പാമ്പുകളെ 'പെറ്റ്' ആയി വളര്‍ത്തുന്ന സംസ്‌കാരം പൊതുവേ നമ്മുടെ നാട്ടിലില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും ഇത്തരമൊരു സംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് പോലെ, പാമ്പുകളേയും അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാറുണ്ട്. 

അത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ ഒരു കുടുംബം തങ്ങള്‍ വളര്‍ത്തുന്ന പെരുമ്പാമ്പിനേയും കൊണ്ട് അടുത്തുള്ള മൃഗാശുപത്രിയിലെത്തി. 18 വയസ് പ്രായമായ പെണ്‍ പെരുമ്പാമ്പ് ആശുപത്രിയിലെത്തുമ്പോള്‍ അവശനിലയിലായിരുന്നു. 

സംഭവം എന്തെന്നാല്‍, എന്തോ ഭക്ഷണസാധനമാണെന്നോര്‍ത്ത് വലിയൊരു ടവല്‍ വിഴുങ്ങിയിരിക്കുകയാണ് പെരുമ്പാമ്പ്. അതോടെ പാമ്പ് അവശയാവുകയും ചെയ്തു. എങ്ങനെയും ടവല്‍ പുറത്തെടുക്കണമെന്ന ആവശ്യത്തോടെയാണ് കുടുംബം ആശുപത്രിയിലെത്തിയിരിക്കുന്നത്. 

അങ്ങനെ അനസ്‌തേഷ്യ കൊടുത്ത ശേഷം ഡോക്ടര്‍ വിശദമായി പരിശോധിച്ചു. എന്താണ് വയറ്റിനുള്ളിലെ അവസ്ഥയെന്ന് അറിയാനായി 'എന്‍ഡോസ്‌കോപി' വരെ ചെയ്തു. ഒടുവില്‍ അല്‍പം പാടുപെട്ടെങ്കിലും അവര്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ടവല്‍ പുറത്തെടുത്തു. ഏറെ കൗതുകം പകരുന്ന ഈ വീഡിയോ ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടുകയാണ്. ആശുപത്രി അധികൃതരമാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

വീഡിയോ കാണാം...