കേപ്ടൗൺ: വിലപിടിപ്പുള്ളത് കഴിക്കാനാണ് ഈ നായയ്ക്ക് ഇഷ്ടമെന്ന് തോന്നും ഈ വാർത്ത കേട്ടാൽ. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ഉടമസ്ഥന്റ വിവാഹമോതിരമാണ് ഈ വളർത്തുനായ വിഴുങ്ങിയത്. വില കൊണ്ട് മാത്രമല്ലല്ലോ, മറ്റ് പല കാരണങ്ങൾ കൊണ്ടും വിവാഹ മോതിരം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അറിഞ്ഞു കൊണ്ടല്ല, അബദ്ധത്തിലാണ് വിഴുങ്ങിയതെന്ന് പെപ്പർ എന്ന് പേരുളള നായ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നുണ്ട്. 

വാലിഫാം അനിമൽ ഹോസ്പിറ്റലിൽ അഡ്മിറ്റായതിന് ശേഷമാണ് ഇപ്പോൾ വിവാഹമോതിരം എവിടെയാണ് ഉള്ളത് എന്നതിന്റെ ഫോട്ടോ സഹിതം പെപ്പർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു തമാശക്കുറിപ്പുമുണ്ട്, ''എന്റെ പേര് പെപ്പർ. എന്നെ കാണുമ്പോൾ എന്തോ പോലെ തോന്നുന്നുണ്ടോ? ഉണ്ടാകും, കാരണം ഡോക്ടർമാർ ഛർദ്ദിക്കാൻ വേണ്ടിയുള്ള എന്തോ ഒന്ന് എനിക്ക് നൽകിയിട്ടുണ്ടായിരുന്നു. വെറുതെയല്ല എനിക്കവർ നൽകിയത്. ഞാൻ എന്റെ ഉടമയുടം വിവാഹമോതിരമാണ് കഴിച്ചത്.'' കുറിപ്പ് ഇങ്ങനെ. 

കൂടുതലൊന്നും ചോദിക്കരുത്. ഇതൊരു നല്ല ആശയമാണെന്ന് കരുതിയാണ് പങ്ക് വയ്ക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ഒപ്പമുള്ള ചിത്രത്തിൽ പെപ്പറിന്റെ വയറിനുള്ളിലെ എക്സേറയുമുണ്ട്. വിഴുങ്ങിയ വിവാഹമോതിരം സുരക്ഷിതമായി തന്നെ അവന്റെ വയറ്റിലുണ്ടെന്ന് എക്സ്റേയിൽ നിന്ന് വ്യക്തമാണ്. അവസാനം പെപ്പറിനെ ഛർദ്ദിപ്പിച്ച് മൃ​ഗഡോക്ടർമാർ മോതിരം തിരികെയെടുത്തും. ഉടമയ്ക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.