Asianet News MalayalamAsianet News Malayalam

'കടലിലെ ഒരു നീണ്ട ദളം' -ഇസബൽ അല്ലൻഡെയുടെ നോവലിനെ കുറിച്ച് ആദർശ് ഓണാട്ട് എഴുതുന്നു

അല്ലൻഡെയുടെ മികച്ച രചനയാണ് ഈ നോവൽ. സ്പാനിഷ് സാഹിത്യലോകത്ത് നിലവിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരിയാണ് അവർ. 1973-ൽ സ്വന്തം നാടായ ചിലിയിൽ നിന്നും അവർക്കു പലായനം ചെയ്യേണ്ടി വന്നു.

Adarsh Onnatt about a long petal of the sea by isabel allende
Author
Thiruvananthapuram, First Published Mar 27, 2020, 5:25 PM IST


'കടലിലെ ഒരു നീണ്ട ദളം' (A Long Petal of the Sea): ഒരു രാത്രി കൊണ്ട് രാജ്യം തന്നെ ഇല്ലാതായി തീർന്നു അന്ധകാരത്തിലേക്ക് വീണു പോകുന്ന മനുഷ്യരുടെ വിഹ്വലതകളാണ് ഈ നോവൽ

Adarsh Onnatt about a long petal of the sea by isabel allende

 

ചിലിയൻ കവി പാബ്ലോ നെരൂദ ഒരിക്കൽ തന്‍റെ നാടിനെ 'കടലിലെ ഒരു നീണ്ട ദളം'  (A Long Petal of the Sea) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.  "A Long petal of the sea and wine and snow...with a belt of black and white foam" എന്നാണ് പസിഫിക് മഹാസമുദ്രത്തിന്റെ ഓരത്ത് നെടുനീളത്തിൽ കിടക്കുന്ന തന്‍റെ രാജ്യമായ ചിലിയെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്പാനിഷ് സാഹിത്യത്തിലെ അതുല്യയായ എഴുത്തുകാരി ഇസബൽ അല്ലൻഡെയുടെ പുതിയ നോവലിന്റെ പേരും 'കടലിലെ ഒരു നീണ്ട ദളം' (A Long Petal of the Sea) എന്നാണ്. നെരൂദ തീർച്ചയായും ഇതിൽ ഒരു കഥാപാത്രവുമാണ്. കവിയായി നമ്മൾ അറിയുന്ന നെരൂദയല്ല മറിച്ചു മനുഷ്യ സ്നേഹിയായ ഒരു രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായാണ് അദ്ദേഹം ഈ നോവലിൽ ഉള്ളത്. 

അല്ലൻഡെയുടെയുടെ മിക്ക രചനകളിലും ചരിത്രവും രാഷ്‌ടീയവും സമ്മിശ്രപൂരകമാണ്. അവരുടെ വ്യക്തിജീവിതത്തിന്‍റെ അടരുകളിലൊളിപ്പിച്ചാണ് ഈ ചരിത്രത്തെയും രാഷ്ട്രീയത്തെയും പുരാവൃത്തത്തെയുമൊക്കെ ഈ എഴുത്തുകാരി മാജിക്കൽ റിയലിസത്തിൽ പൊതിഞ്ഞു പറഞ്ഞിട്ടുള്ളത്. ലാറ്റിനമേരിക്കൻ സാഹിത്യ പാരമ്പര്യങ്ങളിലെ ബഹുസ്വരതയും, അവിടെ അന്ന് സജീവമായിരുന്ന മാജിക്കൽ റിയലിസ്റ്റ് എഴുത്തുകാരുടെ "ലാറ്റിൻ അമേരിക്കൻ ബൂം” സ്വാധീനവും അലെൻഡയിൽ ആരോപിക്കുന്നുണ്ട് നിരൂപകർ. പ്രത്യേകിച്ച് ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ സ്വാധീനം അവരുടെ പല നോവലിലും കാണാം. പാർശ്വവത്കരിക്കപ്പെട്ട സ്ത്രീയെ മുഖ്യധാരയിലേക്ക്  കൈപിടിച്ചു കൊണ്ട് വന്ന ഒരു “ഫെമിനിൻ ബൂമിന്റെ” ഭാഗമായാണ് ചിലർ അലൻഡെയെ കാണുന്നത്. എന്നാൽ ചിലർ അവരെ തിരിച്ചറിയുക ഒരു സ്പാനിഷ് അമേരിക്കൻ എഴുത്തുകാരിയായിട്ടാണ്.

