കാടിന്റെ മർമ്മരങ്ങൾ അറിയുന്ന കവിയാണ് അശോകൻ മറയൂർ. മലയാളത്തിലും, മുതുവാൻ ഭാഷയിലും മികച്ച കവിതകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പച്ചവ്ട് എന്ന സമാഹാരം ഡിസി പുറത്തിറക്കി. അതുപോലെ തന്നെ കടലോര ജീവിതങ്ങളിൽ നിന്നും കവിതയുടെ പൊള്ളലുകളെ കടലാസിലേക്ക് പകർത്തിയ കവിയാണ് ഡി. അനിൽ കുമാർ. ഒരുദിവസം കവി കാടിറങ്ങി, തന്റെ സുഹൃത്തിനെക്കാണാൻ കടലോരത്തേക്ക് പോരുന്നു. അവർ ഒന്നിച്ചിരിക്കുന്നു. സംസാരിക്കുന്നു. കവിതയെപ്പറ്റി, കാടിനെപ്പറ്റി, കടലിനെപ്പറ്റി... നമ്മൾ, അതിന് കാതോർക്കുന്നു.

 കാടുകാണാനെത്തുന്ന ടൂറിസ്റ്റുകൾക്ക് കാടിനെ അറിയുന്നതിൽ പരിമിതിയുണ്ട്. അതുപോലെ തന്നെയാണ് കടലിലും. നിങ്ങളുടെ ഭാഷയിലേക്കുവരുന്ന ടൂറിസ്റ്റുകൾക്ക് അതിലെ കവിതയെ അറിയുന്നതിൽ പരിമിതിയുണ്ട് എന്ന് തോന്നുന്നുണ്ടോ?

അശോകൻ: പകർത്താനൊന്നുമില്ല കാട്ടിൽ. അവിടെ ജീവിക്കാനേ പറ്റൂ... ഒക്കെ ജീവിതമാണ്. അവിടുത്തെ സംഭാഷണങ്ങളിൽ നിന്നുമൊക്കെ ഉണ്ടായിവരുന്നതാണ് എഴുത്ത്. സ്ത്രീപക്ഷ കവിതയാണ് കൂടുതലും എഴുതിയിട്ടുള്ളത്. ദ്രാവിഡസംസ്കാരമാണ് കാടുകളിൽ. ആണുങ്ങൾ ഒരു ഭാഗത്തേക്ക് പോകുന്നു. പെണ്ണുങ്ങൾ വേറൊരുഭാഗത്തേക്കും. രണ്ടു-മൂന്നു മണിക്ക് തിരിച്ചെത്തും. സീറോ ബഡ്ജറ്റ് ജീവിതമാണ്. ഈ യാത്രകളും അതിലേക്കുള്ളതാണ്. അവിടെ ആ കാലാവസ്ഥയിൽ കിട്ടുന്ന വിഭവങ്ങൾ ശേഖരിക്കാനാണ് സ്ത്രീകൾ പോകുന്നത്. അതാത് ഋതുക്കളിൽ കാട് നൽകുന്ന ഭക്ഷ്യവിഭവങ്ങൾ ശേഖരിക്കുന്നു. ആണുങ്ങൾക്ക് മീനും മറ്റും പിടിച്ചുകൊണ്ടുവരുന്നു. ഈ ജീവിതമാണ് എന്റെ കവിതകളിൽ. പച്ചവ്ട് എന്ന കവിതയിൽ സ്വന്തമായി വീടുപണിയുകയാണ്. എന്നിട്ട് പുരുഷൻ സ്ത്രീയോടായി പറയുന്നു. ഞാൻ മായാത്ത ഒരു സ്വപ്നം നീ കാണണം. സ്വന്തമായി അവർ വീടുവെക്കുന്നു എന്നതിന്റെ ഒരു വിവരണം അതിലുണ്ട്, അത് സംസ്കാരത്തിന്റെ ഭാഗമാണ്. എങ്ങനെയാണ് അവർ അളക്കുന്നത്? എങ്ങനെയാണ് കമ്പുകെട്ടുന്നത്? എങ്ങനെയാണ് കതക്‌വെക്കുന്നത്? എന്നതൊക്കെ...

