Asianet News MalayalamAsianet News Malayalam

വാളയാർ പെൺകുട്ടികളുടെ മരണം: വെറുതെ വിട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

walayar case police arrested three culprits after court order
Author
Palakkad, First Published Mar 17, 2020, 3:11 PM IST

കൊച്ചി: വാളയാർ കേസിൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ട മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. എം മധു, വി മധു, പ്രദീപ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പാലക്കാട് പോക്സോ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. പ്രതികൾ രാജ്യം വിടാൻ പോലും സാധ്യതയുണ്ട് എന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയോ ജാമ്യത്തിൽ വിടുകയോ വേണമെന്ന് നിർദേശിച്ചത്. വിചാരണ കോടതിയിൽ ഹാജരാക്കിയാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. 

ആറ് കേസുകളായി നാല് പ്രതികളുടെ വിചാരണയായിരുന്നു പാലക്കാട് പോക്സോ കോടതിയിൽ നടന്നത്. രണ്ട് വർഷം നീണ്ട വിചാരണക്കൊടുവിൽ 2019 ഓക്ടോബർ അഞ്ചിന് തെളിവുകളുടെ അഭാവത്തിൽ പ്രദീപ്,  എം മധു, വി, മധു, ഷിബു എന്നിവരെ കോടതി കുറ്റമുക്തരാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതി മരവിപ്പിച്ചിരിക്കുകയാണ്. ഇയാൾ കോടതി ഉപാധികളോടെ ജാമ്യത്തിലായതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സർക്കാരും, കുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ വേനലവധി കഴിഞ്ഞ് മെയ് 25 ന് ഹൈക്കോടതി  വീണ്ടും പരിഗണിക്കും. വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios