തെക്കൻ ബ്രസീലിലെ കടലോര പട്ടണമായ റിയോ ഡി ജനീറോയിൽ നിന്ന് അല്പം മാറി പ്രോവെട്ട എന്നൊരു ഒരു കൊച്ചു ദ്വീപുണ്ട്. അവിടെ പാർക്കുന്ന ഹ്വാവോ പെരേരാ ഡിസൂസ എന്ന എഴുപത്തൊന്നുകാരൻ മുക്കുവന് ഒരു അപൂർവസന്ദർശകനുണ്ട്. മറ്റാർക്കുമില്ലാത്ത ഒരു സ്നേഹബന്ധമുണ്ട്. അത് ഒരു പെൻഗ്വിനുമായിട്ടാണ്. ചെറുപ്പത്തിൽ മേസ്തിരിപ്പണിയെടുത്തിരുന്ന ഡിസൂസ,  വയസ്സാം കാലത്ത് മീൻപിടുത്തം നടത്തിയാണ് ജീവിച്ചിരുന്നത്. 2011 സെപ്റ്റംബർ 5 -ന്,  കടലോരത്തുകൂടി നടന്നു വരുമ്പോൾ അയാൾ ഒരു പെൻഗ്വിനെ കണ്ടു. ദേഹം മുഴുവൻ എണ്ണ ഒട്ടിപ്പിടിച്ച്, ബീച്ചിൽ വന്നടിഞ്ഞ ആ പാവം പെൻഗ്വിൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു. അയാൾ അതിനെ കയ്യിലെടുത്ത് വീട്ടിലേക്കു നടന്നു.

വീട്ടിൽ ചെന്ന ശേഷം അതിനെ പരിചരിക്കാനാരംഭിച്ച ഡിസൂസയ്ക്ക് അതിന്റെ ദേഹത്തുനിന്ന് എണ്ണ പതുക്കെ ഒപ്പിയെടുക്കാൻ ഏറെ നേരം ചെലവിടേണ്ടി വന്നു. തണുത്തു വിറച്ച് ചാകാറായിരുന്ന അതിനെ അയാൾ സ്വന്തം നെഞ്ചിന്റെ ചൂടുപകർന്നു. കുടിക്കാൻ വെള്ളവും, കഴിക്കാൻ കുഞ്ഞു മീനുകളും നൽകി. അവനെ അയാൾ ഡിൻഡിം എന്ന് പേരിട്ടു വിളിച്ചു. ഡിൻഡിമിന് അത്യാവശ്യം ആരോഗ്യം വെച്ചു എന്നുകണ്ടപ്പോൾ ഡിസൂസ അവനെ തിരികെ പറഞ്ഞുവിടാൻ തീരുമാനിച്ചു. കാരണം അയാൾക്ക് അറിയാമായിരുന്നു, തന്റെ നാടായ ബ്രസീൽ ആ പെൻഗ്വിന്റെ സ്വാഭാവികമായ ആവാസമല്ല, അവിടെ കഴിയുന്നത് അവന്റെ ആയുരാരോഗ്യസൗഖ്യത്തിന് നല്ലതാവില്ല എന്ന്. അതുകൊണ്ട്, അവനെ തിരികെ ബീച്ചിൽ കൊണ്ടുചെന്ന്  കടലിലേക്ക് ഒഴുക്കിവിടാം എന്നയാൾ കരുതി.പക്ഷേ, പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഡിൻഡിം എന്ന ആ പെൻഗ്വിൻ ഡിസൂസയെ വിട്ടു പോകില്ല. നമ്മൾ മനുഷ്യരാണ് ജീവൻ രക്ഷിച്ചവരെന്നോ, ജീവിതം തന്നവരെന്നോ, ആപത്തുകാലത്ത് കൈസഹായമായിരുന്നവരെന്നോ നോക്കാതെ നന്ദികേടുകാണിക്കാൻ ശീലിച്ചിട്ടുള്ളവർ. ഡിൻഡിം എന്ന ആ മഗെലാനിക് പെൻഗ്വിന് തന്റെ പ്രാണൻ രക്ഷിച്ച ഡിസൂസയെന്ന വയോധികനെ അത്രയെളുപ്പം മറക്കാനാകുമായിരുന്നില്ല. സാധാരണ പെൻഗ്വിനുകൾ അങ്ങനെ എളുപ്പത്തിൽ ആരോടും ഇണങ്ങുകയോ കൂട്ടാവുകയോ ചെയ്യുന്നതല്ല. പക്ഷേ, താൻ മരണത്തോട് മല്ലിട്ടു കിടന്നിരുന്ന ആ ബീച്ചിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയ ഡിസൂസയുമായി വല്ലാത്തൊരു അടുപ്പം ആ പെൻഗ്വിന് ഉണ്ടായിക്കഴിഞ്ഞിരുന്നു.   ഇൽഹാ ഗ്രാൻഡെയിലുള്ള ഡിസൂസയുടെ വീട്ടിൽ ഡിൻഡിം പിന്നെയും പതിനൊന്നു മാസക്കാലം ഡിസൂസയോടൊപ്പം കഴിച്ചുകൂട്ടി.

