Asianet News MalayalamAsianet News Malayalam

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

കെ വി മണികണ്ഠന്റെ 'ഭഗവതിയുടെ ജട' എന്ന കഥാസമാഹാരത്തിന്റെ വായന. ജിഷ്ണു ആര്‍ എഴുതുന്നു 

literature book review Bhagavathiyude jada by KV Manikandans
Author
Thiruvananthapuram, First Published Sep 24, 2019, 5:31 PM IST

ആധുനിക സാമൂഹികക്രമത്തില്‍ രൂപംകൊള്ളുകയും, പില്‍ക്കാലത്ത് നിശിതമായ വിമര്‍ശനങ്ങളേല്‍ക്കുകയും ചെയ്ത  ദേശീയതയെന്ന സങ്കല്‍പം 'ജാസിം' എന്ന മനുഷ്യന്റെ  ജീവിതത്തിന്റെ പ്രതിസന്ധികളുടെ ആധാരമാകുന്നതാണ് 'അഫ്‌റാജ്' എന്ന കഥ. ആധിപത്യവും പൗരത്വവുമുള്ള പിതാവിനേക്കാള്‍ പറിച്ചുനടപ്പെട്ട അമ്മയുടെ നഷ്ടമാണ് അയാളുടെ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും നിര്‍ണ്ണയിക്കുന്നത്.

literature book review Bhagavathiyude jada by KV Manikandans

എന്തെന്നോ ഏതെന്നോ അറിയാത്ത കാരണങ്ങളാല്‍ പെട്ടെന്ന് സങ്കടങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥകളെ നേരിട്ടപ്പോഴെല്ലാം ഏറ്റവും വെറുത്ത ആശ്വാസവാക്യം 'ഒറ്റ ജീവിതമല്ലേയുള്ളൂ, അത് ആഘോഷിച്ചു തീര്‍ക്കാ'മെന്നതാണ്. ചിട്ടപ്പെടുത്തലുകളില്‍നിന്ന്, ഒറ്റയടിപ്പാതയിലൂടെയുള്ള അച്ചടക്ക ജീവിതത്തില്‍നിന്ന്, കുതറിമാറാനുള്ള അനേകശ്രമങ്ങളിലാണ് കഥകള്‍ പിറവിയെടുക്കുന്നത്. ഓര്‍മ്മകളില്‍ സൂക്ഷിച്ചുവെച്ച ഏത് വൈകാരിക സന്ദര്‍ഭവും കഥാത്മകമാവുന്നത് അതില്‍ നിറയുന്ന അസാധാരണത്വംകൊണ്ടാണ്. 'ഒന്നെന്ന' ചട്ടയെ അഴിച്ച് അനേകമെന്ന സാധ്യതകളിലേക്ക് തുറക്കുന്ന വാതിലുകളാണ് പുതുകാല കഥയുടെ ജീവിതപരിസരം. അതിനാല്‍ കഥ പറച്ചിലെന്നത് ഈ സാധ്യതകളെ ഒരേ സമയം ഉള്‍ക്കൊള്ളുന്നതും ആവര്‍ത്തന വിരസതയെ തള്ളിക്കളയുന്ന സൂക്ഷ്മതകള്‍ പുലര്‍ത്തുന്നതുമാവണം. ഇത്തരം സൂക്ഷ്മതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന കഥയെഴുത്തുകാരനാണ് കെ വി. മണികണ്ഠന്‍. മണികണ്ഠന്റെ 'ഭഗവതിയുടെ ജട' എന്ന പുതിയ കഥാസമാഹാരം അതിന്റെ മികച്ച തെളിവാണ്.