 

സ്വപ്‌നങ്ങൾ അത്രയ്ക്കേയുള്ളൂ. ആ ജീവിതം കവിതയിലേക്ക് കൊണ്ടുവന്നതാണ്. മുതുവാൻ ഗോത്രത്തിന്റെ സംസ്കാരം തന്നെ പറമല എന്ന കവിതയിൽ വിശദമായി കടന്നുവരുന്നുണ്ട്. എന്തുകൊണ്ട് അടയാളപ്പെടുത്തി എന്നതിന്റെ രാഷ്ട്രീയവും അതിലുണ്ട്. പലരും പുറത്തു നിന്നുവരുന്നവരാണ് റിസേർച്ചിനും മറ്റുമായി. അവർക്ക് വേണ്ടത്ര ഭാഷാജ്ഞാനം പോലും മുതുവാനിൽ ഉണ്ടാകുന്നില്ല. എന്തൊക്കെയോ കേട്ടുമനസ്സിലാക്കി അവരുടെ ആവശ്യങ്ങൾക്കായി എന്തൊക്കെയോ പടച്ചുവെക്കുന്നു. അബദ്ധപഞ്ചാംഗങ്ങളാണ് ആ പ്രോജക്ടുകൾ. ഞാൻ അവരിൽ ഒരാളായി, ആ ജീവിതത്തിനുള്ളിൽ ഇരുന്നുകൊണ്ട് എഴുതുമ്പോൾ മുതുവാൻ ഗോത്രത്തോട് കൂടുതൽ നീതി പുലർത്താനാകുന്നു.

അനിൽ: തീരദേശ ജീവിതത്തിനാണെങ്കിൽ ഒരു ഉണക്ക സ്വഭാവമുണ്ട്. മീൻ ഉണക്കാൻ വെച്ച പോലെ ഉണങ്ങിയ ഒരു ജീവിതമാണ്. കടലിൽ പോകുമ്പോൾ, ജലമയമായ കടലിന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിച്ചു വരുന്ന ചൂട്, നട്ടുച്ചനേരത്ത് വരുന്ന വെയിൽ - ഇതുരണ്ടും ഞങ്ങളുടെ ദേഹത്ത് മറ്റൊന്നിനെയും മറയില്ലാതെ വന്നു പതിക്കുകയാണ്. ആ സമയം തൊണ്ടയും വരളും... ആ ഒരു ഉണക്ക് ഞങ്ങളുടെ ജീവിതസംസ്കാരത്തിന്റെ ഭാഗമാണ്...

എന്റെ 'ചങ്കൊണ്ടോ പറക്കൊണ്ടോ...' എന്ന കവിതയിൽ പറയുന്നത് ഇതാണ്. കടലിൽ നിന്നു കിട്ടുന്ന ശംഖ്, കടൽക്കുതിര, കൊമ്പൻ സ്രാവിന്റെ ചിറക് വെട്ടിയെടുത്തത് - മൂന്നും ഉണക്കി സൂക്ഷിക്കും. പുറംനാട്ടിൽ നിന്ന് വന്നെത്തുന്ന കച്ചവടക്കാർ ഇതുവാങ്ങാനായി തീരദേശത്ത് വന്ന്, "ചങ്കൊണ്ടോ, പറക്കൊണ്ടോ, കടൽക്കുതിരയുണ്ടോ.. " എന്ന് വിളിച്ചു ചോദിക്കും. ഞങ്ങളത് അവർക്ക് വിൽക്കും. തെരച്ചിയുടെ വാലും ഞങ്ങൾ ഉണക്കി സൂക്ഷിക്കും. പല ഉപയോഗമുണ്ട്. കുറുമ്പ് കാട്ടുന്ന കുട്ടികളെ അടിക്കാം. നവവിവാഹിതർക്ക് ഭൂതപ്രേതപിശാചുകൾ ബാധിക്കാതിരിക്കാൻ അവർക്ക് കൂട്ടായി തിരച്ചിവാലുമായി പോകാം. കൈക്കുഞ്ഞുങ്ങളുടെ ഒച്ച മൂങ്ങയും വവ്വാലും കൊണ്ടുപോകാതിരിക്കാൻ കുഞ്ഞിന്റെ കാലിൽ ഇടാം. കൂരകളിൽ നിന്നും വവ്വാലിനെ ആട്ടാൻ കെട്ടിയിടാൻ... അങ്ങനെ, തെരച്ചിക്ക് ഞങ്ങളുടെ മിത്തുകളിൽ, തൊഴിലനുഭവങ്ങളിൽ, കരവ്യവഹാരങ്ങളിൽ അത്ര പ്രാധാന്യമുണ്ട്. അടുത്ത ജന്മത്തിലെങ്കിലും, ഞാൻ ഒരു തെരച്ചിയാകാം എന്നും കവിതയിൽ പറയുന്നത് അതുകൊണ്ടാണ്.

