Asianet News MalayalamAsianet News Malayalam

രാത്രിയും നിര്‍ഭയം മുന്നേറാം,സര്‍ക്കാര്‍ ഒപ്പമുണ്ട്, വനിതാദിനത്തിന്‍റെ പ്രധാന്യം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന 'സുരക്ഷിത' എന്ന പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കും

cm pinarayi vijayan facebook post on women's day
Author
Thiruvananthapuram, First Published Mar 7, 2020, 8:06 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്നത് സർക്കാരിന്‍റെ പ്രഥമ പരിഗണനയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന 'സുരക്ഷിത' എന്ന പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സർക്കാരിന്‍റെ പ്രഥമ പരിഗണനകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകൾക്കെതിരെ കർശനമായ നിലപാട് എപ്പോളുമുണ്ടാകും. വനിതാ -ശിശു വികസന വകുപ്പ് രൂപീകരിച്ച് ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഈ ശ്രമങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ വർഷം കേരള പോലീസ് വനിതകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള വർഷമായാണ് ആചരിക്കുന്നത്. പോലീസ് കേസന്വേഷണങ്ങളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഗത്ഭരായ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് റേഞ്ച് ഡി ഐ ജിമാര്‍ ആയിരിക്കും. കൂടാതെ, സ്കൂള്‍, കോളേജ് പരിസരത്തും പൊതുസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന 'സുരക്ഷിത' എന്ന പരിപാടി പോലീസിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം നഗരത്തില്‍ നടപ്പാക്കിയിരുന്നു. വന്‍വിജയമായിരുന്ന ഈ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പൊതുസമൂഹത്തിന്‍റെ സര്‍വ്വാത്മനായുള്ള പിന്തുണ അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉൾപ്പെടെ ഉയർന്നു വന്ന വിഷയങ്ങളിൽ ഈ വർഷം തന്നെ പരിഹാരം കാണാനാണ് ശ്രമം. സംസ്ഥാനത്തെ ആദ്യത്തെ വൺ ഡേ ഹോം പ്രവർത്തനം ആരംഭിച്ചതും, അൺഎയിഡഡ് മേഖലയിലെ സ്ത്രീകൾക്കും പ്രസവ അവധി ആനുകൂല്യം നിയമമാക്കിയതും വനിതാദിനത്തിൽ സർക്കാരിന്റെ സമ്മാനമാണ്. സ്ത്രീകൾ നിർഭയരും സ്വതന്ത്രരും ആയിരുന്നാൽ മാത്രമേ നമ്മുടെ സമൂഹത്തിന്‍റെ പുരോഗമനം സാധ്യമാകൂ എന്ന് തിരിച്ചറിയുക. അതുകൊണ്ട് വനിതകൾ നമ്മുടെ സമൂഹത്തിൽ നേരിടുന്ന അക്രമങ്ങൾക്കും അവഗണനങ്ങൾക്കും എതിരെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞയെടുക്കാം.

 

Follow Us:
Download App:
  • android
  • ios