ചെന്നൈ: കൊവിഡ് കാരണം ലോക്കായി പോയ 2020ല്‍ രാജ്യത്ത് കോണ്ടം വില്‍പ്പന വര്‍ധിച്ചതായി പഠനം. രാത്രിയേക്കാള്‍ പകല്‍ സമയങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതല്‍ കോണ്ടം വാങ്ങിയതെന്ന് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ആപ്പായ ഡന്‍സോ നടത്തിയ പഠനം പറയുന്നു. 

ലോക്ക്ഡൗണ്‍ കാലത്ത് ഡന്‍സോ ആപ്പിലൂടെയുള്ള കോണ്ടം വില്‍പന രാത്രിയേക്കാള്‍ പകല്‍ സമയങ്ങളില്‍. മൂന്നിരട്ടി അധികമായിരുന്നു. പകല്‍ സമയത്ത് ആപ്പിലൂടെയുള്ള കോണ്ടം വില്‍പന ഹൈദരാബാദില്‍ ആറിരട്ടിയും ചെന്നൈയില്‍ അഞ്ചിരട്ടിയും ജയ്പുരില്‍ നാലിരട്ടിയും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മൂന്നിരട്ടിയും ഇക്കാലത്ത് കൂടിയെന്നും പഠനം വ്യക്തമാക്കുന്നു. 

ഗര്‍ഭനിരോധന ഗുളികയായ ഐ പില്‍ വില്‍പനയും ഗര്‍ഭം പരിശോധിക്കുന്ന പ്രഗ്‌നന്‍സി കിറ്റ് വില്‍പനയും 2020ല്‍ കുത്തനെ ഉയര്‍ന്നു. ലോക്ക് ഡൗണ്‍ കാലത്ത് സിഗരറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന റോളിംഗ് പേപ്പര്‍ വില്‍പ്പനയിലും വന്‍ വര്‍ധനയുണ്ടായതായി പഠനം പറയുന്നു.

ബെംഗളൂരുവിലാണ് ഡന്‍സോയിലൂടെയുള്ള റോളിംഗ് പേപ്പര്‍ വില്‍പ്പനയില്‍ ഏറ്റവും അധികം വര്‍ധന രേഖപ്പെടുത്തിയത്. മെട്രോ നഗരമായ ചെന്നൈയെക്കാള്‍ 22 ഇരട്ടി റോളിംഗ് പേപ്പറാണ് ബെംഗളൂരുവില്‍ വിറ്റത്. 

ഓണ്‍ലൈനിലൂടെയുള്ള ഭക്ഷണ വില്‍പനയിലും ലോക്ക് ഡൗണ്‍ കാലത്ത് വലിയ വര്‍ധനവുണ്ടായി. ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണം ചിക്കന്‍ ബിരിയാണിയും മുംബൈയില്‍ കിച്ച്ഡിയും, ചെന്നൈയില്‍ ഇഡ്ലിയും, ഗുഡ്ഗാവില്‍ ആലൂ ടിക്കി ബര്‍ഗറുമാണ്.