ബിർമിംഗ്ഹാം പൊലീസിന്റെ സമർത്ഥനായ ഒരു സ്‌നിഫർ ഡോഗാണ്, 'ഓഡിൻ'. ജർമ്മൻ ഷെഫേർഡ് ഇനത്തിൽ പെട്ട അവനെ, പൊലീസ് വളരെ വിദഗ്ധമായ പരിശീലനം നൽകിയാണ് സേനയുടെ ഭാഗമാക്കിയത്. അവന്റെ മിടുക്കുകൊണ്ട് നിരവധി ക്രിമിനൽ കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട് ബിർമിംഗ്ഹാം ലോക്കൽ പൊലീസ്. എന്നാൽ, ഇത്തവണ കൃത്യസമയത്തുള്ള അവന്റെ സേവനം കൊണ്ട്  തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത് ഒരു വിവാഹ ബന്ധമായിരുന്നു. 

നടന്ന സംഭവം ഇങ്ങനെ. തന്റെ കെയർ ടേക്കർ ആയ കാളിനൊപ്പം ബിർമിംഗ്ഹാമിലെ ഹാർബോണിലെ ഒരു നിരത്തിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു ഓഡിൻ. നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. റോഡരികിൽ ടോർച്ച് ലൈറ്റും വീശി പുല്ലിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്ന രണ്ടുപേരെ കണ്ട് അവർ വാഹനം നിർത്തി കാര്യം തിരക്കി. അപ്പോഴാണ് അവരിൽ ഒരാൾ കാര്യം പറഞ്ഞത്. അൽപനേരം മുമ്പ് കാറിൽ അതിലെ പോയപ്പോൾ ഭാര്യയുമായി വാക്കുതർക്കമുണ്ടായി. വഴക്കു മൂത്തപ്പോൾ, ദേഷ്യം വന്ന് അയാൾ തന്റെ കയ്യിൽ ഇട്ടിരുന്ന വിവാഹമോതിരം ഊരി, കാറിന്റെ ചില്ലു താഴ്ത്തി പുറത്തെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു.  

വണ്ടിയോടിച്ച് വീട്ടിലെത്തി കുറച്ചു നേരം കഴിഞ്ഞപ്പോൾ ദേഷ്യമൊക്കെ തണുത്തു. ഭാര്യയും ഭർത്താവും പരിഭവമൊക്കെ പറഞ്ഞു തീർത്തു. അപ്പോഴും ഒരു പ്രശ്നം ബാക്കി. നേരത്തെ വലിച്ചെറിഞ്ഞത് വർഷങ്ങൾക്കു മുമ്പ് ഭാര്യ കൈവിരലിൽ ഇട്ട മോതിരമാണ്. കഷ്ടി അര ഇഞ്ച് വലിപ്പം കാണും. റോഡരികിൽ നിറയെ പുല്ലാണ്. അതിനിടയിൽ ഈ ഇരുട്ടത്ത് എങ്ങനെ തപ്പിയെടുക്കാനാണ് ? അതും കൊണ്ടല്ലാതെ തിരിച്ചു വരേണ്ടെന്ന ഭീഷണിയോടെയാണ് ഭാര്യ വിട്ടത്. അതുകൊണ്ട് കിട്ടാതെ തിരികെ പോകാനും വയ്യ. 

അപ്പോൾ കാൾ അയാളോട് ഒരുപായം പറഞ്ഞു," ഞങ്ങളുടെ നായ്ക്കൾ, വിശേഷിച്ച് ഓഡിൻ മനുഷ്യന്റെ ഗന്ധം മണത്തുകണ്ടുപിടിക്കാൻ മിടുമിടുക്കരാണ്. ഞങ്ങൾ സഹായിക്കാൻ ശ്രമിക്കാം..." 

"ഞങ്ങൾ തപ്പാൻ തുടങ്ങിയിട്ട് നേരം കുറെയായി. തീരെ ചെറിയ ഒരു സാധനമാണ്. അതിൽ അത്രത്തോളം മണമൊന്നും കാണില്ല. എന്നാലും ഒന്ന് ശ്രമിച്ചു നോക്കൂ" എന്നായി അവരും.

എന്തായാലും ഓഡിനെ ആ പുല്ലിലേക്ക് അഴിച്ചു വിട്ട് അവർ കാത്തിരുന്നു. രണ്ടേ രണ്ടു മിനിറ്റ്. അത്രയേ വേണ്ടി വന്നുള്ളൂ, ആ കട്ടയിരുട്ടിലും, ബിർമിംഗ്ഹാം പൊലീസിന്റെ സമർത്ഥനായ ആ സ്‌നിഫർ ഡോഗിന് ആ കൊച്ചു വെഡിങ് റിങ്ങിലെ മനുഷ്യഗന്ധത്തെ പിന്തുടർന്ന് ചെന്ന് കണ്ടെത്താനും. അത് തിരിച്ചെടുത്ത് തന്റെ ബോസായ കാളിനെ ഏൽപ്പിക്കാനും. 

 ഒരിക്കലും തിരിച്ചുകിട്ടില്ല എന്നുകരുതിയ തന്റെ വിവാഹമോതിരം തിരികെക്കിട്ടിയതിന്റെ സന്തോഷസൂചകമായി ഓഡിനെ പുറത്ത് ഏറെ നേരം തഴുകി അഭിനന്ദനങ്ങൾകൊണ്ട് മൂടി ആ അപരിചിതനായ ഭർത്താവ്.