കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിച്ച ഒരു ചിത്രമാണിത്. കാഴ്ചയ്ക്ക് വളരെ 'ക്യൂട്ട്' ആയിത്തോന്നുന്ന ഈ സുന്ദരന്‍ ജീവി, പക്ഷേ ഏത് വര്‍ഗത്തില്‍പ്പെടുന്നതാണെന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. 

താറാവിന്റെ കൊക്കിനെ ഓര്‍മ്മിപ്പിക്കുന്ന ചുണ്ട്, നിഷ്‌കളങ്കമായ കണ്ണുകള്‍, കുഞ്ഞിക്കൈകളും കാലുകളും. ഒരു മനുഷ്യന്റെ കൈവെള്ളയില്‍ വളരെ ശാന്തമായി ഇരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. കൈവെള്ളയില്‍ കൊള്ളാവുന്നയത്രയും ചെറിയ, ഭംഗിയുള്ള ജീവിയെ കണ്ടവര്‍ക്കെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ടു. 

 

 

എന്നാല്‍ ഏതിനത്തില്‍പ്പെടുന്നതാണെന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. ഇതിനിടെ, ജലത്തില്‍ ജീവിക്കുന്ന ഒരിനം സസ്തനിയുടെ കുഞ്ഞാണ് ഇതെന്ന് അവകാശപ്പെട്ട് പലരും രംഗത്തെത്തി. വൈകാതെ ഈ വാദം പൊളിഞ്ഞു. ഒടുക്കം എല്ലാവരും ചേര്‍ന്ന് കണ്ടെത്തുക തന്നെ ചെയ്തു. 

സെര്‍ബിയയിലുള്ള ഒരു ശില്‍പി പണിഞ്ഞ കുഞ്ഞ് ശില്‍പമാണിതത്രേ. വ്‌ളാദ്മിര്‍ മാറ്റിക് എന്ന ശില്‍പിക്ക് ഇതുപോലുള്ള 'ഫാന്റസി' രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് കമ്പം. ഏതായാലും താനുണ്ടാക്കിയ ശില്‍പങ്ങളില്‍ ഏറ്റവും 'ക്യൂട്ട്' ഈ കുഞ്ഞന്‍ തന്നെയാണെന്നാണ് വ്‌ളാദ്മിര്‍ മാറ്റിക് പറയുന്നത്. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയില്‍ തന്റെ സൃഷ്ടിക്ക് ലഭിച്ച വ്യാപകമായ പ്രശംസയില്‍ സന്തോഷവാനാണ് വ്‌ളാദ്മിര്‍.