Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ കൊവിഡ് രോഗിയുടെ മൂന്ന് ബന്ധുകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ കഴിയുന്ന 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയിൽ നിന്നാണ്. 

Three more relatives of covid patient in kannur find to be covid positive
Author
Kannur, First Published Apr 9, 2020, 8:15 AM IST

കണ്ണൂ‍ർ: കണ്ണൂരിൽ ഗുരുതരാവസ്ഥയിലുള്ള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍റെ കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി കൊവിഡ്. ഇവരിൽ ഒരാൾ പതിനൊന്ന് വയസുകാരനാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് വഴി കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ കഴിയുന്ന 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയിൽ നിന്നാണ്. മാർച്ച് 15ന് ഷാർജയിൽ നിന്നെത്തിയ പതിനൊന്നുകാരന്‍റെ രണ്ട് അമ്മാവന്മാർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എന്നാൽ പതിനൊന്നുകാരനൊപ്പമെത്തിയ അമ്മക്കും അനിയനും ഇതുവരെ രോഗ ബാധയില്ല. ചെറുവാഞ്ചേരിയിലെ ഈ കൂട്ടുകുടംബത്തിൽ പതിനേഴ് പേരുണ്ടായിരുന്നതിനാൽ ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കി. 

രോഗം സ്ഥിരീകരിച്ച മാടായി സ്വദേശി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മാർച്ച് പത്തിന് ട്രെയിനിലാണ് തിരിച്ചെത്തിയത്. ഇയാൾ പിന്നീട് കണ്ണൂരിൽ പലസ്ഥലങ്ങളിലും യാത്ര ചെയ്തു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുക ദുഷ്കരമാകും. അതേസമയം മാർച്ച് ഏഴിന് രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 

ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാളുമായി അടുത്തിടപഴകിയ ബന്ധുക്കൾ ഉൾപ്പെടെ 11 പേർക്ക് കൊവിഡില്ലെന്നാണ് പരിശോധന ഫലം. ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം അറുപത് ആയി. ഇവരിൽ ഇരുപത്തിയെട്ട് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

Follow Us:
Download App:
  • android
  • ios