അസാധാരണത്വവും പ്രതിസന്ധികളുമാണ് ഏതൊരു സന്ദര്‍ഭത്തെയും കഥയാക്കി നിര്‍ത്തുന്നത്. സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിച്ചൊരു പൊതുവാചകമാണത്. 'എന്തെല്ലാമുണ്ട്?' എന്നൊരു ചോദ്യത്തെ 'സാധാരണപോലെ പോകുന്നു' എന്ന മറുപടികൊണ്ട് നേരിടുമ്പോള്‍ കഥപറയാനുള്ള സാധ്യതയെ അടച്ചുകളയുകയാണ്. 'വായിച്ചിരിക്കാവുന്ന കഥയും' 'കണ്ടിരിക്കാവുന്ന സിനിമയു'മെന്ന വിലയിരുത്തലുകള്‍  ആസ്വാദനതലത്തെ ഒരര്‍ത്ഥത്തിലും പ്രകോപിപ്പിക്കാത്തവയാണ്.  വായിച്ചിരിക്കാവുന്നതില്‍നിന്ന് വായിച്ചിരിക്കേണ്ട കഥയെന്ന് തിരുത്തി പറയാവുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ഉത്തരാധുനിക കഥയുടെ സാഹിതീയതയെ നിര്‍ണ്ണയിക്കുന്ന സാംസ്‌കാരികലോകങ്ങളെയും രാഷ്ട്രീയതലങ്ങളെയും ഇവ സമര്‍ത്ഥമായി മറികടക്കുന്നു. പ്രാദേശികതയുടെ സൂക്ഷ്മലോകങ്ങളോ ചരിത്രബന്ധങ്ങളോ മണികണ്ഠന്റെ കഥകളുടെ കഥാവസ്തുവല്ല. ഗൃഹാതുരരായ, വിചിത്രസ്വഭാവമുള്ള കഥാപാത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന പ്രദേശങ്ങളാണ് ഓരോ കഥയുടെയും ഇടത്തെ നിര്‍ണ്ണയിക്കുന്നത്. കാഴ്ചയിലൂടെയും പ്രവൃത്തിയിലൂടെയുമാണ് ഇടങ്ങളുടെ അതിരും സംസ്‌കാരവും മണികണ്ഠന്‍ വേര്‍തിരിച്ചെടുക്കുന്നത്. എന്നാല്‍ അത് കേവലമായ ഭാവനാവ്യായാമമല്ല, അസാധാരണമായി സാധ്യമാകുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ്.

ആധുനിക സാമൂഹികക്രമത്തില്‍ രൂപംകൊള്ളുകയും, പില്‍ക്കാലത്ത് നിശിതമായ വിമര്‍ശനങ്ങളേല്‍ക്കുകയും ചെയ്ത  ദേശീയതയെന്ന സങ്കല്‍പം 'ജാസിം' എന്ന മനുഷ്യന്റെ  ജീവിതത്തിന്റെ പ്രതിസന്ധികളുടെ ആധാരമാകുന്നതാണ് 'അഫ്‌റാജ്' എന്ന കഥ. ആധിപത്യവും പൗരത്വവുമുള്ള പിതാവിനേക്കാള്‍ പറിച്ചുനടപ്പെട്ട അമ്മയുടെ നഷ്ടമാണ് അയാളുടെ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും നിര്‍ണ്ണയിക്കുന്നത്. ജാസിമിനെ ഒരു ശരീരമായും പിന്നീട്,  ജേര്‍ണലിസ്റ്റിന്റെ താല്പര്യത്തോടെയും സമീപിക്കുന്ന എലിസബത്തിനോട്   'തനിക്കൊരു കഥയുമില്ലെന്ന്',  മറ്റൊരു വിധത്തില്‍ പറയത്തക്ക ജീവിതമില്ലെന്നും കഥയുടെ തുടക്കത്തില്‍ ജാസിം പറയുന്നുണ്ട്. നഷ്ടങ്ങളും പുറത്താക്കലുകളുമാണ് അയാളുടെ ജീവിതത്തിന്റെ ദേശം. അതിരുകള്‍ കൃത്യമായ ശരീരത്തേക്കാള്‍ മനസ്സാണ് അയാളിലെ ജീവനെ അസ്വസ്ഥമാക്കുന്നത്. മാനസികമായി അയാള്‍ എലിസബത്തിലേക്ക് അടുക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ കഥകള്‍ അവള്‍ക്കുമുന്നില്‍ അഴിയുന്നത്. ജാസിമിന്റെ ശരീരം കിടക്കയിലിട്ട് ഉടയ്ക്കണമെന്ന എലിസബത്തിന്റെ ആഗ്രഹം, എല്ലാതരം ആധിപത്യത്തെയും ഉപേക്ഷിച്ച് ദോക്കയുടെ പുകപോലെ അവളില്‍ ലയിക്കുകയാണ്. അയാള്‍ക്ക് നഷ്ടമായ ദേശത്തിന്റെ സ്വാസ്ഥ്യമാണവള്‍. തെരേസയുടെ പേരില്‍ അയാള്‍ക്കുവന്ന ആധാര്‍ കാര്‍ഡ് അയാളുടെ സന്തോഷത്തിന്റെ ഭാഗമാകുന്നത് ഇതേ സ്വസ്ഥതയോടെയാണ്.  'നിനക്കെന്നല്ല ആര്‍ക്കും കഥയായി തോന്നുന്ന ജീവിതമാണ്' എന്റെതെന്ന് കഥയുടെ അവസാനത്തില്‍ ജാസിം തിരുത്തുന്നുണ്ട്. കഥയില്ലായ്മയില്‍നിന്നുള്ള മോചനമല്ല  കഥയാകുന്ന ജീവിതത്തിലേക്കുള്ള കുടുങ്ങിക്കിടപ്പാണ് അഫ്‌റാജിലൂടെ ഓരോ വായനക്കാരനും അനുഭവിക്കാന്‍ കഴിയുന്നത്.


