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പിടിച്ചുമാറ്റാനായെത്തിയ മറ്റ് രണ്ട് ജീവനക്കാരെയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ മൂന്ന് ജീവനക്കാരും ആശുപത്രിയില്‍ ചികിത്സ തേടി. മർദിച്ചവർ സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശികളാണെന്നാണ് ആശുപത്രി ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കേസെടുത്ത ബത്തേരി പൊലീസ് അന്വേഷണം തുടങ്ങി.