ലോകമൊട്ടാകെയുള്ള രാജ്യങ്ങള്‍ കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയില്‍ വിറങ്ങലിച്ച് നില്‍ക്കേ, വൈറസിന്റെ ഉറവിടകേന്ദ്രമായ ചൈന സാധാരണനിലയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ വുഹാനില്‍ ഒരു മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് ബാധ ആദ്യമായി സംഭവിച്ചതെന്ന് കരുതപ്പെടുന്നത്. 

ഈ വാര്‍ത്ത പുറത്തുവന്നതിന് ശേഷം ആദ്യം തന്നെ മാംസ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ച ചൈന അധികം വൈകാതെ ചില മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് 19 ഭീതിയില്‍ നിന്ന് അല്‍പമൊന്ന് ഉണര്‍ന്നപ്പോഴേക്ക് ചൈനയിലെ മാംസ മാര്‍ക്കറ്റുകള്‍ സജീവമാകാന്‍ തുടങ്ങിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

പട്ടി, പൂച്ച, പാമ്പ്, വവ്വാല്‍, പല്ലി എന്ന് തുടങ്ങി പല ജീവികളുടേയും മാംസം ഉപയോഗിക്കുന്നവരാണ് ചൈനയില്‍ അധികവുമുള്ളത്. വൈറസിന്റെ ഉറവിടം സൂക്ഷ്മമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പലതരം മാംസങ്ങള്‍ ഭക്ഷിക്കുന്നത് വീണ്ടും അപകടഭീഷണി ഉയര്‍ത്തുമെന്ന് നേരത്തേ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഈ മുന്നറിയിപ്പുകളൊന്നും വക വയ്ക്കാതെയാണ് ഇപ്പോള്‍ മാംസ മാര്‍ക്കറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് പല മാര്‍ക്കറ്റിലുമുള്ളതെന്ന ആരോപണവും ഉയരുന്നുണ്ട്. ആകെ 81,000ത്തിലധികം കൊവിഡ് 19 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,300 പേര്‍ മരിച്ചു.  75,000ത്തിലധികം പേര്‍ രോഗത്തെ അതിജീവിച്ചു.