കൊച്ചി: എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുരുക്കിയ സംഭവത്തിൽ ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി. ഉദ്യോഗസ്ഥനെതിരായ പരാതിയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന് പരാതിയിൽ ഒപ്പിട്ട 18 സ്ത്രീകളിൽ ഒരാൾ മൊഴി നൽകി. മറ്റൊൾക്കെതിരായ പരാതിയെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്ന് മറ്റൊരു സാക്ഷിയും മൊഴി നൽകിയിട്ടുണ്ട്. ഈ രണ്ട് രണ്ടു സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കും. തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതിനായി അപേക്ഷ നൽകി. 

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പീഡന പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നാണ് പരാതി. 
സാറ്റ്സ് മുൻ വൈസ് ചെയർമാനായായിരുന്ന ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. വ്യാജപരാതിക്കെതിരെ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ വലിയതുറ പൊലീസാണ് ആദ്യം കേസെടുത്തത്. ഈ സമയം ബിനോയ് എയർഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്‍റും സ്വപ്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്നു. 

ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി. നടപടിക്ക് വിധേയനായ എയർഇന്ത്യാ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷം ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കുറ്റപത്രം ഈ മാസം തന്നെ നൽകാനാണ് നീക്കം.