കേരളത്തിന്റെ സാംസ്‌കാരികജീവിതത്തെ നിയന്ത്രിക്കുന്നതും ഒരുപരിധിവരെ നിര്‍ണയിച്ചുറപ്പിക്കുന്നതും മാധ്യമങ്ങളാണ്. ഇവ സാഹിത്യഭാവുകത്വത്തെയും സ്വാധീനിക്കുന്നുണ്ട്. മാധ്യമങ്ങളുടെ ആധിപത്യ ലോകത്തില്‍ തന്റെ പേരച്ചടിച്ചു കാണാനുള്ള ആഗ്രഹത്തെ അടക്കിവെയ്ക്കുന്ന, എഴുതാതിരിക്കാന്‍ കഴിവതും ശ്രമിക്കുന്ന എഴുത്തുകാരനാണ് താനെന്ന്, ആമുഖക്കുറിപ്പില്‍ മണികണ്ഠന്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാലും കഥയുടെ പണി (craft)യറിയാവുന്ന കഥാകാരന്റെ സൂക്ഷ്മത ഓരോ കഥയിലും പ്രകടമാണ്. മാധ്യമങ്ങളെപ്പോലും ഈ പണിയില്‍ വിരസമല്ലാതെ ഉപയോഗിക്കുന്നതാണ് കഥകളുടെ സാധ്യത. 'തത്ത്വമസി' 'എഡിറ്റര്‍' എന്നീ കഥകളില്‍ ഇത് വ്യക്തമാണ്.