മനുഷ്യപലായനങ്ങളുടെ കഥയാണ് അവരുടെ ഏറ്റവും മികച്ച ഈ പുതിയ നോവൽ. മൂന്നൂറു പുറങ്ങളിലായി സംഭവബഹുലമായ  ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം അവർ അതീവ ലളിതമായി എഴുതി നിറച്ചിരിക്കുന്നു. 

1939 -ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടെയാണ് നോവൽ തുടങ്ങുന്നത്.  1931 -ൽ സ്പെയിനിന്റെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം  സ്പാനിഷ് റിപ്പബ്ലിക്ക് അധികാരത്തിൽ വന്നു. സ്ഥിതി ശാന്തമാകുന്ന രാഷ്ട്രീയാന്തരീക്ഷം ആയിരുന്നില്ല സ്പെയിനിൽ പിന്നീട്. 1936-ൽ ഫാസിസ്റ്റുകൾ രാജവാഴ്ചക്കാർ, കത്തോലിക്കർ എന്നിവരുടെ സഹായത്തോടെ ഒരു  വിമത സഖ്യം രൂപീകരിക്കുകയും ആഭ്യന്തരയുദ്ധഭീഷണി ഉയർത്തുകയും ചെയ്തു. 1939 -ൽ ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള സൈന്യം കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതോടെ സ്ഥിതി വഷളാവുകയും സ്പെയിനിൽ നിന്ന് ഫ്രാൻസിലേക്ക് കൂട്ട പലായനം ആരംഭിക്കുകയും ചെയ്യുകയാണ്. ക്രൂരവും നിന്ദ്യവുമായ ഒരു യുദ്ധകാലം. റിപ്പബ്ലിക്കുകൾ വേട്ടയാടലിനു വിധേയരായി. ആയിരങ്ങൾ മരിച്ചു വീഴുകയും അതിനേക്കാൾ പതിന്മടങ്ങ് മനുഷ്യർ രാജ്യം വിട്ട് ഓടുകയും ചെയ്യുന്നു.  

ജനറൽ ഫ്രാങ്കോയുടെ സൈന്യം ബാഴ്‌സലോണയിലേക്ക് അടുക്കുമ്പോൾ കാറ്റലോണിയയിലെ ഒരു കുടുംബം നാട് വിടാൻ ഒരുങ്ങുകയാണ്. മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തരകലാപത്തിൽ ഡാൽമൗ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ട ഒരു മകനെ നഷ്ടപ്പെടുന്നു. അയാൾ പടയാളിയായി റിപ്പബ്ലിക്കൻ ഭരണകൂടത്തിന് വേണ്ടി യുദ്ധമുഖത്തായിരുന്നു. മറ്റൊരു മകൻ ആതുരസേവകനായി യുദ്ധമുഖത്തുണ്ട്. വിക്ടർ എന്നാണ് അയാളുടെ പേര്. അയാളുടെ സഹോദരൻ ഗില്ലെമയാണ് യുദ്ധമുഖത്ത് മരണപ്പെട്ടത്. അയാളാൽ ഗർഭിണിയായ കാമുകി റോസർ ബ്രൂഗുവേരയെയും അമ്മ കാർമേയും ആഭ്യന്തരയുദ്ധത്തിൽ ഒറ്റപ്പെട്ടുപോയിരുന്നു. ഇളയ മകൻ മരിച്ചത് അമ്മക്ക് അറിയാമെങ്കിലും നിറവയറുമായി നിൽക്കുന്ന റോസറിനോട്  ആ സത്യം അവർ വെളിപ്പെടുത്തുന്നില്ല. അയാൾ യുദ്ധം ജയിച്ചു വന്നു തന്നെ വിവാഹം കഴിക്കുമെന്നും തുടർന്ന് അവർ സമാധാനത്തോടെ ജീവിക്കുമെന്നും അവൾ സ്വപ്നം കാണുന്നു. ഒരു മികച്ച പിയാനോവാദകയാണ് റോസർ. കാമുകന്റെ പിതാവാണ് അലഞ്ഞു തിരിഞ്ഞു നടന്ന ആ പെൺകുട്ടിയെ ദത്തെടുത്ത് സംഗീതം പഠിപ്പിക്കുന്നത്. 

