പോര്‍ട്ട്ബ്ലെയര്‍: ക്രിസ്തുമതപ്രചാരണത്തിന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ സെന്റിനല്‍ ദ്വീപിലെത്തിയ അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ  വീണ്ടും വാര്‍ത്തകളിലേക്ക് എത്തുകയാണ് പരിഷ്കൃത സമൂഹവുമായി ഒരു ബന്ധവുമില്ലാതെ കാടിന്റെ മക്കളായി ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍. സാധാരണരീതിയില്‍ ദ്വീപിലേക്ക് എത്തിച്ചേരാനാവില്ലെന്ന് മനസിലാക്കിയ ജോണ്‍ അലന്‍ ചൗ പോര്‍ട്ട്ബ്ലെയറില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ കൈക്കൂലി നല്‍കിയാണ് ദ്വീപിലെത്തിയത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ദ്വീപിലുള്ള മനുഷ്യരെക്കുറിച്ച് പുറം ലോകത്തിന് കാര്യമായ ധാരണയില്ലെന്നതാണ് വസ്തുത. ചുറ്റും പവിഴപ്പുറ്റുകള്‍ നിറഞ്ഞ സമചതുരാകൃതിയിലുള്ള ഈ ദ്വീപിലേക്ക് എത്തിച്ചേരുക എന്നതും ഏറെ ദുര്‍ഘടം പിടിച്ച പരിപാടിയാണ്.  പവിഴപ്പുറ്റുകളുടെ സാന്നിധ്യം കാരണം കപ്പലുകള്‍ ദ്വീപിലേക്ക് അടുപ്പിക്കാനും സാധിക്കില്ല. പുറം ലോകത്തെ പരിഷ്കൃത സമൂഹവുമായി ഒരു ബന്ധവും പുലര്‍ത്താതെ ജീവിക്കുന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടുന്നവര്‍ക്ക് ദ്വീപ് നിവാസികളുടെ ആക്രമണം ഏല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. 

ആധുനിക ലോകവുമായി പൂർണമായും അകന്നു ജീവിക്കുന്ന ലോകത്തിലെ അപൂർവ മനുഷ്യ കുലമായാണ് ദ്വീപിലെ ആദമി നിവാസികളെ കണക്കാക്കുന്നത്.  ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണെന്നാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വർഗ്ഗക്കാരെക്കുറിച്ച് നരവംശ ശാസ്ത്രജ്ര്‍ വിലയിരുത്തുന്നത്.  ഇവരുടെ ഭാഷയെ പറ്റി ഒന്നും മനസിലാക്കാൻ സാധിക്കാത്തത് പരിഷ്കൃത സമൂഹത്തെ പൂര്‍ണമായും ഇവരില്‍ നിന്ന് അകറ്റുകയും ചെയ്തു. 

1771ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ് ദ്വീപിലെ മനുഷ്യ സാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചനകള്‍ നൽകിയത്. 1867ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബർമാരും അടങ്ങിയ 106 പേർ  രക്ഷപെടാനായി കരയിലേക്ക് നീന്തി. എന്നാല്‍ അമ്പും വില്ലും മറ്റ് പ്രാകൃത രീതിയിലുള്ള ആയുധങ്ങള്‍ കൊണ്ടുള്ള രൂക്ഷമായ  ആക്രമണമാണ് ഇവര്‍ക്ക് ദ്വീപ് വാസികളിൽ നിന്ന് നേരിടേണ്ടി വന്നത്. 

ഇവരെക്കുറിച്ച് കൂടുതല്‍ അറിയുകയെന്ന ലക്ഷ്യത്തോടെയാണ് എം വി പോര്‍ട്ട്മാന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ 1880 ല്‍ ദ്വീപിലെത്തിയത്. പോര്‍ട്ട്മാനും സംഘവും ദ്വീപിലെത്തിയതോടെ ഗോത്രവര്‍ഗക്കാര്‍ കാടുകയറി. പോര്‍ട്ട്മാന്റെ സംഘം ദ്വീപിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളെയും അവരുടെ നാലു മക്കളെയും കപ്പലില്‍ പോര്‍ട്ട്ബ്ലെയറില്‍ എത്തിച്ചു. പുറംലോകത്തെ പരിഷ്കൃതരുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ദമ്പതികള്‍ മരിച്ചതോടെ കുട്ടികളെ തിരികെ ദ്വീപിലെത്തിക്കുകയായിരുന്നു. 

1974 ല്‍ നാഷനൽ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിർമിക്കാനായി എത്തിയ ആന്ത്രോപ്പോളജിസ്റ്റുകളും ഫൊട്ടോഗ്രഫറുമടങ്ങിയ സംഘത്തിനു നേരെ ദ്വീപ് നിവാസികളുടെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. 1991 ജനുവരി 4ന് ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ദ്വീപിലെത്തിയ സംഘത്തില്‍ നിന്ന് തേങ്ങയും കുറച്ച് പഴങ്ങളും ദ്വീപ് നിവാസികള്‍ സ്വീകരിച്ചു. ഈ സന്ദര്‍ശനത്തിലാണ് ഇവരുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചത്. ദ്വീപ് നിവാസികളെ അവരുടെ ജീവിതത്തിലേക്ക് പൂര്‍ണമായി മടങ്ങാനും അവരെ പരിഷ്കൃത സമൂഹത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ 1996 ലാണ് ഭാരത സര്‍ക്കാര്‍ നിര്‍ത്തി വച്ചത്.

2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഭൂകമ്പവും സൂനാമിയും ഈ ദ്വീപിനെയും ഏറെ പിടിച്ച് കുലുക്കിയിരുന്നു. ദ്വീപ് നിവാസികളില്‍ എത്ര പേര്‍ സുനാമിയെ അതിജീവിച്ചുവെന്ന കൃത്യമായ കണക്കുകള്‍ എടുക്കാന്‍ പോലും കാലമിത്ര പിന്നിട്ടിട്ടും  സര്‍ക്കാരിന് സാധിച്ചിട്ടില്ല.  2006 ജനുവരിയിൽ പോര്‍ട്ട്ബ്ലെയറഇല്‍ നിന്ന് അബദ്ധത്തില്‍ ഇവിടെയെത്തിയ രണ്ട് മുക്കുവരെ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തി. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഭവത്തില്‍ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിൽ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ടെന്നും തീരുമാനിച്ച സര്‍ക്കാര്‍ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഈ പ്രദേശത്തേക്ക് പുറം ലോകത്തുള്ളവര്‍ക്ക് പ്രവേശനമില്ല. സെന്‍സസ് പോലും കൃത്യമായി എടുക്കാന്‍ സാധിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും 40നും 400നും ഇടയില്‍ ആളുകള്‍ ഈ ദ്വീപില്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 

കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവർക്ക് അറിയില്ലെന്നാണ് വിലയിരുത്തുന്നത്. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും പഴങ്ങളും കാട്ട് തേനുമാണ് ഇവരുടെ പ്രധാന ഭക്ഷണമായി കണക്കാക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാരെന്നാണ് ത്രിലോക നാഥ് പണ്ഡിറ്റിന്റെ സംഘമെടുത്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.