തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ നാല് പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും മലപ്പുറത്തും പാലക്കാട്ടും കാസർകോടും ഒരാൾക്ക് വീതവുണ് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ന് രോഗം ഭേദമായത്. 

കൊല്ലത്ത് ഉമായനെല്ലൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെയാണ് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അപ്പോൾ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അവിടെ ചികിത്സയിലാണ്. മലപ്പുറത്ത് തിരൂർ പൊൻ മുണ്ടം പാറമൽ സ്വദേശിയായ 46 കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. മാർച്ച് 21 ന് ദുബായിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്. സഹോദരൻ്റെ കാറിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പനി കാരണം 23ന് ആംബുലൻസിൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. വൈകിട്ട് 7.30 ന് തിരികെ വീട്ടിലേക്ക് വന്നു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കാസർകോട് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി 35 വയസുള്ള ചെങ്കള സ്വദേശിയാണ്. ദുബായിയിൽ നിന്ന് വന്നതാണ് ഇയാൾ. ജില്ലയില്‍ 6511 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 6384 പേരും ആശുപത്രികളില്‍ 127 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. പുതുതായി ലക്ഷണങ്ങള്‍ ഉള്ള  17 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു.സംസ്ഥാനത്ത് 182 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 165 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.