അല്ലൻഡെ നോവലിന്റെ  ആമുഖത്തിൽ പറയുന്നുണ്ട്. ഇത് ഒരു സത്യ കഥയാണ്. എന്നാൽ ഒരു നോവലുമാണ്. ഇതിൽ ചരിത്രമുണ്ട്. ഇതിലെ പ്രധാന കഥാപാത്രം വിക്ടറിനെ  അവർക്കു നേരിട്ടറിയാം. അയാൾ പറഞ്ഞതും  എഴുത്തുകാരി അറിഞ്ഞതും പഠിച്ചതും മനസിലാക്കിയതുമായ കാര്യങ്ങളും കൂടി ചേർത്താണ് ഈ നോവൽ അവർ എഴുതിയിട്ടുള്ളത്. 

ലോകമാകെ അഭയാർത്ഥികളുടെ പ്രവാഹം ഒരു രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്ന കാലത്താണ് ഇത്തരമൊരു പുസ്തകം വരുന്നത്. പ്രത്യാശ നിറഞ്ഞ ഒരു കാലത്തെക്കുറിച്ച്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ നോവൽ. വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. സ്പെയിനിൽ നിന്നാരംഭിച്ച് ഫ്രാൻസിലൂടെ സഞ്ചരിച്ച് ചിലിയിലും വെനിസ്വലയിലുമായി അവസാനിക്കുന്നതാണ് ഇതിന്റെ ആഖ്യാനപഥം. ഭാഷയുടെ ചടുലത കൊണ്ടും സംഭവങ്ങളെ അനാവരണം ചെയ്യുന്നതിലെ നാടകീയത കൊണ്ടും വിരസതയില്ലാതെ വളരെ സുഗമമായി വായിച്ചു പോകാവുന്ന ഒരു നോവലാണ് ഇത്. 

