Asianet News MalayalamAsianet News Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിച്ചടി നേരിട്ട് ദിലീപ്; വിചാരണക്ക‌് സ്റ്റേയില്ല, താരത്തിനെതിരെ സര്‍ക്കാര്‍

കേന്ദ്ര ഫോറൻസിക് വിഭാഗത്തോട് വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാമെന്ന് പറഞ്ഞ കോടതി വിചാരണ സ്റ്റേ ചെയ്യില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് വന്ന ശേഷം പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്‍റെ ആവശ്യം പരിഗണിക്കാമെന്നും കോടതി

supreme court rejects actor dileep plea to postpone trial in actress attack case
Author
Delhi, First Published Jan 17, 2020, 2:17 PM IST

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്നുള്ള നടന്‍ ദിലീപിന്‍റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. വിചാരണയ്ക്ക് സ്റ്റേയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള കേന്ദ്ര ഫോറൻസിക് വിഭാഗത്തി‍ന്‍റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെയ്ക്കണം എന്നാണ് നടൻ ദിലീപ് സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, വിചാരണ മാറ്റിവെയ്ക്കാനാകില്ലെന്നും ദിലീപിന്‍റെ ക്രോസ് വിസ്താരം കേന്ദ്ര ഫോറൻസിക‌് വിഭാഗത്തിന്റെ റിപ്പോർട്ട് വന്ന ശേഷമാകാമെന്നും കോടതി പറഞ്ഞു. മൂന്ന‌് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ഫോറന്‍സിക് വിഭാഗം ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കണം. കേന്ദ്ര ഫോറൻസിക് വിഭാഗത്തോട് വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാമെന്ന് പറഞ്ഞ കോടതി വിചാരണ സ്റ്റേ ചെയ്യില്ലെന്നും വ്യക്തമാക്കി.

കേന്ദ്ര ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് വന്ന ശേഷം പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്‍റെ ആവശ്യം പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കേസ് വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയില്‍ ഉന്നയിച്ചു. പക്ഷേ, അങ്ങനെ അല്ലെന്നാണ് ദിലീപിന്‍റെ വാദം.  ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകനാണ് വാദിക്കുന്നത്.

അതേസമയം,  നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേന്ദ്ര ഫോറന്‍സിക് വിഭാഗത്തിന്‍റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് ദൃശ്യങ്ങൾ പരിശോധനക്ക് അയച്ചത്. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന.

സുപ്രീംകോടതിയാണ് ഇതിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചത്. സാങ്കേതിക വിദഗ്ദ്ധൻ തയ്യാറാക്കിയ ചോദ്യാവലിയും ഇതിനൊപ്പമുണ്ട്. പരിശോധനയുടെ ചെലവ് ദിലീപ് വഹിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഫോറൻസിക് ലാബിന്‍റെ പരിശോധന റിപ്പോര്‍ട്ട് വിചാരണയുടെ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ല.

എന്നാല്‍, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ ഇത് ഉപയോഗിക്കാം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച കോടതി കുറ്റം ചുമത്തിയിരുന്നു. സാക്ഷി വിസ്താരം ഈ മാസം 30ന് തുടങ്ങും. 2017 ഫെബ്രുവരി 17നാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്. 

Follow Us:
Download App:
  • android
  • ios