വിയറ്റ്നാം: കൂട്ടുകാരും കളിയും ചിരിയും ഒന്നും നിറഞ്ഞതല്ല ഈ കുട്ടികളുടെ സ്കൂള്‍ യാത്ര. കലക്കവെള്ളവുമായി കുത്തിയൊലിച്ച് വരുന്ന പുഴ കടക്കാന്‍ പുസ്തകവും കുപ്പായവും കയ്യില്‍പ്പിടിച്ച് പ്ലാസ്റ്റിക് കവറിലിരിക്കണം. കവറിനുള്ളില്‍ ശ്വാസം മുട്ടി കൂനിപ്പിടിച്ചാണ് ഇരിപ്പ്. ഒരാളെ അക്കരെ എത്തിച്ച ശേഷം രക്ഷിതാവ് അപകടം കൂടാതെ തിരികെയെത്തുന്നത് വരെ ബാക്കിയുള്ളവര്‍ ആശങ്കയോടെ ഇക്കരെ നില്‍ക്കണം.

ദിവസവും അമ്പതിലധികം കുട്ടികളാണ് ഇത്തരത്തില്‍ സ്കൂളിലേക്ക് ദുരിതയാത്ര നയിക്കുന്നത്. ഹുവോയ് ഹാ ഗ്രാമത്തില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന സ്കൂള്‍ ഉള്ളത്.

നാം മാ നദി കടന്ന് വേണം കുട്ടികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍.  തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ഇവിടേക്ക് പാലമോ മറ്റ് ഗതാഗത സൗകര്യമൊരുക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.

ഗ്രാമത്തില്‍ നിന്നുള്ള മുതിര്‍ന്ന ആളുകളാണ് കുട്ടികളെ പ്ലാസ്റ്റിക് കവറുകളിലാക്കി പുഴ കടത്തുന്നത്. പുഴയില്‍ ഒഴുക്ക് കൂടുമ്പോള്‍ ശ്വാസം മുട്ടി കവറിനുള്ളിലെ കൂനിപ്പിടിച്ചുള്ള ഇരിപ്പിനും ദൈര്‍ഘ്യം കൂടും. പുഴ കടന്നാലും യാത്രാ ദുരിതം തീരുന്നില്ല. പതിനഞ്ച് കിലോമീറ്ററാണ് വഴുക്കലുള്ള വഴികളിലൂടെ കുട്ടികള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. കാട്ടുപാതയായതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം വേറെയും നേരിടേണ്ടി വരാറുണ്ട് ഈ കുട്ടികള്‍ക്ക്. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ വിലയറിയാവുന്നയാളുകള്‍ ഗ്രാമത്തിലുള്ളതിനാല്‍ പഠനം നിലച്ചുപോവുന്നില്ലെന്ന് മാത്രം.