തിരുവനന്തപുരം: ജീവനക്കാരെ ബാങ്കിലേക്ക് വിളിച്ചുവരുത്തിയതിന് പൊലീസ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ അതൃപ്തി അറിയിച്ച് ബാങ്കേഴ്സ് സമിതി. കോട്ടയത്തെ എസ്ബിഐ ബ്രാഞ്ചിലെ മുഴുവൻ ജീവനക്കാരും കഴിഞ്ഞ ദിവസം ജോലിക്കെത്തിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് നടപടി.

എന്നാൽ പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ബാങ്കേഴ്സ് സമിതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്ക് കത്ത് നൽകി. ബാങ്കുകളിൽ കൂടുതൽ ജീവനക്കാരെ വേണ്ട സമയമാണെന്നും അതുകൊണ്ടാണ് ജീവനക്കാരെ വിളിച്ചുവരുത്തിയതെന്നും ബാങ്കേഴ്സ് സമിതിയുടെ കൺവീനർ അജിത് കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്ലാവരെയും വിളിച്ചുവരുത്തിയിട്ടില്ല. ഉപഭോക്താക്കൾക്ക്  ആവശ്യമായ ജീവനക്കാരെ വരുത്താനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം നേരത്തെ മുഖ്യമന്ത്രിയെയും പൊലീസിനെയും അറിയിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ വിളിച്ചുവരുത്താവൂ എന്ന സർക്കാർ നിബന്ധന ലംഘിച്ചുവെന്ന കുറ്റത്തിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്ബിഐ ബ്രാഞ്ചിന് നോട്ടീസ് നൽകിയത്. ഏപ്രിലിലെ ആദ്യത്തെ രണ്ടാഴ്ച കൂടുതൽ ജീവനക്കാരെ വേണ്ടിവരുമെന്നാണ് ബാങ്കേഴ്സ് സമിതി നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തിൽ അറിയിച്ചത്.