Asianet News MalayalamAsianet News Malayalam

ഈ ചൂടുകാലത്ത് മെട്രോയിൽ കയറൂ, മാളുകളിൽ ചുറ്റിനടക്കൂ, ഗുണമുണ്ട്; വൈറലായി കുറിപ്പ്

ചൂടുകാലത്ത് കുറഞ്ഞത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ചെലവഴിക്കുന്നത് അത്യുത്തമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. 

tips for summer season care
Author
Thiruvananthapuram, First Published Feb 23, 2020, 1:49 PM IST

വേനലിങ്ങനെ കനക്കുമ്പോൾ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തേണ്ടതുണ്ട്. വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമായി കാണരുത്. ചൂടുകാലത്ത് കുറഞ്ഞത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ചെലവഴിക്കുന്നത് അത്യുത്തമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. 

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഡോ. സുല്‍ഫി തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. 

കുറിപ്പ് വായിക്കാം...

നമ്മൾ മലയാളികൾക്ക് ഏറ്റവും എളുപ്പം എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങൾ കിട്ടുക സിനിമ തീയറ്ററുകളിലും മെട്രോ ട്രെയിനിലും ലോ ഫ്ലോർ ബസ്സിലും ഷോപ്പിംഗ് മാളുകളിലും ചില കടകളിലും മാത്രമാണ്. അപ്പൊ പിന്നെ മെട്രോയിൽ കയറി അല്ലെങ്കിൽ ലോ ഫ്ലോർ ബസ്സിൽ കയറി ഷോപ്പിംഗ് മാളുകളിൽ വിൻഡോ ഷോപ്പിങ് നടത്തി ഒരു സിനിമയും കണ്ടു വേനൽക്കാലം നമുക്ക് ആഘോഷമാക്കാം .

ലഭ്യമായ സംവിധാനങ്ങളൊക്കെയോന്ന് അടുക്കി പെറുക്കി വെച്ച് കൃത്യമായ സമയങ്ങളിൽ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ , സംഭവം അടിപൊളി!

മദ്യപാനം കഴിവതും ഒഴിവാക്കുക. കോഫി ,കഫീൻ കലർന്ന പാനീയങ്ങൾ ഒട്ടുമേ വേണ്ട. പ്രോട്ടീൻ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ആഹാരം ഒരല്പം കുറയ്ക്കാം . ആഹാരം മൂന്നു നേരംമെന്നുള്ളത്തിനു പകരം പലതവണയായി കഴിക്കുന്നത് കൂടുതൽ ഉചിതം.

രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കണം. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിച്ചു കൊണ്ടിരിക്കണം. ഇനി വളരെ ലൂസ് ആയ കോട്ടൺ വസ്ത്രങ്ങൾ മതി. കിടക്കാൻ ഉപയോഗിക്കുന്ന മെത്തയിൽ വളരെ കട്ടിയുള്ള കുഷൻ വേണ്ട. വളരെ കട്ടികുറഞ്ഞ ബെഡ് ഷീറ്റാണ് അത്യുത്തമം. 

ലോകാരോഗ്യ സംഘടനയുടെ നവീകരിച്ച നിർദ്ദേശങ്ങളിൽ കടുത്ത കായിക അധ്വാനമുള്ള ജോലികൾ ചെയ്യാൻ പറ്റിയ സമയം രാവിലെ 4 മണി മുതൽ 7 മണി വരെയത്രെ. പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഒന്ന് ശ്രമിക്കാവുന്നതാണ്.

വീട് ഒന്ന് തണുപ്പിക്കാൻ ചില പൊടിക്കൈകൾ ഉപയോഗിക്കാവുന്നതാണ്. രാത്രികാലങ്ങളിൽ 24 ഡിഗ്രി സെൽഷ്യസിന് താഴെയും പകൽസമയം 32 ഡിഗ്രി സെൽഷ്യസിനും താഴെയും മുറികളുടെ താപനില ക്രമപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന. വളരെ മുതിർന്നവരിലും നവജാത ശിശുക്കളിലും ഗുരുതരമായ രോഗങ്ങളുള്ളവരിലും ഇങ്ങനെ ക്രമീകരിക്കുന്നത്‌ വളരെ നല്ലത്.

അതവിടെ നിൽക്കട്ടെ , നമുക്ക് ജനലുകൾ ഒക്കെ തുറന്നിടാം രാത്രികാലങ്ങളിൽ . പകൽ സമയം സൂര്യപ്രകാശം നേരിട്ട് വീഴുന്ന ജനലുകളും വാതിലുകളും അടച്ചിടാം. ഉറങ്ങാൻ ലഭ്യമായതിൽ ഏറ്റവും ചൂടു കുറഞ്ഞ മുറി ഉപയോഗിക്കാം. നനഞ്ഞ ടവ്വലുകൾ മുറിയിൽ സൂക്ഷിക്കുന്നത് കൂടുതൽ ഉചിതം. വലിയ ചൂടുള്ള സമയത്ത് കഴിവതും വീടിനുള്ളിൽ തന്നെ നമുക്ക് സമയം ചെലവാക്കാം. പുറത്തുപോയാൽ തണൽ കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിൽ നിൽക്കണം. ടോവിനോ സ്റ്റൈലിൽ ഒരു സണ്ഗ്ലാസ് ആയിക്കോട്ടെ ,പകൽ സമയം .

കുട്ടികളെയും വളർത്തുമൃഗങ്ങളെയും കാറിനുള്ളിൽ അടച്ചിട്ട നിലയിൽ പകൽസമയങ്ങളിൽ ഒരിക്കലും ഇരുത്തരുത്. ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായ താപനിലയിൽ സൂക്ഷിക്കുന്നതിന് കഴിവതും റഫ്രിജറേറ്റർ ഉപയോഗിക്കുക.ഇങ്ങനെയൊക്കെ ചെയ്താലും ഒരു പക്ഷെ സൂര്യാഘാതമേറ്റാൽ അതിന്‍റെ ലക്ഷണങ്ങൾ പുറത്തുവന്നാൽ അതായത്,  അമിതമായ ഉത്കണ്ഠ, പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥ, കഠിനമായ ദാഹം, ശരീരത്തിലെ ഉയർന്ന താപനില, എന്നിവ കണ്ടാൽ ഉടൻ ലഭ്യമായ ഏറ്റവും തണുപ്പുള്ള സ്ഥലത്തേക്ക് മാറുക.

ധാരാളം വെള്ളം കുടിക്കുക. ശരീരതാപനില താഴുന്നില്ല, മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ നിലനിൽക്കുന്നുവെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടുക. 

Follow Us:
Download App:
  • android
  • ios