ബുര്‍സ (തുര്‍ക്കി): ജനവാസമില്ലാത്ത നിരവധി ദ്വീപുകളുണ്ട്. അതിലൊന്നാണ് തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബർസയുടെ ഉലുവാബത്ത് തടാകത്തിന്റെ മധ്യത്തിലുള്ള 45 ഏക്കർ ദ്വീപ്. കൊറോണ കാലത്ത് ഈ ദ്വീപ് വാങ്ങാൻ നിരവധി പേരാണ് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്ന് തുര്‍ക്കി വാര്‍ത്താ വെബ്സൈറ്റ് ഹൂറിയെത് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ദ്വീപ് മൂന്ന് വർഷം മുമ്പ് അതിന്റെ ഉടമ നെദീം ബുലുത് വിൽപ്പനയ്ക്ക് വച്ചിരുന്നു. അന്നൊന്നും ആരും  ഈ ദ്വീപ് വാങ്ങാൻ അത്ര താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ആളുകള്‍ ദ്വീപ് വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നതിന്റെ കാരണം, കൊറോണ വൈറസ് ആണ്.

ഐസൊലേഷൻ തുടങ്ങിയതോടെ ആളുകൾ വീടുകളിൽ തന്നെയാണ്. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ഇതോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് വിൽപ്പനയ്ക്കിട്ട ദ്വീപിന്റെ പരസ്യം വീണ്ടും വൈറലാവുകയായിരുന്നു.

2.52 ദശലക്ഷം ഡോളര്‍ ആണ് ദ്വീപിന്‍റെ വില. 500 ഓലിവ് മരങ്ങള്‍ ദ്വീപിലുണ്ട്. യാതൊരു വിധത്തിലുള്ള നിര്‍മ്മാണവും നടത്താന്‍ അനുവദിക്കില്ല എന്നതാണ് ദ്വീപിന്‍റെ പ്രശ്നം. കര്‍ശനമായ പരിസ്ഥിതി ചട്ടക്കൂടിലാണ് ഇതുള്ളത്. പെലിക്കണ്‍, കൊക്കുകള്‍, താറാവ് എന്നിങ്ങനെ നിരവധി പക്ഷികളാണ് ദ്വീപിനെ ആശ്രയിച്ച് ജീവിക്കുന്നത്.

നിരവധി പേരാണ് ഈ ​ദ്വീപ് വാങ്ങാൻ മുന്നോട്ട് വരുന്നതെന്നും കൊറോണ വരുന്നതിന് മുൻപുള്ള സമയത്തെ അപേക്ഷിച്ച് ദ്വീപ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ എണ്ണം അഞ്ച് മടങ്ങ് വർദ്ധിച്ചതായി ഉടമ നെദീം പറയുന്നു. റാംസാർ കൺവെൻഷന് കീഴിലുള്ള സംരക്ഷിതസ്ഥലമാണിത്. നിർമ്മാണം ഇവിടെ അനുവദനീയമല്ല. എന്നിരുന്നാലും, ഒരു ബംഗ്ലാവ് ശൈലിയിലുള്ള വീട് പണിയാൻ അനുവദിക്കാം, ”- കാരക്കബി മേയർ അലി ഇസ്‌കാൻ പറയുന്നു.