വളര്‍ത്തുനായ്ക്കളെ കാഴ്ചയ്ക്ക് ഭംഗിയുള്ള തരത്തില്‍ കൊണ്ടുനടക്കാന്‍ പരിശ്രമിക്കുന്ന നിരവധി പേരുണ്ട് ഇന്ന്. ഇതിനായി എത്ര പണം വേണമെങ്കിലും ചിലവിടാന്‍ വരെ തയ്യാറാകുന്നവരുണ്ട്. മുഖവും തൊലിയും മുടിയുമെല്ലാം മിനുക്കാന്‍ മനുഷ്യര്‍ ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും പോകാറില്ലേ? അതുപോലെ 'പെറ്റ്‌സി'നും പ്രത്യേകം പാര്‍ലറുകള്‍ വരെ ഇപ്പോഴുണ്ട്. 

എങ്കിലും 'നാച്വറല്‍' ആയി വീണുകിട്ടുന്ന ഭംഗിയുടെ രസം ഒന്ന് വേറെത്തന്നെയാണ്. അതാണ് ഫൈന്‍ലി എന്ന മൂന്നുവയസുകാരന്‍ 'പെറ്റ് ഡോഗി'ന്റെ പ്രത്യേകത. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ സ്വദേശിയായ റെബേക്ക മന്‍ഡേ എന്ന ഇരുപത്തിയൊന്നുകാരിയുടെ വളര്‍ത്തുനായ് ആണ് ഫൈന്‍ലി. 

'സ്പ്രിംഗര്‍ സ്പാനിയേല്‍' എന്ന വിഭാഗത്തില്‍പ്പെടുന്ന നായയാണിത്. പൊതുവേ ഇവയുടെ ചെവിക്ക് മുകളിലായി ധാരാളം രോമങ്ങള്‍, മുടി പോലെ വളര്‍ന്ന് തൂങ്ങിക്കിടക്കാറുണ്ട്. ഫൈന്‍ലിയുടെ കാര്യത്തിലാണെങ്കില്‍, ചെറുപ്പം മുതല്‍ തന്നെ അവന്റെ മുടിക്ക് നല്ല കട്ടിയും നീളവുമുണ്ടായിരുന്നു. ഇടയ്ക്കിടെ വെട്ടിക്കൊടുക്കുന്നത് കുറച്ചതോടെ അവന്റെ മുടി കുറെക്കൂടി കട്ടിയില്‍ വളരാന്‍ തുടങ്ങി. 

 


(റെബേക്കയും ഫൈൻലിയും...)

 

വെറുതെ നടക്കാന്‍ പോകുമ്പോള്‍ തന്നെ വഴിയില്‍ വച്ച് കാണുന്നവരെല്ലാം ഫൈന്‍ലിയുടെ മുടിയില്‍ ആകൃഷ്ടരാകാറുണ്ടെന്ന് റെബേക്ക പറയുന്നു. അല്‍പം ശ്രദ്ധ കൂടി നല്‍കിയാല്‍ അതിനെ ഒന്നുകൂടി ഭംഗിയാക്കാമെന്ന് റെബേക്കയ്ക്ക് പതിയെ തോന്നിത്തുടങ്ങി. അങ്ങനെ റെബേക്ക ഫൈന്‍ലിയുടെ 'ഹെയര്‍സ്റ്റൈലി'ല്‍ പരീക്ഷണങ്ങള്‍ തുടങ്ങി. 

അത് വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ താരമാണ് ഫൈന്‍ലി. ധാരാളം പേരാണ് ഫൈന്‍ലിയെ 'ഫോളോ' ചെയ്യുന്നത്. ഇക്കാര്യത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും തുടര്‍ന്നും സൂക്ഷമതയോടുകൂടി ഫൈന്‍ലിയുടെ മുടി പരിപാലിക്കുമെന്നും റെബേക്ക പറയുന്നു.