പതിനൊന്നുമാസക്കാലം ഡിൻഡിം ഡിസൂസയെ വിട്ട് എങ്ങും പോയില്ല. അപ്പോഴേക്കും അവന്റെ തൂവലുകളെല്ലാം കൊഴിഞ്ഞ് പുതിയൊരു സംരക്ഷണ കവചം തന്നെ അവന്റെ ശരീരത്തെ ചുറ്റി വളർന്നുവന്നു. അനിവാര്യമായ ഒരു സഞ്ചാരത്തിന് പ്രകൃതി ആ പെൻഗ്വിനെ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. ആ യാത്ര അവനെ മാടിവിളിച്ചുകൊണ്ടിരുന്നു. അത് ഒരു വംശം കുറ്റിയറ്റുപോകാതിരിക്കാനുള്ള പരിണാമപ്രക്രിയയുടെ ഉൾവിളിയായിരുന്നു. അത്തവണ കടലിലേക്ക് ഇറക്കിവിട്ട അവൻ തിരികെ നീന്തിക്കയറിവന്നില്ല. ഉള്ളൊന്നു പിടഞ്ഞു എങ്കിലും, ഡിസൂസക്ക് സന്തോഷം തന്നെയാണ് തോന്നിയത്. കാരണം, അവൻ അവന്റെ സ്വാഭാവികമായ ജീവിതസാഹചര്യങ്ങളിലേക്ക് തിരികെ പോയല്ലോ. എന്നാൽ ആ അകൽച്ച ഏറെക്കാലം നീണ്ടുനിന്നില്ല. മാസങ്ങൾക്കു ശേഷം അതേ ബീച്ചിലേക്ക് വീണ്ടും ഡിൻഡിം എന്ന പെൻഗ്വിൻ നീതിയെത്തി. അവിടെയെല്ലാം അവൻ ഡിസൂസയെ തേടിനടന്നു. ഒടുവിൽ തന്റെ പ്രിയ രക്ഷകന്റെ കൃശഗാത്രം ദൂരെനിന്നു കണ്ടപ്പോൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവൻ അത്യന്തം ആഹ്ലാദവാനായി പാഞ്ഞുവന്ന് അയാളുടെ മടിയിൽ കയറിയിരുന്നു. അതൊരു പതിവ് ശീലമായിരുന്നു. കൂടെക്കഴിഞ്ഞ പതിനൊന്നുമാസവും അയാളെ അതിരറ്റു സ്നേഹിച്ചോടുവിൽ വല്ലാത്തൊരു ഉടമസ്ഥതാ ഭാവം കൈവന്നിരുന്നു ഡിൻഡിമിന്. കൊച്ചു കുട്ടികൾക്ക് അച്ഛന്മാരോടുണ്ടാകുന്ന ഒരു പൊസസീവ്നെസ്സില്ലേ ? അതുതന്നെ. അക്കൊല്ലം പിന്നെയവൻ തിരിച്ചുപോയില്ല. മീൻ പിടിക്കാൻ ബീച്ചിലേക്ക് വന്ന ഡിസൂസ തിരികെ വീട്ടിലേക്ക് പോയപ്പോൾ കൂടെ ഡിൻഡിമും പോയി.

