Asianet News MalayalamAsianet News Malayalam

Swapna Suresh| അമ്മയുടെ കൈ പിടിച്ച് സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്ക്; മോചനം ജാമ്യം കിട്ടി നാലാം നാൾ

സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Swapna Suresh Released from jail on Bail
Author
Trivandrum, First Published Nov 6, 2021, 11:31 AM IST

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh) ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ (Swapna Mother) ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തേക്കിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇവർ പ്രതികരിച്ചില്ല.  കുടുംബ വീട്ടിലേക്കാണ് സ്വപ്നയും അമ്മയും പോകുന്നത്. ഇവിടെയെത്തി അഭിഭാഷകരുമായടക്കം ച‍ർച്ച നടത്തിയ ശേഷമായിരിക്കും പ്രതികരണമുണ്ടാകുക. 

ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കി. 

സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കേസിന്റെ നാൾ വഴി ഒറ്റനോട്ടത്തിൽ

2020  ജൂൺ 30: നയതന്ത്ര ബാഗിലൂടെ മുപ്പതു കിലോ ഗ്രാം സ്വർണം ദുബായിൽനിന്നെത്തി

2020 ജൂലൈ 05: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിച്ച് സ്വർണം പുറത്തെടുത്തു. കസ്റ്റംസ് കേസെടുത്തു. സരിത് കസ്റ്റഡിയിൽ

2020 ജൂലൈ 10: യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു

2020 ജൂലൈ 11: സ്വപ്ന സുരേഷ് ബെംഗലൂരിവിൽനിന്ന് അറസ്റ്റിലായി. സന്ദീപ് നായരും ഒപ്പം പിടിയിലായി

2020 ഒക്ടോബ‍‍ർ 7: സ്വപ്ന അടക്കമുളള മൂന്നു പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് പ്രാഥമിക റിപ്പോർട്ട് നൽകി

2020 ഡിസംബർ 24: സ്വപ്നയടക്കമുളളവ‍ക്കെതിരെ ഇഡി കുറ്റപത്രം

2021 ജനുവരി 05: സ്വപ്നയടക്കമുളളവരെ പ്രതികളാക്കി എൻ ഐ എ കുറ്റപത്രം

2021 നവംബ‍ർ 02: എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം 
 

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 

കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. 

കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. 

സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക  അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ വാദം തള്ളിയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. 

ജയിൽ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നുമാണ് സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് മുമ്പ് പറഞ്ഞത്. തന്നെ ചിലർ ചേർന്ന് കുടുക്കിയതാണെന്നാണ് സ്വപ്ന ജയിലിൽ വച്ചു കണ്ടപ്പോൾ സ്വപ്ന പറഞ്ഞതെന്നും മാതാവ് അവകാശപ്പെട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios