കൊറോണാ വൈറസ് ബാധ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പല ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അവശ്യ സർവീസ് അല്ലാത്ത എല്ലാറ്റിനും പ്രവർത്തന വിളക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ നിർബന്ധമായും അടക്കേണ്ടി വന്ന ഒരു സ്ഥാപനമാണ് ഒറിഗണിലെ പോർട്ട്ലാൻഡിൽ ഉള്ള ലക്കി ഡെവിൾ സ്ട്രിപ്പ് ക്ലബ്. രാത്രി ഏഴുമണി മുതൽ പാതിരാ വരെ യുവതികൾ സന്ദർശകർക്ക് മുന്നിൽ ഉടുതുണിയഴിച്ചും ലാപ്പ് ഡാൻസ് ചെയ്തും മറ്റും അവരെ ആനന്ദിപ്പിക്കുന്ന സ്ട്രിപ്പ് ക്ലബുകൾ അമേരിക്കയിലെ മറ്റു പല സ്റ്റേറ്റുകളിലും എന്ന പോലെ ഒറിഗണിലും നിയമവിധേയമാണ്. 

എന്നാൽ, പോർട്ട്ലാൻഡ് ടൗണിലെ എല്ലാ സ്ട്രിപ്പ് ക്ലബുകളും അടിയന്തരമായി അടച്ചു പൂട്ടണം എന്ന് കൊവിഡ് 19 ഭീതി പരന്നതോടെ ഗവർണർ ഉത്തരവിട്ടു. അതോടെ ക്ലബ് ഉടമ ഷോൺ ബോൾഡണ് ഒരു സുപ്രഭാതത്തിൽ തന്റെ ക്ലബിന്റെ ഷട്ടർ ഇടേണ്ടി വന്നു. അങ്ങനെ സംഭവിച്ചതോടെ ഉപജീവനമില്ലാതെയാകാൻ പോയത് ആ ക്ലബിൽ രാത്രി പെർഫോം ചെയ്തുകൊണ്ട് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന പത്തിരുപതു സ്ട്രിപ്പർ യുവതികൾക്കാണ്. 

അവരെ എങ്ങനെ പുനരധിവസിപ്പിക്കാൻ, അവർക്ക് ശമ്പളം നൽകാൻ എങ്ങനെ പണം കണ്ടെത്താം എന്ന ആലോചനയാണ് ഫുഡ് ഡെലിവറി എന്ന ആശയത്തിലേക്ക് ഷോണിനെ കൊണ്ടുവരുന്നത്. സംഗതി ലക്കി ഡെവിൾ ഒരു സ്ട്രിപ്പ് ക്ലബ് ആയിരുന്നു എങ്കിലും അവിടെ ഫുഡ് ആൻഡ് ബിവറേജസും ഷോൺ സന്ദർശകർക്കായി വിളമ്പിയിരുന്നു. സ്ട്രിപ്പിങ് നിരോധിക്കുകയും ആളുകൾ പുറത്തിറങ്ങുന്നത് കുറയുകയും ചെയ്തതോടെ മറ്റെന്തു ചെയ്യാം എന്നായി ഷോണിന്റെ ചിന്ത. എല്ലാ പ്രതിസന്ധിയിലും ഒരു അവസരം ഒളിഞ്ഞിരിപ്പുണ്ടാവും എന്നാണ്. ഇവിടെ ഷോണും അങ്ങനെ ഒരു അവസരം കണ്ടു. 


 

തന്റെ സ്ട്രിപ്പർ  യുവതികളെ വെച്ച് ഒരല്പം വ്യത്യസ്തമായ രീതിയിൽ നല്ല ചൂടൻ ഫുഡ് ഡെലിവറിയാണ് ;'ബൂബർ ഈറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഷോണിന്റെ പുതിയ സംരംഭത്തിന്റെ യുഎസ്‌പി. എന്നാൽ, ഡെലിവറിക്ക് വരുന്നത് സ്ട്രിപ്പർമാരാണ് എന്ന് കരുതി അവരോട് മോശമായി പെരുമാറാൻ എന്നാരും ധരിക്കേണ്ടതില്ല, കൂടെ അതേ ക്ലബ്ബിലെ ബൗൺസർമാരെയും ഒരു ബലത്തിനായി ഡെലിവറിക്ക് വിടുന്നുണ്ട് ഷോൺ. അതുകൊണ്ട് തല്ക്കാലം ശ്രദ്ധ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിൽ മാത്രം മതി എന്നാണ് അദ്ദേഹം പറയുന്നത്.