മുംബൈ: ഐ പി സി സെക്ഷൻ 377 ക്രിമിനൽ കുറ്റമല്ലാതാക്കിയുള്ള സുപ്രീംകോടതിയുടെ ചരിത്ര വിധിയിൽ ആഹ്ലാദം പങ്കിട്ടു കൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുംബൈ സ്വദേശിയായ അർണബ് നന്ദിയാണ് തന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ഞാനിനി മുതല്‍ ഒരു ക്രിമിനലല്ല, ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ് ' എന്ന് തുടങ്ങുന്ന പേസ്റ്റ് ഇതിനോടകം തന്നെ നിരവധി പേർ ഷെയർ ചെയ്തു കഴിഞ്ഞു.

ഞാനിന്ന് പൂർണ്ണമായും സ്വതന്ത്രനാണ്. ലൈംഗീകത എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ് അല്ലാതെ വ്യക്തിത്വമല്ല. രണ്ട് വർഷത്തിന് മുമ്പ് സമൂഹം  സമ്മാനിച്ച വേലിക്കെട്ടിനുള്ളിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. എന്റെ സുഹൃത്ത് നിഖിലിന്റെ പിറന്നാള്‍ ദിവസം എന്റെ സ്വവര്‍ഗാനുരാഗ വ്യക്തിത്വം മറ്റുള്ളവരോട് പറഞ്ഞപ്പോൾ പൂമ്പാറ്റ അതിന്റെ പ്യൂപ്പയില്‍ നിന്നും പുറത്ത് വന്ന പ്രതീതിയായിരുന്നു എനിക്ക് ഉണ്ടായത്.

ആദ്യമൊക്കെ എന്റെ വ്യക്തിത്വം പുറത്ത് പറയാൻ പേടിയായിരുന്നുവെങ്കിലും പിന്നീട് ആ ഭയത്തിൽ നിന്നും പതിയെ പുറത്ത് വരുകയായിരുന്നു. എനിക്ക് ലൈംഗീക ശേഷി കുറവാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും എനിക്ക് നേരിടേണ്ടി വന്നു. ഇന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മക്കും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. സന്തോഷത്തോടെ അവര്‍ എന്നോട് പറഞ്ഞു ‘അഭിനന്ദങ്ങള്‍, ഇനി മുതല്‍ നീ കുറ്റക്കാരനല്ല’. ആ വാക്കുകൾ കേട്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. അവർ തന്നെയാണ് എന്റെ വ്യക്തിത്വം സമൂഹത്തോട് വെളിപ്പെടുത്താൻ പറഞ്ഞതും.

എന്റെ രാജ്യത്ത് പൂർണ്ണ സ്വാന്ത്ര്യത്തോടെ  ജീവിക്കുന്നതിന് വേണ്ടി മറ്റുള്ളവരിൽ അവബോധം സൃഷ്ടിക്കുകയാണ് എന്റെ അടുത്ത ലക്ഷ്യം. ഇനിയും ഒത്തിരി ദൂരം യാത്ര ചെയ്താൽ മാത്രമേ സ്വവർഗാനുരാഗികളുടെ വിവാഹം കാണാൻ സാധിക്കുകയുള്ളൂ. ഞങ്ങൾക്ക് ആരുടെയും അനുകമ്പ ആവശ്യമില്ല, പകരം സുരക്ഷിതവും സൗഹാർദപരവുമായി ജീവിക്കാനുള്ള സൗകര്യം മാത്രം മതി. എന്ന് അർണബ് തന്റെ പോസ്റ്റിൽ കുറിച്ചു.

സ്വവർഗാനുരാഗികളായവർക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം വേണമെങ്കിൽ തന്നെ സമീപിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് അർണബ് തന്റെ  ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരു വ്യക്തി ജനിക്കുന്നത് ഹോമോഫോബിക് ആയിട്ടല്ല, മറ്റുള്ളവരെ പോലെയാണ് ഞങ്ങളും ഭൂമിയിൽ ജനിക്കുന്നതെന്നും മനുഷ്യനാണെന്നുള്ള ബോധം മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അർണബ് മാധ്യമങ്ങളോട് പറഞ്ഞു.