Asianet News MalayalamAsianet News Malayalam

കേരള അതിര്‍ത്തി തുറന്നാൽ സമരമെന്ന് കുടക് എംപി; ആരോടാണ് യുദ്ധമെന്ന് കേരളം

മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടകം. അടിയന്തിരമായി ഇപെടണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

will not open coorg kerala border says mysuru coorg mp kerala ministers opposes
Author
Kannur, First Published Mar 28, 2020, 2:50 PM IST

കണ്ണൂർ: കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാടിലുറച്ച് ക‍ർണാടകയിലെ ജനപ്രതിനിധികളും. കുടക് - കേരള അതിർത്തി തുറക്കില്ലെന്ന് ക‍ർണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നൽകിയതാണെന്ന് കുടക് എംപി പ്രതാപ് സിൻഹ പറഞ്ഞു. ഇനി മൈസുരു - ചാമരാജ് നഗർ ജില്ലകളിലെ അതിർത്തിയും അടയ്ക്കണം. കേരളത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി അതിർത്തി തുറന്നാൽ സമരത്തിലേക്ക് നീങ്ങുമെന്നാണ് കർണാടകത്തിലെ ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന. തൽക്കാലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം ബാവലി - മുത്തങ്ങ ചെക്ക് പോസ്റ്റുകൾ വഴി മാത്രം മതിയെന്ന് ക‍ർണാടക സർക്കാർ തീരുമാനിച്ചതായാണ് സൂചന. ഇതോടെ അതിർത്തി പ്രദേശങ്ങളിലും വടക്കൻ കേരളത്തിലും പൊതുവേ പച്ചക്കറികൾക്ക് വില കൂടിത്തുടങ്ങി. ഇന്നലെയാണ് ചർച്ചകൾ നടക്കുന്നതിനിടെ ഒരാൾപ്പൊക്കത്തിൽ മണ്ണിട്ട് കുടക് വഴിയുള്ള പാതകൾ കർണാടകം അടച്ചത്. ഇതോടെ രോഗികളടക്കമുള്ളവ‍ർക്ക് കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി.

മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടകം. അടിയന്തിരമായി ഇപെടണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കണ്ണൂർ എസ്പി യതീഷ് ചന്ദ്ര എത്തി ചർച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് മാക്കൂട്ടം ചുരത്തിൽ കർണാടകം റോട്ടിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ടത്. അതിർത്തി കടക്കാൻ കർണാടകം പാസ് നൽകിയ പച്ചക്കറി ലോറികൾ ചെക്ക് പോസ്റ്റ് കടക്കാൻ കുടക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. കേരളത്തിന്‍റെ ചീഫ് സെക്രട്ടറി കർണാടക സർക്കാരുമായി സംസാരിച്ചെങ്കിലും അനുനയനീക്കം സാധ്യമായില്ല. അന്തർസംസ്ഥാന പാത ഒരു അറിയിപ്പുമില്ലാതെ അടച്ച കർണാടക നീക്കത്തിനെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു.

''അവരാരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കണ്ട സമയമാണോ ഇത്? ഏതെങ്കിലും കുബുദ്ധികളോ വക്രബുദ്ധികളോ പറയുന്നത് കേട്ട് പ്രവ‍ർത്തിക്കാൻ ഒരു സർക്കാർ തയ്യാറാവരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ'', എന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. 

കേരളത്തിൽ കൊവിഡ് രോഗബാധിതർ കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകിൽ കുടകിൽ രോഗം പകരുമെന്ന വാദമാണ് കർണാടകം ഉന്നയിക്കുന്നത്.

''കേരളത്തിൽ നിന്ന് ഇങ്ങോട്ട് വരുന്ന ആളുകൾക്ക് പരിശോധന നടത്തിയ ശേഷമേ ഇങ്ങോട്ട് കയറ്റിവിടാൻ പറ്റൂ, കേരളത്തിൽ കേസുകൾ ജാസ്തിയാണെന്ന തരത്തിലുള്ള റിപ്പോർട്ട് കർണാടക ചീഫ് സെക്രട്ടറി എനിക്ക് തന്നിട്ടുണ്ട്'', എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

മാക്കൂട്ടത്ത് നിന്ന് 60 കിലോമീറ്റ‍ർ ചുറ്റി മുത്തങ്ങയിൽ

ഇന്നലെ മുതൽ വെള്ളവും ഭക്ഷണവും കിട്ടാതെ മാക്കൂട്ടം ചുരത്തിൽ കുടുങ്ങിയ പച്ചക്കറി വണ്ടിയിലെ തൊഴിലാളികൾ പുലർച്ചെ മുത്തങ്ങ - വയനാട് അതിർത്തിയിലെത്തി. 60 കിലോമീറ്ററോളം ചുറ്റിയാണ് പച്ചക്കറി ലോറി അതിർത്തി കടന്നത്. പല തവണ ചർച്ച നടത്തിയെങ്കിലും റോഡ് തുറക്കരുതെന്ന നിലപാടിൽ ഉറച്ച നിലപാടിലാണ് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ. കുടക് വഴി ചരക്ക് ലോറികൾ എത്തുന്നത് നിന്നാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അവശ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കും തീവിലയാകും. 

നിലവിൽ പാസ് ഉള്ള വാഹനങ്ങൾ മുത്തങ്ങ ചെക്പോസ്റ്റിലൂടെ കടത്തി വിടുന്നതിൽ തടസ്സമില്ല എന്നു അധികൃതർ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ക‍ർണാടകത്തിൽ നിന്നുള്ള ലോറികൾ കേരളത്തിൽ കുടുങ്ങിക്കിടക്കില്ലെന്ന് ഉറപ്പായി. പക്ഷേ, കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളിൽ ഒരു ദിവസം 60 വണ്ടിയിൽ കൂടുതൽ കർണാടകം കടത്തി വിടുന്നില്ല എന്നത് മറ്റൊരു പ്രശ്നമാണ്. ഇവിടെയുള്ള ക‍ർഷകർക്കും സംരംഭകർക്കും ഇത് മൂലമുണ്ടാകുന്നത് വലിയ നഷ്ടമാകും. 

Follow Us:
Download App:
  • android
  • ios