Asianet News MalayalamAsianet News Malayalam

ജീവിച്ചിരിക്കെ സംസ്കാര ചടങ്ങുകള്‍ നടത്തി കൊടുക്കുന്ന ധ്യാനകേന്ദ്രം; തികച്ചും സൗജന്യം

ജീവിതത്തോടുള്ള ആളുകളുടെ സമീപനം മാറുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് ധ്യാനകേന്ദ്രത്തിലെ അധികൃതർ പറയുന്നത്. 

Healing Center in South Korean offering free funerals for living
Author
South Korea, First Published Nov 6, 2019, 2:40 PM IST

സിയോൾ: ജീവിച്ചിരിക്കുന്ന ആളുകൾക്ക് സൗജന്യമായി സംസ്കാര ചടങ്ങുകൾ അനുകരിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ദക്ഷിണ കൊറിയയിലെ ഒരു ധ്യാനകേന്ദ്രം. ദക്ഷിണ കൊറിയയിലെ ഹയോവോൻ ഹീലിം​ഗ് സെന്ററാണ് ആളുകൾക്ക് സംസ്കാര ചടങ്ങുകൾ അനുകരിക്കുന്നതിനുള്ള അവസരമൊരുക്കുന്നത്. എന്നാൽ, എന്തിനാണ് ജീവിച്ചിരിക്കെ ഇത്തരത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതെന്ന സംശയം പലർക്കും ഉയർന്നിട്ടുണ്ടാകാം.

ജീവിതത്തോടുള്ള ആളുകളുടെ സമീപനം മാറുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ധ്യാനകേന്ദ്രത്തിലെ അധികൃതർ പറയുന്നു. സ്വന്തം ജീവിതത്തെ വിലമതിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിച്ച് അവരുമായി വീണ്ടും ഒത്തു ചേരാനും സഹായിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഇത്തരമൊരു പരിപാടി തുടങ്ങിയതെന്നും ഹയോവോൻ ഫ്യൂണറൽ കമ്പനി ഉടമ ജിയോങ് യോങ് മൺ കൂട്ടിച്ചേർത്തു.

നമുക്ക് 'എന്നേന്നേക്കും' എന്നൊന്നില്ല. അതുകൊണ്ട് തന്നെ അനുഭവം വളരെ പ്രധാനപ്പെട്ടതാണ്. മാപ്പപേക്ഷിക്കലും ഒത്തുചേരലും വേഗത്തിലാക്കിയാൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാനാകും. നമ്മൾ വളരെ വിലപ്പെട്ടതാണെന്ന് ഓരോരുത്തരും മനസിലാക്കണം. നിങ്ങൾ പോയിക്കഴിഞ്ഞാൽ ആരെങ്കിലുമൊക്കെ വളരെയധികം വേദനിക്കും. സന്തോഷം ഇപ്പോഴാണ്, ഈ നിമിഷത്തിലാണ്, അത് മനസിലാക്കണമെന്നും ജിയോങ് യോങ് മൺ വ്യക്തമാക്കി.

മരണത്തെക്കുറിച്ച് ഒരിക്കൽ ബോധവാന്മാരായി കഴിഞ്ഞാൽ, അത് അനുഭവിച്ചു കഴിഞ്ഞാൽ, പിന്നീട് നിങ്ങൾക്ക് ജീവിതത്തോടുള്ള സമീപനം മാറുമെന്ന് ഡൈയിങ് വെൽ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുത്ത 75കാരൻ ചോ ജെയ്-ഹീ പറഞ്ഞു. യുവാക്കൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. 2012ൽ പ്രവർത്തനമാരംഭിച്ചത് മുതൽ മരണം അനുകരിച്ച് ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ഇതുവരെ ഇവിടെയെത്തിയത് 25,000ലേറെ ആളുകളാണ്.

അന്ത്യാഭിലാഷങ്ങൾ എഴുതി, ആവരണങ്ങൾ ധരിച്ച് മരണശേഷമുള്ള എല്ലാ ചടങ്ങുകളും നടത്തി പത്ത് മിനിറ്റോളമാണ് ശവപ്പെട്ടിയിൽ കഴിയുന്നത്. മറ്റുള്ളവരെ മത്സര ബുദ്ധിയോടെ മാത്രം കണ്ടിരുന്നതൊക്കെ എന്തിനാണെന്നാണ് ശവപ്പെട്ടിയിൽ കിടക്കുന്ന സമയത്ത് താൻ‌ ചിന്തിച്ചെന്ന് വിദ്യാർത്ഥിയായ ചോയി ജിൻ ക്യു പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ മരണത്തെക്കുറിച്ച് അറിയുന്നതും അതിന് തയ്യാറെടുക്കുന്നതും വളരെ നല്ലതാണെന്നാണ് അസാൻ മെഡിക്കൽ സെന്ററിലെ പത്തോളജി വകുപ്പ് പ്രൊഫസർ യു യുൻ സില്ലിന്റെ അഭിപ്രായം.   
 
 
 
 
 

Follow Us:
Download App:
  • android
  • ios