അന്തരീക്ഷത്തില്‍ പറന്നുനടക്കുന്ന ജീവികളേയും മനുഷ്യരേയുമെല്ലാം നമ്മള്‍ കാര്‍ട്ടൂണുകളിലോ ആനിമേറ്റഡ് സിനിമകളിലോ ഒക്കെ കാണാറുണ്ട്, അല്ലേ? എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്ച കണ്ടാലോ!

അങ്ങനെയൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. മുറിക്കുള്ളില്‍ പറന്നുകളിക്കുന്ന ഒരു സുന്ദരന്‍ പട്ടിക്കുഞ്ഞ്. അവന്റെ ഭാരത്തിന് അനുസരിച്ച് ഹീലിയം ബലൂണ്‍ ദേഹത്ത് കെട്ടിയിട്ടാണ് സംഗതി ഒപ്പിച്ചത്. 

സുരക്ഷാ സജ്ജീകരണങ്ങളോടെ രണ്ട് ഡസനോളം വരുന്ന വിവിധ നിറത്തിലുള്ള ഹീലിയം ബലൂണ്‍ കെട്ടിവച്ചാണ് പട്ടിക്കുഞ്ഞിനെ പറക്കാന്‍ വിടുന്നത്. ശരിക്കും, ഒരു ആനിമേറ്റഡ് സിനിമാകഥാപാത്രത്തെ പോലെയോ സ്വപ്‌നരംഗം പോലെയോ എല്ലാം ഇത് അനുഭവപ്പെട്ടേക്കാം.

'പീറ്റര്‍ ഡ പൂഡില്‍' എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ വന്നത്. പിന്നീടിത് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം തരംഗമായി. നിരവധി പേരാണ് ഈ വീഡിയോ വീണ്ടും വീണ്ടും പങ്കുവയ്ക്കുന്നത്.