ക്വീന്‍സ്ലാന്‍ഡ്: ജനുവരി 26 ആണ് ഓസ്‌ട്രേലിയന്‍ ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടല്‍ ഒരുക്കിയ തീറ്റ മത്സരത്തില്‍ വൃദ്ധയ്ക്ക് ദാരുണാന്ത്യം. ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച ലാമിംഗ്ടണ്‍സ് കേക്ക് തീറ്റ മത്സരത്തിലാണ് 60കാരിയായ വൃദ്ധ പങ്കെടുത്തത്. 

തേങ്ങയും ചോക്‌ലേറ്റും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്‌പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്. മത്സരം ആരംഭിച്ച് തുടക്കത്തിലെ വൃദ്ധയ്ക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. മത്സരത്തിൽ കേക്ക് കഴിക്കുന്നതിനിടെ വൃദ്ധയ്ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. തുടർന്ന് സംഘാടകര്‍ വൃദ്ധയ്ക്ക് വെള്ളം നൽകുകയും ചെയ്തു. 

വെള്ളം കൊടുത്തിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ മരണമടയുകയായിരുന്നു. മത്സരത്തിനിടെയുണ്ടായ ദുരന്തത്തില്‍ ബീച്ച് ഹൗസ് ഹോട്ടല്‍ ഫെയ്‌സ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ദിനാചരണത്തില്‍ തീറ്റ മത്സരം പ്രമുഖ ഇനം തന്നെയാണ്. മത്സരത്തിൽ വിജയിക്കുന്നവർക്ക് വമ്പൻ സമ്മാനങ്ങളാണ് നൽകുക.