സ്ത്രീകളെ  കേന്ദ്രബിന്ദുവാക്കി നിർത്തുന്നുണ്ടോ കാട്ടിലെയും കടലിലെയും കവിത?

അശോകൻ: പാരമ്പര്യമായി കൃഷി ചെയ്തിരുന്ന വയലുകൾ ഉപേക്ഷിച്ച് ആദിവാസികൾ ഉൾക്കാടുകളിലേക്ക് പലായനം ചെയ്യുന്നത് പലപ്പോഴും തങ്ങളുടെ സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണ്. സ്ത്രീക്ക് ഗോത്രസംസ്കൃതികളിൽ ഏറെ ഉയർന്ന പദവിയാണുള്ളത്. സ്ത്രീ വിരുദ്ധത ഇല്ലെന്നല്ല. അത് അധികവും പുറംനാടുമായി അതിരുപങ്കിടുന്ന ഊരുകളിലാണ്. ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രങ്ങൾ ഇന്നും സ്ത്രീകൾക്ക് ബഹുമാനം നൽകുന്നുണ്ട്. 'കുട്ടാൾ' എന്നുള്ള സ്ത്രീകളോടുള്ള സംബോധനകളിൽ പോലും അതുണ്ട്.

ലിപിയില്ലാത്തത് പ്രശ്നമാവുന്നുണ്ടോ? ഭാഷയിൽ നിന്നുള്ള വരേണ്യതയെ എങ്ങനെ, എത്രമാത്രം ചെറുക്കാൻ കഴിയുന്നുണ്ട് കവിതയിലൂടെ?

അനിൽ: എഴുത്തധികാരത്തിന് പുറത്ത് നിർത്തപ്പെട്ട ഒരുപാട് മനുഷ്യരുണ്ട്. അവരുടെ അനുഭവങ്ങളുടെ പ്രാതിനിധ്യം കുറവാണ്. ഉള്ളതുതന്നെ അപരനോട്ടങ്ങളാണ്. അവരുടെ തനിമ മിടിക്കുന്ന ശബ്ദങ്ങളിൽ കവിതകൾ കുറവാണ്. അവർ മലയാളം ലിപി തെരഞ്ഞെടുത്തത് നമ്മുടെ ഭാഗ്യം. കൂടുതൽ അടുപ്പം അവരുടെ ഭാഷയ്ക്ക് തമിഴിനോടാണ്. എന്നിട്ടും അശോകൻ തെരഞ്ഞെടുത്തത് മലയാളമായിരുന്നു.

മുക്കുവന്റെ ദാരിദ്ര്യം ഒരു യാഥാർഥ്യമാണ്. എന്നാൽ, അതിലും വലിയ പ്രതിസന്ധികളെ അവൻ അതിജീവിക്കുന്നുണ്ട് കടലിൽ. മുള്ളുകൊണ്ട് വിഷമേറിയാൽ അവൻ പ്രാവർത്തികമാക്കുന്ന ഒരു വൈദ്യമുണ്ട്. യുദ്ധങ്ങളിൽ പ്രവർത്തികമാക്കപ്പെട്ട കടൽ അറിവുകളുണ്ടോ? ഒരു പാട്ടവിളക്കിന്റെ വെളിച്ചത്തിൽ ആടിയാടി കടലിൽ രാത്രികൾ കഴിയുന്ന ഒരു അതിജീവനമുണ്ട്... അതൊക്കെ വേണ്ടത്ര അടയാളപ്പെടുത്തിയിട്ടില്ല.