വിക്ടർ ഡാൽമൗ നോവലിന്റെ ആരംഭത്തിൽ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടു യുദ്ധമുഖത്താണ്. റിപ്പബ്ലിക്കന്മാരുടെ കൂടെ പൊരുതുകയാണ് അയാൾ. കുറച്ചുകാലം വൈദ്യശാസ്ത്രം പഠിച്ചത് കൊണ്ട് അയാൾക്ക് യുദ്ധമുഖത്ത് കൂടുതൽ കാലം നിൽക്കേണ്ടി വരുന്നില്ല. പരിക്കേറ്റെത്തുന്ന സൈനികരെ ശുശ്രൂഷിക്കാനായി ആർമി തലവൻ അയാളെ നിയോഗിക്കുന്നു. കൂടുതൽ ഉന്മേഷവാനായി വിക്ടർ തന്റെ പ്രിയപ്പെട്ട തൊഴിലിൽ ഏർപ്പെടുന്ന ഒരു പ്രഭാതത്തിലാണ് ഹൃദയത്തിൽ മാരകമായ മുറിവേറ്റ് അവശനായ ഒരു പതിനാറുകാരൻ പടയാളിയെ അയാളുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്. ദിവസങ്ങളായിട്ടുണ്ടാകണം അയാൾക്ക്‌ ആ മുറിവ് സംഭവിച്ചിട്ട്. ആശുപത്രിയിലേക്കെത്തിക്കാൻ എടുത്ത കാലതാമസം കാരണം രക്തം വാർന്നു ആ പട്ടാളക്കാരൻ വിളറിയിരുന്നു. ജീവന്റെ നേരിയ അനക്കം പോലും ആ ശരീരത്തിൽ അപ്പോൾ ഉണ്ടായിരുന്നില്ല. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച ആ പടയാളിയെ വിക്ടർ അനുകമ്പയുയോടെ സമീപിക്കുന്നു. അയാളുടെ  മുറിവിലെ കെട്ട് മെല്ലെ അഴിച്ചു മാറ്റുന്നു. ഹൃദയത്തിന്റെ ഭാഗത്തു ഒരു വലിയ തുള, ആരോ പെയിന്റ് ചെയ്ത വെച്ച പോലെ ഒന്ന്. ആഴത്തിലുള്ള ആ വിടവിലൂടെ വിക്ടറിന് ആ ചെറുപ്പക്കാരന്റെ നിലച്ചു പോയ ഹൃദയം കാണാമായിരുന്നു. തന്റെ പാതി വൈദ്യജ്ഞാനം വെച്ച് ഒരു അവസാന ശ്രമമെന്ന നിലയിൽ അയാൾ തന്റെ ഇടതു കൈയിലെ മൂന്ന് വിരലുകൾ മെല്ലെ ആ വിടവിലൂടെ കടത്തി നിലച്ചുപോയ ആ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. എത്ര മിനുട്ടുകൾ ചെയ്തുവെന്നറിയില്ല. പെട്ടെന്ന്, നിലച്ചിരുന്നു ഹൃദയം മെല്ലെ അനക്കം വെച്ചു. വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. അത് സാധാരണപോലെ താളഗതിയോടെ കുറച്ചു കൂടി ശക്തമായി മിടിച്ചു തുടങ്ങി. മരിച്ചുവെന്ന് കരുതിയ ആ പടയാളിയുടെ ധമനികളിലേക്കു രക്തം മെല്ലെ ഒഴുകിയിറങ്ങി. 

അല്ലൻഡെ രണ്ടു പേജുകളിലായി ഈ കഥ വിവരിക്കുമ്പോൾ ഏതൊരു വായനക്കാരന്റെയും ഹൃദയം ഒന്ന് നിലച്ചു പോയേക്കാം. അവിശ്വസനീയം എന്ന് തോന്നാം. അത്രമേൽ വികാരതീവ്രമായാണ് അവർ അത്തരമൊരു സവിശേഷജീവിത സന്ദർഭത്തെ അടയാളപ്പെടുത്തുന്നത്. ഈ നോവലിൽ ഉടനീളം അവിശ്വസനീയമാംവിധമുള്ള ഇത്തരം ജീവിതമുഹൂർത്തങ്ങളും ജീവിതങ്ങളും നമ്മുക്ക് കാണാനാകും. അവരുടെയൊക്കെ അനുകമ്പാർദ്രമായ ഹൃദയത്തിന്റെ ചൂട് നമുക്ക് അനുഭവിക്കാനും കഴിയും. 

