തിരുവനന്തപുരം; തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഐഎഫ്എഫ്കെയുടെ വിജയത്തിന്റെ അടിത്തറയെന്ന് വി എസ് ശിവകുമാർ എംഎൽഎ. ഒരു ചലചിത്ര തീർത്ഥാടനത്തിന് എന്നപോലെ ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര സാങ്കേതിക വിദഗ്ധരും സിനിമ ആസ്വാദകരും ഡിസംബറിൽ മറ്റെല്ലാ തിരക്കുകൾക്കും പാക്കപ്പ് പറഞ്ഞ് തിരുവനന്തപുരത്തേക്ക് വരുന്നു. തിരുവനന്തപുരത്തിന് ഈ ആസ്വാദകർ അതിഥികളും സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു ചലച്ചിത്ര അനുഭവവികാരമാണ്. മേള തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

1996 ൽ തിരുവനന്തപുരത്ത് തുടങ്ങിയ  ചലച്ചിത്രമേള ലോകസിനിമാ മേളകളിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളയാണ്. ലോകത്തിലെ ആദ്യത്തെ പത്ത് ചലച്ചിത്രമേളകളിൽ ഉൾപ്പെട്ട ഈ മേള വഴി  തിരുവനന്തപുരം ലോക സിനിമാഭൂപടത്തിൽ അടയാളപ്പെട്ടിട്ടുണ്ട്. കൊവിഡിൻ്റെ പേരിൽ സർക്കാർ ഈ  വർഷം  മേളപൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് അപലനീയമാണ്.  25 വർഷമായി നടക്കുന്ന  അന്താരാഷ്ട്ര ചലച്ചിതോത്സവം തിരുവനന്തപുരത്തുനിന്ന് 'ശേഷക്രിയ' ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും. കൊവിഡ് മഹാമാരി കാരണം ഗോവയിൽ നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയും കൽക്കട്ടയിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവലും മാറ്റിവെയ്ക്കപ്പെടുന്നുവെന്ന് മാത്രമേയുള്ളൂ. അതൊന്നും മറ്റു നഗരങ്ങളിലേക്ക് പറിച്ചുനടുന്നില്ലായെന്നുള്ള വസ്തുത സാംസ്കാരിക വകുപ്പ് മന്ത്രി മനസ്സിലാക്കണം.

2017 നവംബർ 16 ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തുനിന്നും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്. സർക്കാർ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന തിരുവനന്തപുരത്തിന്റെ വികാരം സ്ഥലം എംഎൽഎ എന്ന നിലയിൽ മുന്നോട്ടു വയ്ക്കുന്നു എന്നും വി എസ് ശിവകുമാർ അഭിപ്രായപ്പെട്ടു.