സുരക്ഷിത ലൈംഗികബന്ധത്തിനും ഗര്‍ഭനിരോധനത്തിനും വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്നറിയാമല്ലോ. എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടും പലരും ഇതുപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്നാണ് സമീപകാലത്തെ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

പ്രായം, മാനസികാരോഗ്യം, ശാരീരികാരോഗ്യം, ലൈംഗികബന്ധത്തിലെ പങ്കാളിയുമായുള്ള ബന്ധം എന്നിങ്ങനെ പല ഘടകങ്ങളും 'കോണ്ടം' ഉപയോഗത്തെ സ്വാധീനിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്ന ഒരു പുതിയ പഠനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

സുരക്ഷിതമായ ലൈംഗികതയെന്ന ചിന്ത ഒരു വ്യക്തിയില്‍ ഉടലെടുക്കുന്നത് എപ്പോഴായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. നൂറ് ശതമാനം വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത പങ്കാളിയാണ് കൂടെയുള്ളതെങ്കിലല്ലേ ഇത്തരത്തില്‍ സുരക്ഷയെപ്പറ്റി ഏറെ ചിന്തിക്കേണ്ടിവരിക!

സംഗതി സത്യമാണെന്നാണ് കാനഡയിലെ 'മെക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനവും സ്ഥാപിക്കുന്നത്. അതായത്, താല്‍ക്കാലികമായ ബന്ധങ്ങളിലാണത്രേ ഏറ്റവുമധികം 'കോണ്ടം' ഉപയോഗിക്കപ്പെടുന്നത്. ആകെ 'കോണ്ടം' ഉപയോഗത്തില്‍ ഏതാണ്ട് 85 ശതമാനവും ഇത്തരത്തിലുള്ളതാണെന്നാണ് പഠനം പറയുന്നത്. 

വിവാഹിതര്‍, അതുപോലെ 'ലിവിംഗ് ടുഗെദര്‍' ബന്ധത്തിലുള്ളവര്‍ എന്നിവര്‍ 'കോണ്ടം' ഉപയോഗം വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസവും 'കോണ്ടം' ഉപയോഗവും തമ്മില്‍ ബന്ധമുള്ളതായും പഠനം സ്ഥാപിക്കുന്നുണ്ട്. അഭ്യസ്തവിദ്യരായവരാണ് ഏറ്റവുമധികം 'കോണ്ടം' ഉപയോഗിക്കുന്നതത്രേ. പൊതുജനാരോഗ്യവും ലൈംഗികവിദ്യാഭ്യാസവും മുന്‍നിര്‍ത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

കാനഡയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇത് ഓരോ സ്ഥലങ്ങളിലും അവിടങ്ങളിലെ സാമൂഹിക-സാംസ്‌കാരിക അവസ്ഥകളിലെയൊക്കെ വ്യതിയാനത്തിന് അനുസരിച്ച് മാറാനുള്ള സാധ്യതകള്‍ കൂടുതലാണ്.