കുഴൂർ വിത്സന്റെ 'ചോറ്റുവെള്ളി' എന്ന കവിത കടൽജീവിതം അടയാളപ്പെടുത്തുന്നുണ്ടോ?

അനിൽ: ഞങ്ങൾക്ക് ചോറ്റുവെള്ളി, രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ള ഒന്ന് മാത്രമല്ല. ശരിയാണ് ചോറ്റുവെള്ളി വന്നു കെടുന്നതിനുള്ളിൽ ഉണ്ടിരിക്കണം. ഞങ്ങൾക്കത് ശുക്രനാണ്. ആ നേരത്ത് കിട്ടുന്ന ചില പ്രത്യേകമീനുകളുണ്ട്. അതുപോലെ വിടിയവെള്ളിയുണ്ട്. എഴുന്നേൽക്കാനുള്ള അടയാളം. അങ്ങനെ പലതുമുണ്ട്.

അശോകൻ: ഇക്കാലത്ത് പുതിയൊരു ലിപിയുണ്ടാക്കി ആളുകളെ പഠിപ്പിച്ച് മുന്നോട്ടുപോകാനൊന്നും സാധിക്കില്ല. വിപരീതമായി കാണുന്നൊരു പൊതുസമൂഹത്തെ എന്റെ സമുദായത്തെ കാട്ടിക്കൊടുക്കാൻ ഒരു ശ്രമം, സമൂഹത്തിന്റെ ഭാഷയുടെ ലിപി കടമെടുത്ത് ചെയ്യാൻ ശ്രമിക്കുന്നു. അകമേ ചെന്ന് കണ്ടതിന്റെ പ്രതിഫലനം പുറത്തുനിന്നുവന്നൊരാൾ എഴുതുന്ന കവിതയിൽ വരുന്നില്ല. അതാണ് എന്റെ ലക്ഷ്യം. വിദ്യാഭ്യാസം ഞങ്ങളുടെ കോളനികളിൽ വന്നിട്ട് ഒരുപാടായില്ല. പലതട്ടുകളായി ആളുകൾ ഇന്നും ചവിട്ടി നിൽക്കുന്നത് ഞങ്ങളുടെ മേലാണ്. അതുകൊണ്ടാണ് ഞാൻ എന്നും ഒരു ആദിവാസികവിയായി നിന്നുകൊള്ളാം എന്ന് പലയിടത്തും പറയുന്നത്. എഴുതിയിട്ടതിനെ മറികടന്ന് മുകളിലേക്ക് ചെല്ലാൻ നോക്കുമ്പോൾ നമ്മളെ താഴേക്ക് ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കാടിനും കടലിനും പൊതുവായി സംഗീതമുണ്ട്. അതുകൊണ്ടുതന്നെ പെർഫോമൻസ് പോയട്രിക്ക് കൂടുതൽ സാധ്യതയുള്ളതായി തോന്നിയിട്ടുണ്ടോ?

അശോകൻ: യഥാർത്ഥത്തിൽ കടലിന്റെ മൗനത്തിലാണ് ഞാനിരിക്കുന്നത്. കടലിന്റെ ആരവത്തിലാണ് അനിലിരിക്കുന്നത്. അതാണ് ഒറ്റവാക്കിൽ എനിക്ക് പറയാനുള്ളത്. രണ്ടും രണ്ടു സംഗീതമാണ്. എനിക്ക് പറവകളുടെ, ചോലകളുടെ, ഒക്കെ സംഗീതം. ഇവിടെ തിരകളുടെ.

അനിൽ: അശോകന്റെ ഓരോ വാക്കിലുമുള്ളത് ധ്യാനമാണ്. എനിക്കാണെങ്കിൽ തിരയുടെ ആരവമാണുള്ളത്. അത് കൂടുതൽ ലൗഡാണ്.

അശോകന്‍ മറയൂര്‍, ഡി. അനില്‍ കുമാര്‍

പ്രകൃതിദുരന്തങ്ങളെ കാടിന്റെയും കടലിന്റെയും മക്കൾക്ക് മുന്നേകൂട്ടി അറിയാനാകും എന്ന് കേട്ടിട്ടുണ്ട്. അതുപോലൊരു ഉൾവിളി കവിതയുടെ കാര്യത്തിൽ ഉണ്ടോ? പ്രകൃതിയുമായി ഒരു പാരസ്പര്യം?

