തിരുവനന്തപുരം: ദില്ലി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കേരളത്തില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്ന് പങ്കെടുത്തവര്‍ക്കാണ് രോഗം.

തബ്‌ലീഗ് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് ആകെ പങ്കെടുത്തത് 157 പേരാണ്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കിയിലെ അഞ്ച് പേര്‍ക്ക് പുറമെ 8 പേര്‍ കാസര്‍കോടും, രണ്ട് പേര്‍ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ -

286 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.1,65,934 പേര്‍ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെഗറ്റീവ് റിസല്‍ട്ടാണ്.

ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേര്‍ വിദേശത്തു നിന്നും വന്നതാണ്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം ബാധിച്ച 76 പേര്‍ക്ക് രോഗം കിട്ടി. ഇന്നു രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമൂദിനില്‍ പോയവരാണ് ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്.