സിംഗപ്പൂര്‍: സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ഇതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. കോടിക്കണക്കിന് രൂപ വരെ ചെലവഴിക്കുന്നവരുമുണ്ട്. എന്നാല്‍ ഒരു വീട് സ്വന്തമാക്കാന്‍ ഇനി കാത്തിരിക്കേണ്ട, ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി. വീട് പാഴ്സലായെത്തും!

സിംഗപ്പൂരില്‍ പ്ലഗ് ആൻഡ് പ്ലേ രീതിയിലുള്ള ഇത്തരം പ്രീ-ഫാബ് വീടുകളുടെ ഓണ്‍ലൈന്‍ പ്രീബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിരപ്പുള്ള സ്ഥലത്ത് എടുത്ത് വെച്ച് വെള്ളം, വൈദ്യുതി, ടെലിഫോണ്‍ലൈനുകള്‍ എന്നിവ കണക്ട് ചെയ്താല്‍ മാത്രം മതി. വീട്ടില്‍ താമസം തുടങ്ങാം. ലോകത്തെവിടെയും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലുള്ള വീടുകള്‍ എത്തിച്ചു നല്‍കുമെന്നാണ് നെസ്ട്രോൺ എന്ന കമ്പനി പറയുന്നത്. 

Read More; കുറഞ്ഞ ട്യൂഷന്‍ ഫീസും തൊഴില്‍ സാധ്യതയും; വിദേശപഠനം സ്വപ്നം കാണുന്ന യുവാക്കളുടെ ഇഷ്ട രാജ്യങ്ങള്‍ ഇവയാണ്

ഒരു ബെഡ്റൂം, ബാത്ത്റൂം, അടുക്കള, ലിവിങ് ഏരിയ, എന്നിവയടങ്ങുന്ന വീട്ടില്‍ തീന്‍മേശ, സോഫ, ടെലിവിഷന്‍, അലമാര, വാട്ടര്‍ ഹീറ്റര്‍, വാഷിങ് മെഷീന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. വീട്ടിലെ ഉപകരണങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ നിയന്ത്രിക്കാന്‍ കാനി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അസിസ്റ്റന്‍റിന്‍റെ സഹായവുമുണ്ടാകും. 260 ചതുരശ്രയടി മുതല്‍ വിസ്തീര്‍ണമുള്ള മോഡലുകള്‍ മുതല്‍ ലഭ്യമാണ്. ഏകദേശം 10 ലക്ഷം രൂപ മുതലാണ് വീടിന്‍റെ വില. കൊടുങ്കാറ്റിനെയും ഭൂമി കുലുക്കത്തെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന നെസ്ട്രോണിന്‍റെ ഈ വീടുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചെങ്കിലും എന്നുമുതല്‍ വീടുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടില്ല.