തിരുവനന്തപുരം: പാറശാലയിലെ സി പി എം - ബി ജെ പി സംഘര്‍ഷം തുടരുന്നു. സംഭവത്തില്‍ രണ്ട് ബിജെപി പ്രര്‍ത്തകരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സി പി എം പ്രവര്‍ത്തകര്‍ കൊലവിളിയോടെ വാഹനങ്ങള്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. ഇന്ന് വെളുപ്പിന് നാല് വീടുകള്‍ക്ക് നേരെയും അക്രമണമുണ്ടായി. 

രണ്ട് സി പി എം പ്രവര്‍ത്തകരുടേയും രണ്ട് ബി ജെ പി പ്രവര്‍ത്തകരുടേയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ്  ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. പാറശാല പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്, സി പി എം ലോക്കല്‍ സെക്രട്ടറി ബിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകരായ അനില്‍, പ്രവീണ്‍ എന്നിവരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായി. 

നാല് ദിവസങ്ങള്‍ക്ക് മുമ്പ് ചെക്ക് മൂട്ടിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് പാറശാലയിലെ ആക്രമണ പരമ്പരയെന്ന് പൊലീസ് അറിയിച്ചു. പദയാത്ര നടത്തിയ ബി ജെ പി പ്രവർത്തകരും, സി  പി എം പ്രവർത്തകരും തമ്മിൽ ചെക്ക്‌മൂട്ടിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി നടന്ന ആക്രമ സംഭവങ്ങളെന്ന് പൊലീസ് വിശദീകരിക്കുന്നു. വ്യത്യസ്ത അക്രമസംഭവങ്ങളിലായി പരിക്കേറ്റ് എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാല് സി പി എം പ്രവര്‍ത്തരും മൂന്ന് ബി ജെ പി പ്രവര്‍ത്തകരും ചികിത്സയിലാണ്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കനത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.