പാചകത്തില്‍  നാം വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നുകൂടിയാണ് തേങ്ങാപ്പാല്‍. വിറ്റാമിൻ സി, കാത്സ്യം, അയണ്‍, എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു.

തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയാനും തേങ്ങാപ്പാല്‍ ശീലമാക്കാം. ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഉള്‍പ്പെടുത്താം.

ഇതിനു പുറമേ സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാല്‍ നല്ലതാണ്. തലമുടി, ചര്‍മ്മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും. ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാൽ ഉപയോ​ഗിച്ച് തല കഴുകുന്നത് തലമുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും. 

തേങ്ങാപ്പാല്‍ കൊണ്ടുള്ള ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. ഇതിനായി പകുതി അവൊക്കാഡോയും അരകപ്പ് തേങ്ങാപ്പാലും കൂടി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കാം. രണ്ട് മണിക്കുറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. തലമുടിയുടെ ആരോഗ്യത്തിന് ഇങ്ങനെ പതിവായി ചെയ്യുന്നത് നല്ലതാണ്. 

അതുപോലെ തന്നെ, ചർമ്മത്തിന് മ‍ൃദുലത നൽകാനും ചുളിവുകൾ അകറ്റാനും തേങ്ങാപ്പാൽ സഹായിക്കും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ഇവ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ മൂന്ന് തുള്ളി ബദാം ഓയിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകികളയാം. 

Also Read: അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് മുഖക്കുരു മാറ്റാം; വീഡിയോ പങ്കുവച്ച് മലൈക അറോറ