മാധ്യങ്ങളുടെ വരവോടെ മാനുഷികമൂല്യങ്ങള്‍ക്ക് കാര്യമായ കോട്ടംതട്ടിയിട്ടുണ്ടെന്നും വികാരങ്ങള്‍ വില്പനച്ചരക്കാണെന്നുമുള്ള വിലാപങ്ങളല്ല ഈ കഥകള്‍. മാധ്യമസങ്കേതങ്ങളെതന്നെ  ഉപയോഗപ്പെടുത്തിയ  മുന്‍കാല കഥകളില്‍ പലതും ഈ വിലാപങ്ങളെ അതിവൈകാരികമായി സമീപിച്ചവയാണ്. എന്നാല്‍ മാധ്യമമുക്തമായൊരു വൈകാരിക ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവ് ഈ കഥാകൃത്തിനുണ്ട്. വികാരങ്ങള്‍ പങ്കുവെക്കുന്ന ഇടങ്ങളില്‍ അധികാരിയായ എഡിറ്റര്‍ ഇല്ലാതാവുന്നു എന്നതാണ് നവമാധ്യമങ്ങളുടെ വരവോടെ സംഭവിച്ചത്. നാല് വെട്ടുകള്‍കൊണ്ട് സത്തയെ ചോര്‍ത്തിക്കളയാവുന്ന ഒരു പണിമാത്രമാണ് എഡിറ്ററുടേത്. എഴുത്തിനെ എഴുത്താക്കി നിര്‍ത്തുന്ന,  അതിന്റെ പ്രചോദനമാകുന്ന, വൈകാരികതയാണ് സാഹിത്യം  വിനിമയം ചെയ്യുന്നതെന്നു പറയുന്ന കഥയാണ് 'എഡിറ്റര്‍'. ഇത്തരം സൂക്ഷ്മായ സാഹിതീയാംശങ്ങളും സാംസ്‌കാരിക ബോധ്യങ്ങളുമാണ്  മണികണ്ഠന്റെ കഥകളെ കഥാബാധയാക്കുന്നതെന്ന് അവതാരികയില്‍ സന്തോഷ് മാനിച്ചേരി പറയുന്നു.

കഥയുടെ ആഖ്യാനത്തില്‍ വൈവിധ്യവും ജാഗ്രതയും പുലര്‍ത്തുന്ന കഥാകൃത്താണ് മണികണ്ഠന്‍. പൂര്‍ണ്ണമായും വാട്‌സ്ആപ്പ് ചാറ്റിന്റെ രീതിയില്‍ എഴുതിയ 'തത്ത്വമസി' എന്ന കഥതന്നെ ഉദാഹരണം. യാദൃശ്ചികമായി ഉടലെടുക്കുന്ന ആകാംക്ഷകളാണ്, ഭാവങ്ങള്‍ക്കോ ആംഗ്യങ്ങള്‍ക്കോ അപ്പുറം ഒരു ചാറ്റില്‍ ആരെയും പിടിച്ചുനിര്‍ത്തുന്നത്. ഇതേ ആകാംക്ഷ നിലനിര്‍ത്തി കഥാഖ്യാനം നടത്തുകയും അതില്‍ രാഷ്ട്രീയം പറയുകയും ചെയ്യുകയാണ് ഈ കഥ. ഇന്റര്‍നെറ്റ് യുഗത്തെ സംബന്ധിച്ച് ഏറ്റവും കൊള്ളരുതാത്ത വാചകം, 'ലോകം വിരല്‍ത്തുമ്പിലാണ്' എന്നതാണ്. ലോകത്തെ വിരല്‍ത്തുമ്പിനോളം ചെറുതാക്കി നിര്‍ത്താന്‍ തുനിയുന്ന, എന്തിലേക്കും അഭിഗമിക്കാനാഗ്രഹിക്കുന്ന അധികാരിയായൊരു പുരുഷന്റെ ഭാവനയാണിതെന്ന് തോന്നാറുണ്ട്. എന്നാല്‍  സ്ത്രീയെ സംബന്ധിച്ച് ഇത്, അവരുടേതല്ലാതിരുന്ന  ജീവിതം അവരുടെ വിരല്‍ത്തുമ്പില്‍ വന്നുവെന്നതാണ്. സ്ത്രീ അനുഭവിക്കുന്ന അപ്രതിരോധ്യമായ ഏകാന്തതയെയും മടുപ്പിനെയും മറികടക്കാനുള്ള നിരവധി സാധ്യതകളെയാണ് ഈ മാറ്റം കൊണ്ടുവന്നത്. നവമാധ്യമങ്ങളുടെ പ്രചാരത്തോടെ പെണ്ണുങ്ങളും കുട്ടികളും വഴിതെറ്റുന്നുവെന്ന് വിലപിച്ചവരേറെയാണ്. ഭയത്തിന്റെയും അസ്വസ്ഥയുടെയും ആണ്‍ലോകത്തെയും വിമോചനത്തിന്റെ പെണ്‍ലോകത്തെയും 'തത്ത്വമസി'യെന്ന കഥയില്‍ തുറന്നുകാട്ടുന്നു. തന്റെ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ വ്യാജമായ സൗഹൃദവും ഭീഷണിയും ഉപയോഗിക്കുന്നയാളാണ് കഥയിലെ ആണ്‍. മറികടക്കാനാവാത്ത ആണ്‍സംഘര്‍ഷങ്ങള്‍ സംസാരത്തിലുടനീളം അയാള്‍ വെളിപ്പെടുത്തുന്നു. അക്ഷോഭ്യമാവാതെ, അല്‍പമെങ്കിലും തന്റെ ഏകാന്തതയില്‍ അയാള്‍ നല്‍കിയ പരിഗണനയെ  കണക്കിലെടുത്ത് പ്രതികരിക്കുകയാണവള്‍. കഥയുടെയൊടുക്കം 'താനാരാണെന്ന് മനസ്സിലായോ?'  എന്ന ചോദ്യത്തിന്, ഞാനത് മുന്നേ പറഞ്ഞുവല്ലോ എന്ന് അവള്‍ മറുപടിയയക്കുന്നു. 'തത്ത്വമസി' എന്ന വാക്ക് കഥ വായിക്കുന്ന ഏതൊരാണിനും അനുഭവമായി മാറുന്നത് കഥയുടെ അവസാനത്തെ കെട്ടുപൊട്ടലിലാണ്.