അശോകൻ: ഉണ്ട്. പ്രകൃതിയിലുള്ള കവിതയെ കണ്ടെടുക്കുകയാണ് ഒരാൾ ചെയ്യുന്നത്. ഒരുപാടുനാൾ... ചിലപ്പോൾ ഒരാഴ്ച, ഒരുമാസം ഒക്കെ ഒരു വരി മനസ്സിൽ കിടന്നുരുളും. അത് ഒരിക്കലും പുറത്തേക്കെടുക്കില്ല. അത് ഒന്നോരണ്ടോ മാസമെടുക്കും പോസ്റ്റ്ചെയ്യാൻ. അത് നടക്കുമ്പോൾ നമ്മൾ നമ്മളെ മറക്കും. പേനയും പേപ്പറും ഉപയോഗിക്കുന്ന ശീലമില്ല. കാരണം, എഴുതിയിടുന്ന കടലാസ് സൂക്ഷിക്കാൻ പ്രയാസമാണ്. ഒക്കെ മൊബൈലിൽ എഴുതിയിടലാണ്. കാട്ടിലെ വെള്ളച്ചാട്ടവും, കടലിന്റെ തിരയടികളും ഒക്കെ നമ്മളെ വരവേൽക്കുകയാണ്. അവിടെ ചെല്ലുമ്പോൾ നമ്മോട് അവ സംസാരിക്കുന്നതുപോലെ തോന്നും. തോന്നുകയല്ല, യഥാർത്ഥത്തിൽ സംസാരിക്കുക തന്നെയാണ്.

അനിൽ: ഞാന്‍ എന്റെ അപ്പന്റെ കൂടെ കടലിൽ പോകുമായിരുന്നു. ഞങ്ങൾ ഒമ്പതു മക്കളിൽ ആരെയെങ്കിലും ഒരാളെ സഹായത്തിനു വിളിക്കും. ഞങ്ങളെ മരത്തിന്റെ മുന്നിലിരുത്തി കട്ടമരത്തിലിരുന്ന് അപ്പൻ തുഴഞ്ഞുകൊണ്ടിരിക്കും. അപ്പൻ തുഴയുന്ന താളത്തിൽ പാടിക്കൊണ്ടിരിക്കും. തൊട്ടപ്പുറത്തൂടെ  പോകുന്ന വെള്ളത്തിനും കാണും ഒരു പാട്ട്. "വന്തതയാ വന്തത്... ചാളമീന് വന്തത്..." ഇരുട്ടാണ്. ഒന്നും കാണാൻ വയ്യ. ഒക്കെ ശബ്ദങ്ങളും, ചിമ്മിനി വെട്ടങ്ങളുമാണ്. ചിമ്മിനിവെട്ടം കണ്ടാൽ അവിടെങ്ങോ ഒരു കട്ടമരമുണ്ട് എന്നാണ്. കപ്പലുകളുടെ വെളിച്ചങ്ങളും കാണാം. ഒരു മോട്ടോറോച്ച കേട്ടാൽ ബോട്ടേതോ പോകുന്നുണ്ട് എന്ന് മനസ്സിലാക്കണം. അപ്പൻ പാടുമ്പോൾ, ഇടക്ക് ഏകാന്തതയുണ്ട്. മീൻ കിട്ടുമ്പോൾ സന്തോഷമുണ്ട്. കൂടെ മരത്തിലിരിക്കുന്നത് സ്വന്തം മകനാണ് എന്നുള്ള കരുതലുണ്ട്...