ജനറൽ ഫ്രാൻകോയുടെ സൈന്യം ബാഴസിലോണ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുൻപ് വിക്ടർ തന്റെ സുഹൃത്തിന്റെ സഹായത്തോടെ അമ്മയെയും പൂർണ്ണഗർഭിണിയായ റോസറേയും രക്ഷപ്പെടുത്തുന്നു. ഫ്രാൻസിലേക്കുള്ള യാത്രാമദ്ധ്യേ ആ  മാതാവിന് കൂട്ടം തെറ്റുന്നു. ഒടുവിൽ റോസർ വിക്ടറിന്റെ സുഹൃത്തിന്റെ സഹായത്തോടെ  മലയും കുന്നും കടന്ന് ഫ്രാൻ‌സിൽ എത്തുന്നു. അവിടെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ അഭയം തേടുന്നു. താമസിയാതെ വിക്ടറും  ഫ്രാൻസിലെത്തുകയും റോസറിനേയും കുഞ്ഞിനേയും അന്വേഷിച്ചു കണ്ടെത്തുകയുമാണ്. എന്നാൽ ഫ്രാൻസിലെ വാസം ഇവർക്ക് വലിയ വിഷമങ്ങൾ ഉണ്ടാക്കുന്നു. അഭയാര്‍ത്ഥികളോടുള്ള അവരുടെ സമീപനം കരുണാരഹിതവും നിന്ദ്യവുമാണ്. അവർക്കവിടം ഒരു അഭയമല്ലന്നു മനസ്സിലാക്കുമ്പോളാണ് വിക്ടർ അറിയുന്നത് കവി പാബ്ലോ നെരൂദ 2000-ത്തോളം സ്പാനിഷ് അഭയാർത്ഥികളെ തന്റെ രാജ്യമായ ചിലിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നവെന്ന്. ഒരു കാർഗോ കപ്പൽ വാടകക്കെടുത്താണ് കവി അത്തരമൊരു പ്രയത്നം  നടത്തുന്നത്. അതിന് നെരൂദ  ചില്ലറ പരീക്ഷകൾ നടത്തും. തന്റെ രാജ്യത്തെ ജനങ്ങളുടെ അനുവാദമില്ലാതെയാണ് നെരൂദ ഇത്തരമൊരു സാഹസം ചെയ്യുന്നത്. ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയും കവിക്ക് ഇല്ല. അത് കൊണ്ട് തന്നെ അത്തരമൊരു തിരഞ്ഞെടുപ്പ് അനിവാര്യം എന്നാണ് നെരൂദക്കു തോന്നുന്നത്. കൊണ്ട് പോകുന്ന സ്പാനിഷ്‌കാർ ചിലിയെന്ന ചെറു രാജ്യത്തിന്റെ വളർച്ചക്ക് എന്തെങ്കിലുമൊക്കെ സംഭാവനകൾ നൽകാൻ പോന്നവരായിരിക്കണം. അവരുടെ കഴിവ് കൊണ്ട് രാജ്യത്തിന് പ്രയോജനം ഉണ്ടാകണം. അത്തരം ആൾക്കാരെ കവി തന്നെ തിരഞ്ഞെടുക്കും. അത്തരമൊരു തിരഞ്ഞെടുപ്പിന് വിക്ടറും കവിയെ അഭിമുഖീകരിക്കുന്നുണ്ട്. 

തനിക്കും റോസറിനും കുട്ടിക്കും ഒരുമിച്ചു ചിലിയിലേക്കു പോകണമെങ്കിൽ അവർ ഒരു കുടുംബം ആണെന്ന രേഖ ഉണ്ടാകണം. അതിനു വിക്ടർ കണ്ടെത്തുന്ന വഴി റോസറിനെ വിവാഹം കഴിക്കുകയാണ്. താത്ക്കാലികമായി. ചിലിയിൽ എത്തി കഴിഞ്ഞാൽ അവർ ആ ബന്ധം വേർപെടുത്തുകയും മറ്റു വഴികളിലേക്ക്  ജീവിതത്തെ കൊണ്ട് പോകാനും പദ്ധതിയിട്ടാണ് പാബ്ലോ നെരൂദ ഒരുക്കിയ വിന്നിപെഗ്ഗ് എന്ന കപ്പലിൽ ഫ്രാൻസിൽ നിന്ന് ചിലിയിലേക്കു അവർ പോകുന്നത്. ജീവിതം സ്വസ്ഥമാകുമെന്നും കലാപം  ശമിക്കുമ്പോൾ തിരികെ സ്പെയിനിലേക്കു മടങ്ങാമെന്നും അവർ കരുതുന്നു. 