പിന്നീട് ഇത് വർഷാവർഷം നടക്കുന്ന ഒരു പരിപാടിയായി മാറി. വർഷത്തിലൊരിക്കൽ മാത്രം ഡിൻഡിം പ്രജനനത്തിന് വേണ്ടി അർജന്റീനയ്ക്കും ചിലിക്കുമെടുത്തുള്ള പെന്റഗണിയാ തീരത്തേക്ക് പോകും. അവിടെ നാലുമാസത്തോളം ചെലവിട്ട ശേഷം, അത് തിരികെ നീന്തി ബ്രസീലിലെ തന്റെ വളർത്തച്ഛൻ ഡിസൂസയ്ക്കരികിലേക്കെത്തും പിന്നെ ബാക്കി എട്ടുമാസം അയാൾക്കൊപ്പമാണ് ജീവിക്കുക. അങ്ങോട്ടും ഇങ്ങോട്ടുമായി ഏകദേശം, വർഷത്തിൽ അയ്യായിരം മൈൽ ദൂരം ഡിൻഡിം എന്ന ഈ പെൻഗ്വിൻ ഡിസൂസയെ കാണാൻ വേണ്ടി, അയാൾക്കൊപ്പം കഴിയാൻ വേണ്ടി നീന്തിത്തീർക്കും.


" എനിക്ക് ഡിൻഡിം സ്വന്തം മോനെപ്പോലെയാണ്. അവനോടെനിക്ക് വല്ലാത്ത സ്നേഹമാണുള്ളത്. അവന് തിരിച്ചും അതേ സ്നേഹമുണ്ടെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്..." ഡിസൂസ ഒരിക്കൽ ഗ്ലോബോ ടിവിയോട് പറഞ്ഞു. " എന്നെ ആരും തൊടുന്നത് അവനിഷ്ടമല്ല. കൊത്തി ഓടിച്ചുകളയും. ആരും അവനെ തൊടുന്നതും അവനിഷ്ടമല്ല. എന്നെ മാത്രം അവൻ തൊടാനും കുളിപ്പിക്കാനും തീറ്റാനും ഒക്കെ അനുവദിക്കും. മത്തിയാണ് ആശാന്റെ ഇഷ്ട ഭോജ്യം" അദ്ദേഹം തുടർന്നു. എല്ലാ കൊല്ലവും ഡിൻഡിം പോകുമ്പോൾ ആളുകൾ ഡിസൂസയെ വെറുതേ പറഞ്ഞു ചൊടിപ്പിക്കാൻ നോക്കും. " എന്തായാലും ഇത്തവണ പോയ പോക്ക് കണ്ടിട്ട് അവൻ തിരികെ വരുന്ന ലക്ഷണമില്ല. നിങ്ങൾ വെറുതേ കാത്തിരിക്കേണ്ട" അയാൾക്കറിയാം അതവർ തന്നെ ഇളക്കാൻ പറയുന്നതാണ് എന്ന്. എത്രവൈകിയാലും എല്ലാക്കൊല്ലവും അവൻ മുടങ്ങാതെ തിരികെയെത്തും എന്ന് ഡിസൂസയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഇന്നുവരെ എല്ലാക്കൊല്ലവും അവൻ വന്നിട്ടുമുണ്ട്.

