ഓൺലൈൻ പോർണോഗ്രാഫി പല രാജ്യങ്ങളും ഒരു സാമൂഹിക പ്രശ്നമായിത്തന്നെ കണക്കാക്കുന്ന ഒന്നാണ്. ഓൺലൈൻ പോൺ സൈറ്റുകളിൽ നിന്ന് കാണുന്ന പോൺ സിനിമകളിലെ പോലെയാണ് യഥാർത്ഥ ജീവിതത്തിലും എന്ന് ധരിച്ച്, അതുപോലുള്ള പ്രതികരണങ്ങൾ നിത്യജീവിതത്തിലെ സ്ത്രീകളിൽ നിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിൽ പലതും പ്രവർത്തിക്കുന്ന കൗമാരക്കാർ ഒടുവിൽ അതിന്റെ പേരിൽ ചെന്നുചാടുന്നത് പലപ്പോഴും ക്രിമിനൽ കേസുകളിലാകും. അത്തരത്തിലുള്ള അപകടങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിനായി വളരെ ക്രിയേറ്റിവ് ആയ ഒരു ബോധവൽക്കരണ പരസ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ഗവണ്മെന്റ്.

 

 

 

കൗമാരക്കാരനായ ഒരു മകൻ ഉള്ള വീട്ടമ്മ. ഒരു ഒഴിവുദിവസം രാവിലെ, പൂർണ്ണ നഗ്നരായ രണ്ടു പേർ, മസിൽമാനായ ഒരു യുവാവും, സുന്ദരിയായ ഒരു സ്ത്രീയും, അവരുടെ വാതിൽക്കൽ വന്ന് കോളിംഗ് ബെൽ അടിക്കുന്നു. അറിയപ്പെടുന്ന പോൺ സ്റ്റാർസ് ആണ് അവർ ഇരുവരും. കണ്മുന്നിൽ പൂർണ്ണ നഗ്നരായ രണ്ടുപേരെ കണ്ട ആ അമ്മ ഞെട്ടുന്നു. എങ്കിലും മനസ്സാന്നിധ്യം വെടിയാതെ കാര്യം തിരക്കുന്നു. 

" എന്റെ പേര് സൂ, ഇത് ഡെറിക്ക്. നിങ്ങളുടെ മകൻ ഞങ്ങളെ ഓൺലൈനിൽ അന്വേഷിച്ചിരുന്നു. അതാണ് ഞങ്ങൾ നേരിട്ടുതന്നെ വന്നത്. "

മറുപടി കേട്ട് ആകെ പരിഭ്രമിച്ചുപോയ ആ അമ്മ കൗമാരക്കാരനായ തന്റെ മകനെ വിളിക്കുന്നു. 

മകൻ എത്തും മുമ്പേ, അമ്മ അതിഥികളോട് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നു, " എന്റെ മകൻ നിങ്ങളെ ഓൺലൈനിൽ അന്വേഷിച്ചു എന്നോ? എന്തിന്?" 

"ഉവ്വ്.. നിങ്ങളുടെ ഫോണിൽ, അവന്റെ ഫോണിൽ,  സ്മാർട്ട് ടിവിയിൽ, പ്രൊജക്ടറിൽ അങ്ങനെ പലയിടത്തുമായി. ഞങ്ങൾ ആക്ച്വലി, മുതിർന്നവർക്കുവേണ്ടി ആണ് ഓൺലൈനിൽ വരുന്നത്. നിങ്ങളുടെ മകൻ അതിനുള്ള പ്രായമായിട്ടില്ലാത്ത ഒരു കുട്ടിയല്ലേ..? അവന് ചിലപ്പോൾ ബന്ധങ്ങളെപ്പറ്റിയൊന്നും കൃത്യമായ ധാരണകാണില്ല. ഞങ്ങൾ ചെയ്യുന്നത് കണ്ടാകും ചിലപ്പോൾ അവൻ പഠിക്കുക. ഞങ്ങൾ ബന്ധപ്പെടുമ്പോൾ 'അനുവാദം' എന്നൊരു വാക്കുപോലും പറയാറില്ല.

നേരെ അങ്ങ് ബന്ധപ്പെടുന്നതാണ് കാണിക്കുക പതിവ്. എന്നാൽ, ഞങ്ങൾ രണ്ടു പേരും ശരിക്ക്, സ്വന്തം ജീവിതങ്ങളിൽ അങ്ങനെ ചെയ്യുന്നവരല്ല. ഞങ്ങൾ ഓൺലൈൻ പോൺ സൈറ്റുകളിൽ ചെയ്യുന്നത് കണ്ടിട്ട് അവൻ പഠിച്ചാൽ, ചിലപ്പോൾ അതവന് ജീവിതത്തിൽ ദോഷം ചെയ്യും. അതൊന്ന് പറയാനാണ് ഞങ്ങൾ നേരിട്ട് തന്നെ ഇങ്ങു വന്നത്..."
 
സംഭാഷണം ഇത്രയുമായപ്പോഴേക്കും, വീട്ടിനുള്ളിൽ നിന്ന് ഒരു കയ്യിൽ ഭക്ഷണത്തിന്റെ പാത്രവും, മറുകയ്യിൽ ലാപ്ടോപ്പുമായി അമ്മയുടെ മകൻ പുറത്തേക്ക് വരുന്നു. കണ്മുന്നിൽ കണ്ട ആ കാഴ്ച അവനെയും ഞെട്ടിക്കുന്നു. അവന്റെ കയ്യിൽ നിന്ന് ഭക്ഷണപ്പാത്രം താഴെ വീണുടയുന്നു. 

പിന്നെ കാണിക്കുന്നത്, മനസ്സാന്നിധ്യം വീണ്ടെടുത്ത് മകനോട് ഓൺലൈൻ പോർണോഗ്രഫിയുടെ അപകടങ്ങളെപ്പറ്റിയും പോൺ സിനിമകളിലെ രംഗങ്ങളും അതിൽ കാണിക്കുന്ന ബന്ധങ്ങളും, യഥാർത്ഥജീവിതത്തിലെ ബന്ധങ്ങളും തമ്മിലുള്ള അജഗജാന്തരവും ഒക്കെ വിശദീകരിച്ചു നൽകുന്ന അമ്മയെയാണ്.

ഒടുവിൽ ന്യൂസിലാൻഡിൽ സെക്സിനെപ്പറ്റി ഓൺലൈൻ പോർണോഗ്രാഫിയിലൂടെ പഠിക്കാൻ ശ്രമിക്കുന്ന നിരവധി കൗമാരക്കാരുണ്ട് എന്നും അങ്ങനെ പല അബദ്ധ ധാരണകളും അവർ മനസ്സിലേറ്റുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട്, ലൈംഗികയെപ്പറ്റി യഥാർത്ഥമായ ധാരണകൾ മാത്രം ഉണ്ടാക്കിയെടുക്കാൻ സ്വന്തം മക്കളെ രക്ഷിതാക്കൾ വേണം സഹായിക്കാൻ എന്ന സന്ദേശം നൽകിയാണ് ഈ ബോധവൽക്കരണ പരസ്യം അവസാനിപ്പിക്കുന്നത്. 'കീപ്പ് ഇറ്റ് റിയൽ ഓൺലൈൻ' എന്ന ന്യൂസിലൻഡ് ഗവണ്മെന്റിന്റെ ഈ കാമ്പെയിൻ ഇതിനകം തന്നെ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.