പറവൂര്‍: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി വാസുവാണ് ആത്മഹത്യ ചെയ്‍ത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വാസു ആത്മഹത്യ ചെയ്‍തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്ക് ഡൗണിന് പിന്നാലെ മദ്യം ലഭിക്കാതായതോടെ വാസു മൂന്ന് ദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.

ഇതോടെ മദ്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം നാലായി. കുണ്ടറ സ്വദേശി സുരേഷ്, കാർത്തികപ്പള്ളി സ്വദേശി ഹരിദാസൻ, കണ്ണൂർ അഞ്ചരക്കണ്ടിയിൽ വിജിൽ എന്നിവരാണ് നേരത്തെ ആത്മഹത്യ ചെയ്തത്.  സ്ഥിരം മദ്യപാനിയായരുന്ന ഇവർ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ലോക് ഡൗണിന് ശേഷം മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് ആറായിട്ടുണ്ട്. 

അതേസമയം മദ്യ ലഭ്യത ഇല്ലാതായ സാഹചര്യത്തിൽ ബെവ്ക്കോ  ഗോഡൗണുകളിൽ മോഷണത്തിനുള്ള സാധ്യതയുണ്ടെന്ന് ബെവറേജസ്  കോർപ്പറേഷൻ എംഡി സ്പർജൻ കുമാർ പറഞ്ഞു. കോടിക്കണിക്കിന് രൂപയുടെ മദ്യം സൂക്ഷിച്ചിരിക്കുന്ന ഔട്ട് ലെറ്റിലും ഗോഡൗണുകളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എക്സൈസ് കമ്മീഷണർക്കും കത്ത് നൽകി.