അശോകൻ: കാട്ടിലും ഏറെക്കുറെ ഇതാണ് സംഭവിക്കുന്നത്. ഇവർ കാടിനുള്ളിൽ പട്ടിണിയെയും ഒരു വിനോദമായി കാണുന്നവരാണ്. പട്ടിണി വന്നാൽ പിന്നെ തേടലാണ്. തേടാനിറങ്ങിയവർ ഒന്നിച്ച് ഒരു തണലിൽ വന്നുകൂടും. കിട്ടിയതെല്ലാം ഒന്നിച്ചു കൊട്ടിയിട്ട് പങ്കുവെക്കും. ഉണ്ട്... കാടുണ്ട്... എന്ന തോന്നൽ എന്നുമുണ്ട്. പട്ടിണി സ്വാഭാവികമായി അവർ ആരോടും പറയുന്നില്ല. അവർക്കുള്ള വിശപ്പിനെപ്പോലും പറഞ്ഞു ഫലിപ്പിക്കാൻ അവർക്കറിയില്ല. അവർക്ക് മടിയാണ്. വിശപ്പാണെന്ന് തിരിച്ചറിയുന്നുണ്ട്, അത് പറഞ്ഞറിയിക്കാനുള്ള പ്രാപ്തിയില്ല.

അശോകൻ മറയൂരിനെയും, ഡി. അനിൽകുമാറിനെയും കണ്ടെത്തിയതിൽ പി രാമനെപ്പോലെ ഒരാളുടെ കരുതലുണ്ട്. അതുപോലെ നിങ്ങൾ അടുത്ത തലമുറയിൽ ആരെയാണ് കരുതലോടെ സമീപിച്ചിട്ടുള്ളത്?

അനിൽ: തുറയിൽ കവിതയെഴുതുന്നവരുണ്ട്. അവർ ഭാഷയിൽ എഴുതാൻ ശ്രമിക്കുന്നവരാണ്, എന്നാൽ കവിത ജഡാവസ്ഥയിലാണ്. കവിതാവായിക്കുന്ന കുട്ടികൾക്കാവട്ടെ ഭാഷ ഉപയോഗിക്കാൻ ഒരു മടിയുണ്ട്. ഇക്കൊല്ലം ലോക തദ്ദേശീയ ഭാഷാവർഷമാണ്, ഐക്യരാഷ്ട്രസഭയുടെ. രണ്ടു ദിവസം മുമ്പ് 'എങ്കളെ കളരി, എങ്കള പേച്ച്...' എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഞങ്ങളുടെ ഭാഷയിൽ നിന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

അശോകൻ: പുറമെ നിന്നൊരു പിന്തുണയില്ലാതെ പറ്റില്ലെനിക്ക്. അത് രാമൻ മാഷായിരുന്നു ചെയ്തത്. മലയാളം എന്റെ മൂന്നാം ഭാഷയാണ്. പിറന്നുവീണ ഗോത്രഭാഷ. പിന്നെ കേട്ട തമിഴ്. അതും കടന്നാണ് ഞാൻ മലയാളത്തിൽ എത്തുന്നതും, രാമൻ മാഷിന്റെ പ്രോത്സാഹനത്തോടെ കവിത എഴുതുന്നതും. ആദിവാസികൾ ഋതുക്കൾ അന്വേഷിച്ചു മാത്രം ജീവിക്കുന്നവരാണ്. അവർക്ക് ആകെ ചിന്ത ഋതുക്കൾ അതിജീവിക്കുക എന്നതുമാത്രമാണ്. മറ്റുള്ളതൊന്നും ബാധിക്കുന്നില്ല അവരെ.

അനിൽ: കടലോരങ്ങളിലും അങ്ങനെ തന്നെ. ആടി-അറുതി മാസങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് കഴിയുന്നവരാണ്. പഞ്ഞമാസങ്ങളെ പ്രതിരോധിക്കാൻ അവർക്കറിയാം. അങ്ങനെ പ്രാദേശികമായ പലതുമുണ്ട്.

അശോകൻ: കാടിന്റെ പല അറിവുകളുമുണ്ട്. ഉദാ. പ്രളയകാലത്ത് കുത്തിയൊഴുകുന്ന കാട്ടുചോല മുറിച്ചു കടക്കാൻ വേണ്ടിപ്പോലും അവർക്ക് വിദ്യകളുണ്ട്. ഋതുക്കൾ അറിഞ്ഞുകൊണ്ട്, കാലങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ജീവിക്കുന്നവർ പ്രകൃതിയുടെ സംഹാരതാണ്ഡവത്തെയും അതിജീവിക്കുന്നു.