ലോകം മുഴുവന്‍ കൊവിഡ് ഭീതിയില് കഴിയുമ്‌പോള്‍ വൈറസിന്‌റെ വ്യാപനം തടയാന്‍ മതാചാരങ്ങളും വിവാഹങ്ങളും അടക്കം ആളുകള്‍ കൂട്ടമായെത്തുന്ന പരിപാടികളെല്ലാം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കാരായ ദമ്പതികള്‍ മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ച കപ്പലിലെ അവധി ആഘോഷവും ഇതില്‍ ഉള്‍പ്പെടും. തങ്ങളുടെ 53ാം വിവാഹ വാര്‍ഷികം പസഫിക് സമുദ്രത്തില്‍ കപ്പലില്‍ 10 ദിവസം ആഘോഷിക്കാനായിരുന്നു നോര്‍മ്മയും ഡേവ് ട്രില്ലും തീരുമാനിച്ചിരുന്നത്. 

കൊവിഡ് ഭീതിയില്‍ കപ്പല്‍ റദ്ദാക്കിയതോടെ ഇരുവരും ആഘോഷവും വേണ്ടെന്ന് വച്ചു. എന്നാല്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ മാതാപിതാക്കള്‍ക്ക് മകള്‍ ശരിക്കുമൊരു സര്‍പ്രൈസ് നല്‍കി. തങ്ങളുടെ വീട്ടില്‍ തന്നെ അവര്‍ ആ കപ്പല്‍ യാത്ര പുനരാവിഷ്‌കരിച്ചു. ഇതിന്റെ വീഡിയോ ഡേവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു 

വീട്ടിലെ വലിയ സ്‌കീനുള്ള ടിവിയില്‍ കടലിന്റെ ദൃശ്യങ്ങള്‍ പ്ലേ ചെയ്ത് മുന്നില്‍ ബത്ത് ടവ്വല്‍ ധരിച്ച് കയ്യില്‍ വൈന്‍ നിറച്ച ഗ്ലാസുമായി കാല്‍ മുകളിലേക്ക് ഉയര്‍ത്തിവച്ച് ആ ദമ്പതികള്‍ നഷ്ടപ്പെട്ട ദിവസങ്ങള്‍ ആഘോഷിച്ചു. നിരവധി പേരാണ് ഇവരുടെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോയ്ക്ക് ആശംസകളുമായെത്തിയത്. 'കപ്പല്‍ യാത്ര റദ്ദാക്കിയാലെന്താ, വീട്ടില്‍ ആഘോഷിക്കും' എന്നൊക്കെയുള്ള കമന്റുകളും ആളുകള്‍ നല്കുന്നുണ്ട്.