" ഞാൻ ഇന്നോളം ഇങ്ങനെയൊരു അടുപ്പം, ഒരു കോമ്രേഡറി ഏതെങ്കിലും പെൻഗ്വിനും മനുഷ്വാനുമിടയിൽ കണ്ടിട്ടില്ല. എനിക്ക് തോന്നുന്നത് ഡിൻഡിം ഡിസൂസയെ അവന്റെ കുടുംബത്തിൽ ഒരംഗമായിട്ടാണ് കാണുന്നതെന്നാണ്. മിക്കവാറും അവന്റെ ധാരണ അയാളും തന്നെപ്പോലെ ഒരു പെൻഗ്വിൻ ആണ് എന്നാകും. അയാളെ കാണുമ്പൊൾ അവൻ അനുസരണയുള്ള ഒരു പട്ടിയെപ്പോലെ വാലാട്ടും, ആനന്ദാതിരേകത്തിന്റെ വല്ലാത്തൊരു ശബ്ദം അപ്പോൾ അവന്റെ തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെടുന്നതും കേൾക്കാം"  പ്രൊഫസർ ക്രാജെവ്സ്കി എന്ന ബയോളജിസ്റ്റ് പറഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. പെൻഗ്വിനുകൾ പൊതുവെ 25 വയസ്സോളം ജീവിക്കുമെന്നും ആജീവനാന്തം ഒരൊറ്റ ഇണയുമായി ബന്ധപ്പെടുന്ന സ്വഭാവമുള്ള ജീവിവർഗ്ഗമാണ് അതെന്നും ക്രാജെവ്സ്കി പറഞ്ഞു. മാഗെലനിക് പെൻഗ്വിനുകൾക്ക് അവ ജീവിക്കുന്ന പരിസരങ്ങളിൽ വേണ്ടത്ര ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് അവ അവിടം വിട്ട് പലായനം ചെയ്തുവരുന്നത്. ആഗോളതാപനമാണ് ഇതിന് ഒരു പരിധിവരെ കാരണം. സമുദ്രങ്ങളിൽ വർധിച്ചുവരുന്ന എണ്ണകാരണമുള്ള മലിനീകരണം ഈ ജലജീവികൾ  ആ എണ്ണയിൽ പുതഞ്ഞു നീന്താൻ പറ്റാത്ത പരുവത്തിൽ സമുദ്രതീരങ്ങളിൽ അടിക്കുന്നതിനു കാരണമാകുന്നു.

അങ്ങനെ കരയ്ക്കടിയുന്ന പല പെൻഗ്വിനുകളും പട്ടിണികിടന്നു ചത്തുപോകാറാണ് പതിവ്. എന്നാൽ, നമ്മുടെ ഡിൻഡിന് ഭാഗ്യമുണ്ട്. കാരണം അവനെ പരിചരിക്കാൻ ഭാഗ്യവശാൽ ഒരു പാവം അപ്പൂപ്പൻ സന്മനസുകാട്ടി. ആ സന്മനസ്സിനെ തന്റെ അപാരസ്‌നേഹം കൊണ്ട് അവനും പരിചരിച്ചു. സാധാരണഗതിക്ക് ബ്രസീലിൽ പെൻഗ്വിനുകൾ അടക്കമുള്ള വന്യജലജീവികളെ വളർത്താനുള്ള അനുമതി സർക്കാർ നൽകുന്നതല്ല. എന്നാൽ ഡിൻഡിമും ഡിസൂസയും തമ്മിലുള്ള സ്നേഹം, അതിന്റെ പൂർത്തീകരണത്തിനായി ആ പെൻഗ്വിൻ നടത്തുന്ന സുദീർഘസഞ്ചാരം, അതൊന്നും അങ്ങനെ കണ്ടില്ലെന്നു നടിക്കാൻ ഈ ലോകത്തെ ഒരു ഗവൺമെന്റിനും ആവില്ലല്ലോ. അതുകൊണ്ട്, അതിന് ഡിസൂസയ്ക്ക്, ഡിസൂസക്ക് മാത്രം അനുമതിയുണ്ട്.

കഴിഞ്ഞ നവംബറിലും മുടങ്ങാതെ ഡിൻഡിം തന്റെ രക്ഷകനായ ഡിസൂസയെ തേടി എത്തിയിരുന്നു. ഈ ലോകത്തിനു മുന്നിൽ നിരുപാധികസ്നേഹത്തിന്റെ അനുകരണീയ മാതൃകയൊരെണ്ണം മുന്നോട്ടു വെച്ചുകൊണ്ട്, അതിതീവ്രമായ തങ്ങളുടെ പരസ്പര സ്നേഹം തുടരുകയാണ് ഇന്നും ഡിസൂസയും, അയാളുടെ സ്നേഹിതൻ ഡിൻഡിം എന്ന മാഗെലനിക് പെൻഗ്വിനും..!