ഒറ്റജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ സ്വസ്ഥമാക്കി നിര്‍ത്താനാഗ്രഹിക്കുന്ന അപര ജീവിതങ്ങളാണ് 'ഭഗവതിയുടെ ജട'യിലെ കഥകളെല്ലാം. സാഹിതീയവും സാംസ്‌കാരികവുമായ മധ്യവര്‍ഗമലയാളി ജീവിതത്തിലെ ആണ്‍കൂട്ടങ്ങളെ പരിഹാസത്തോടെ തുറന്നു കാട്ടുന്നതാണ് 'ഭഗവതിയുടെ ജട' എന്ന കഥ. പ്രതിനിധാന സ്വഭാവമുള്ള കഥാപാത്രങ്ങള്‍ കപടമായി ജീവിതത്തെ സമീപിക്കുന്നതിന്റെ നേര്‍ച്ചിത്രങ്ങളാണിതില്‍. വിശേഷാധികാരമുള്ള (Privileged) 'ആണുങ്ങള്‍' അനുഭവത്തിനുവേണ്ടി മാത്രം തിരഞ്ഞെടുക്കുന്ന സാഹചര്യത്തിലേക്ക്, ചെറുതെങ്കിലും മാനുഷികവും  ആഴമുള്ളതുമായ വേദനയോടെ  കടന്നുവരുന്ന ഒരു പെണ്ണാണ് ഈ പൊള്ളത്തരങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ, രണ്ട് കഥകള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ സമാഹാരത്തിലെ ആറുകഥകളും 'ആണി'ന്റെ കാപട്യങ്ങളെ തുറന്നുകാട്ടുന്നവയാണ്. എന്നാല്‍ അത്  ആണ് -പെണ്ണ് എന്ന കേവലമായ ഇരട്ടവൈപരീത്യത്തില്‍(Binary Opposition) ഒതുങ്ങുന്ന ഒരു വിമര്‍ശനവുമല്ല.