എന്നാൽ ഒരിക്കലും ഒരു മടങ്ങി വരവിനു കഴിയാത്ത രീതിയിലേക്ക് സ്പെയിൻ ഫ്രാൻകോയുടെ അധീനതയിൽ ആകുന്നു. 984 ദിവസങ്ങൾ നീണ്ട് നിന്ന ആഭ്യന്തര യുദ്ധം അവസാനിക്കുകയും ഫ്രാങ്കോ അജയ്യനാകുകയും ചെയ്യുന്നതോടെ അത്തരമൊരു പ്രതീക്ഷ വിക്ടറിലും റോസറിലും അസ്തമിക്കുന്നു. ചിലിയിലെത്തി വിക്ടർ തന്റെ മെഡിക്കൽ പഠനം തുടരുന്നു. റോസറാകട്ടെ സംഗീതം പഠിപ്പിച്ചു ഉപജീവനം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അവർ തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്താൻ ശ്രമിക്കുമ്പോൾ ചിലിയുടെ നിയമം അതിനു അവരെ അനുവദിക്കുന്നില്ല. എന്നാൽ അവർക്കു ഒന്നായി ചേർന്ന് ജീവിക്കാനും കഴിയുന്നില്ല. പ്രതിബദ്ധതയുടെ ഭാഗമായി വിക്ടറും, റോസറും, കുഞ്ഞും ഒരു കുടുംബമായി ജീവിക്കുന്നു. എന്നാൽ ഈ മൂവരെയും കാത്തിരിക്കുന്ന വിധി കഠിനമാണ്. ജീവിതത്തിലെ അസ്ഥിരതയും, അലച്ചിലും വിക്ടറിന് വിടാതെ പിന്തുടരുകയാണ്. സ്നേഹത്തിന്റെ ഒരു തെളിമയുള്ള ജലാശയം തേടിയാണ് അയാൾ അലയുന്നത്. ഈ സന്ദിഗ്ദ്ധത നോവലിൽ ഉടനീളം ഉണ്ടാകുകയും അതൊക്കെയും നോവലിനെ കൂടുതൽ പിരിമുറുക്കമുള്ളതാക്കുകയും ചെയ്യുന്നു.

അല്ലൻഡെയുടെ മികച്ച രചനയാണ് ഈ നോവൽ. സ്പാനിഷ് സാഹിത്യലോകത്ത് നിലവിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരിയാണ് അവർ. 1973-ൽ സ്വന്തം നാടായ ചിലിയിൽ നിന്നും അവർക്കു പലായനം ചെയ്യേണ്ടി വന്നു. പിനോഷെയുടെ നരാധമ വാഴ്ചയിൽ വീണു പോയ ഒരാൾ കൂടിയാണ് അല്ലേണ്ട (ചിലിയൻ ഭരണാധികാരിയായിരുന്നു  സാൽവദോർ അല്ലെൻഡെയുടെ ബന്ധുവാണ് നോവലിസ്റ്റ്) . അവർ പിന്നെ വെനിസ്വലയിൽ അഭയംതേടി. അവിടെ നിന്ന് പിന്നീട്  അമേരിക്കയിലെ കാലിഫോര്‍ണിയയിൽ സ്ഥിര താമസമാകുകയും ചെയ്തു. മാജിക്കൽ റിയലിസം എന്ന  സാഹിത്യരൂപകത്തെ തന്‍റെ എഴുത്തിൽ  ജൈവികമായി ഇഴചേർക്കുന്നതിലൂടെ അല്ലൻഡെ ലാറ്റിൻ അമേരിക്കക്ക് പുറത്തും പ്രശസ്തയായി.

രാജ്യം തന്നെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതായി തീർന്നു അന്ധകാരത്തിലേക്ക് വീണു പോകുന്ന മനുഷ്യരുടെ വിഹ്വലതകളെ  ഈ നോവൽ അതി സുന്ദരമായി അടയാളപ്പെടുത്തുന്നു. അവർ നീങ്ങുന്ന വഴി എത്രമാത്രം കാഠിന്യമുള്ളതാണെന്നും. ആ കഠിനകാലങ്ങൾക്കെല്ലാം ഒടുവിൽ ഒരു മധുരനിമിഷമുണ്ടെന്നും ആ ചെറുമാധുര്യമാണ് എല്ലാ കഷ്ടതകളെയും അതിജീവിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നും ഈ പുസ്തകം പറയുന്നു. 

Follow Us:
Download App:
  • android
  • ios