കേപ് ടൗണ്‍: വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകന് ദാരുണ മരണം. ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ ആണ് വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 'അങ്കിള്‍ വെസ്റ്റ്' എന്നായിരുന്നു മാത്യൂസണിനെ ആളുകള്‍ വിളിച്ചിരുന്നത്.

കഴിഞ്ഞ  ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.  മാത്യൂസണ്‍ വളര്‍ത്തിയ വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് സിംഹങ്ങളില്‍ ഒന്നാണ് മാത്യൂസണെ ആക്രമിച്ചുകൊന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയില്‍ മാത്യൂസണിന്റെ ഉടമസ്ഥതയിലുള്ള ലയണ്‍ ട്രീ ടോപ്പ് ലോഡ്ജിനു സമീപത്തുവെച്ചായിരുന്നു സംഭവം. 

അപ്രതീക്ഷിതമായിരുന്നു ആക്രമണമെന്ന് കുടുംബം പറയുന്നു. സംഭവസമയത്ത് മാത്യൂസണിന്റെ കൂടെ ഭാര്യയും ഉണ്ടായിരുന്നു. 'അദ്ദേഹത്തെ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല, അദ്ദേഹം അവരോട് കളിച്ചും ചിരിച്ചുമാണ് ദിനങ്ങള്‍ ചിലവഴിച്ചിരുന്നത്'- മാത്യൂസണിന്റെ ഭാര്യ ഗില്‍ പറഞ്ഞു. പ്രകൃതിക്കൊപ്പം ജീവിക്കുക എന്ന സ്വപ്‌നമായിരുന്നു അദ്ദേഹം  അദ്ദേഹം നയിച്ചിരുന്നതെന്നും  മാത്യൂസണിന്റെ ഭാര്യ പറയുന്നു.