Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ ആശ്വാസം; നിസാമുദ്ദീനില്‍ നിന്നെത്തിയ ഏഴുപേര്‍ക്കടക്കം 75 പേര്‍ക്ക് കൊവിഡില്ല

പെരുനാട് നിരീക്ഷണത്തിലുള്ള  ആളുടെ അച്ഛൻ മരിച്ചത് വാർധക്യസഹജമായ അസുഖത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം

seventy five covid 19 results in Pathanamthitta are negative
Author
Pathanamthitta, First Published Apr 4, 2020, 10:48 AM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ 75 കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. നിസാമുദ്ദീനിൽ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് 105 ഫലങ്ങളാണ്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള  ആളുടെ അച്ഛൻ മരിച്ചത്  വാർധക്യസഹജമായ അസുഖത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്‍റെ മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്‍റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.  ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ നിരീക്ഷണം ശക്തമായി തന്നെ തുടരും. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് സാമ്പിൾ പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് തുടങ്ങിയേക്കും. തിരുവനന്തപുരത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന തുടങ്ങുക. ആരോഗ്യവകുപ്പിൽ നിന്ന് നിർദേശം ലഭിച്ചാൽ ഉടൻ പരിശോധന തുടങ്ങാനാകും എന്ന് ജില്ലാ ആരോഗ്യ വിഭാഗം പറയുന്നു. സ്വന്തമായി റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് സർക്കാർ അനുമതി നൽകി. 
 

Follow Us:
Download App:
  • android
  • ios