മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകവും രസകരവുമായ നിരവധി വീഡിയോകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യർ മാത്രമല്ല പക്ഷി മൃ​ഗാദികളും ഇത്തരത്തിൽ താരമാകാറുണ്ട്. ചിലപ്പോൾ മനുഷ്യർക്ക് മൃഗങ്ങളിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിക്കാൻ ഈ വീഡിയോകളിലൂടെ കഴിയും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

അമ്മയുടെ അടുത്തെത്താൻ കഷ്ടപ്പെടുന്ന കുഞ്ഞിത്താറാവാണ് വീഡിയോയിലെ താരം. പരിശ്രമിച്ചു കൊണ്ടിരുന്നാൽ ഒരിക്കൽ ആ ലക്ഷ്യത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ വീഡിയോ പറഞ്ഞ് തരുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഓഫീസർ സൂസന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'തോൽവി നിങ്ങൾ താഴെ വീഴുമ്പോഴല്ല..അതിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിക്കുമ്പോഴാണ്' എന്ന ക്യാപ്ഷനോടെയാണ് സൂസന്ത വീഡിയോ പങ്കുവച്ചത്.

അമ്മ താറാവിനടുത്തേക്ക് പടിക്കെട്ട് ചാടിക്കയറി എത്തുന്ന കുഞ്ഞുങ്ങളെ വീഡിയോയിൽ കാണാം. ഓരോരുത്തരും വരുന്നത് അമ്മ നോക്കി നിൽക്കുകയാണ്. ഇതിനിടയിൽ ഒരു കുഞ്ഞിത്താറാവിന് മറ്റുള്ളവർക്കൊപ്പം പടി, ചാടി കടക്കാൻ സാധിക്കുന്നില്ല. നിരവധി തവണ ആ താറാവ് ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമാകുകയാണ്. ഒടുവിൽ അല്പമൊന്ന് നിന്ന ശേഷം പടിക്കെട്ട് ചാടിക്കടന്ന് അമ്മയ്ക്കരികിലേക്ക് എത്തുന്ന കുഞ്ഞിത്താറാവിനെ വീഡിയോയിൽ കാണാം. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.