സ്വപ്നങ്ങളും ഓര്‍മ്മകളും ബാക്കിയായി. എഴുതാന്‍ കഴിയാതെ പോയ പരീക്ഷകളില്‍ അവസാനത്തെതും എഴുതിപ്പൂര്‍ത്തിയാക്കി ഫലം കാത്തു നില്‍ക്കാതെ അവന്‍ മടങ്ങി. രക്താര്‍ബുദത്തിനെതിരെയുള്ള ചികിത്സയ്ക്കിടെ സ്കൂളിലെത്തി പരീക്ഷയെഴുതി വാര്‍ത്തകളില്‍ ഇടം നേടിയ ഹരിപ്പാട് സ്വദേശി ഗൗതമാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. പള്ളിപ്പാട് രാമങ്കേരി അജയകുമാറിന്‍റെയും ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ജിഷയുടേയും മകനാണ് ഗൗതം. കാന്‍സര്‍ വാര്‍ഡില്‍ നിന്നെത്തി പത്താം ക്ലാസ് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശിയായ ഗൗതം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ഗൗതം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കാന്‍സര്‍ എന്ന മാരക രോഗം അവനെകാര്‍ന്നു തിന്നുന്നത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സകളുമായി തിരുവന്തപുരത്തും നാട്ടിലുമായി കഴിയുകയായിരുന്നു. അസുഖം കൂടിയതിനെത്തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷകളില്‍ മൂന്നു എണ്ണം എഴുതാന്‍ ഗൗതമിന് സാധിച്ചിരുന്നില്ല. 

പത്താം ക്ലാസിലെ പരീക്ഷയെഴുതണമെന്ന ഗൗതമിന്‍റെ അതിയായ ആഗ്രഹമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. എഴുതാന്‍ കഴിയാതെ പോയത് സേ പരീക്ഷയ്ക്കൊപ്പം എഴുതി. സേ പരീക്ഷകളുടെ ഫലം വരുന്നതിന്‍റെ മുമ്പേയാണ് ഗൗതം അകാലത്തില്‍ പൊഴിഞ്ഞു പോയത്. കഴിഞ്ഞ ദിവസം എഴുതിയ പരീക്ഷകളുടെ ഫലം വന്നപ്പോള്‍ മൂന്ന് പരീക്ഷകളില്‍ എ പ്ലസ്, ഒന്നിന് എ ഗ്രേഡ്, രണ്ടെണ്ണത്തിന് ബി പ്ലസും ഒന്നിന് ബിയുമായിരുന്നു ഗൗതമിന് ലഭിച്ചത്. 

ആര്‍സിസിയില്‍ കീമോതെറാപ്പി കഴിഞ്ഞാണ് ഗൗതം ഹരിപ്പാടെത്തി പരീക്ഷകള്‍ എഴുതിയിരുന്നത്. ശാരീരിക അവശതകളൊന്നും അവന്‍റെ ആഗ്രഹങ്ങളെ തളര്‍ത്തിയില്ല. പരീക്ഷാഹാളിന്‍റെ മുന്നില്‍ ശര്‍ദ്ദിച്ചവശനായിരുന്നിട്ടും തളരാത്ത മനസ്സുമായി പരീക്ഷകളെഴുതി. തളരാത്ത മനസിന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെകെ ഷൈലജയും എത്തിയിരുന്നു. ഫേസ്ബുക്കില്‍ കുറിപ്പിട്ടും ഗൗതമിനെ നേരിട്ട് വിളിച്ചും മന്ത്രി അഭിനന്ദനമറിയിച്ചിരുന്നു. ഒടുവില്‍ ഫലം കാത്തുനില്‍ക്കാതെ കാന്‍സറെന്ന മാരക വിപത്തിന് മുന്നില്‍ അവന്‍ കീഴടങ്ങി.