 

literature book review Bhagavathiyude jada by KV Manikandans

തന്റെ സ്വാഭാവികതയെ പരീക്ഷണമായി മാത്രം കാണുന്ന പുരുഷനോടുള്ള സ്ത്രീയുടെ പ്രതികാരമാണ് 'ഗിനിപ്പന്നികള്‍ക്കുമുണ്ടാകാം പ്രതികാരചിന്തകള്‍' എന്ന കഥ. അഭയുടെ കൊലപാതകത്തില്‍ പങ്കുപറ്റുകയും ജാനകിയുമായുള്ള ഇടപെടലില്‍ തന്റെ പുതിയ പ്രൊജക്റ്റിന്റെ പരസ്യവാചകം കണ്ടെത്തുകയും ചെയ്യുന്ന സുരേന്ദ്രന്‍,  നായകപരിവേഷത്തിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഭോജ്പുരിയില്‍ എഴുതിയ ഒരു വാചകമാണ് കഥയിലെ ആണിനെ അപകര്‍ഷനാക്കുന്നത്.  ജോലികൊണ്ടായാലും (ഒരു പക്ഷേ നിങ്ങള്‍ ഷൂട്ട് ചെയ്യപ്പെടുകയായിരിക്കാം) കരുത്തുകൊണ്ടായാലും (ബലാത്സംഗം ചിലപ്പോഴെങ്കിലും സ്ത്രീവിരുദ്ധമല്ല) സാമൂഹികമായ അവസ്ഥകള്‍ കൊണ്ടായാലും (തത്ത്വമസി) അന്യജീവിതത്തിന്റെ പങ്കുപറ്റിയല്ലാതെ അസ്തിത്വമില്ലാത്ത ആണിന്റെ ലോകങ്ങള്‍ എത്രമാത്രം അപക്വമാണെന്ന് കഥകള്‍ തുറന്നുകാട്ടുന്നു.

'ഭഗവതിയുടെ ജട' എന്ന സമാഹാരത്തിന്റെ ഭാവുകത്വത്തെ, കഥാസാഹിത്യത്തിലെ അതിന്റെ സ്ഥാനികത്വത്തെ അല്‍പമെങ്കിലും അലോസരപ്പെടുത്തുന്ന കഥയാണ് 'ചിതറിയ വറ്റുകള്‍'. ദേശത്തോടും ഭൂതകാലത്തോടുമുള്ള വൈകാരികമായ സുഖസ്മരണമാത്രമാണ് കഥയിലെ ശിവനെ നയിക്കുന്നത്. സമാഹാരത്തിലെ കഥകളുടെ കാലഗണന പരിഗണിക്കുമ്പോള്‍ ഇത് ആദ്യത്തെ കഥയാവാം. മണികണ്ഠന്റെ കഥകള്‍ക്കുണ്ടായ നിശ്ചിതമായ മാറ്റത്തെ അടയാളപ്പെടുത്താന്‍ മറ്റുകഥകളെ ഈയൊരു കഥയുമായി ചേര്‍ത്തുവായിക്കാം. സമാഹാരത്തെക്കുറിച്ചുള്ള പ്രധാന വിമര്‍ശനവും 'ചിതറിയ വറ്റുകളെ'ന്ന കഥയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ്. എന്നിരിക്കിലും മാറിവരുന്ന കാലത്തിന്റെ സാഹിതീയ സംസ്‌കാരത്തോട്, മനുഷ്യബന്ധങ്ങളോട്, കേരളീയ സമൂഹത്തോട് സ്പഷ്ടമായി സംവദിക്കുന്ന കഥകളാണ് 'ഭഗവതിയുടെ ജട'യിലുള്ളത്.

കഥപറച്ചിലിന്റെ പുതിയ ലോകമാണ് മണികണ്ഠന്റെ കഥകളെന്ന് നിസ്സംശയം പറയാം. 'ഞാന്‍' എന്ന സ്വത്വം നേരിടുന്ന ഓരോ പ്രതിസന്ധികളിലും അവ അനേകം ജീവിതങ്ങളെ പകരം വെക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. കഥാകൃത്ത്  പറയുംപോലെ  എഴുതാതിരിക്കാനുള്ള അയാളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍, കഥയുടെ  ഇന്ധനമായി തീരുന്ന  നിര്‍ബന്ധങ്ങളും സ്‌നേഹവുമായി  ഇതേ  വായനക്കാരന്‍ തന്നെ  പ്രവര്‍ത്തിക്കുന്നു.  മുറുക്കങ്ങളെ അഴിച്ചുവെച്ച് കഥയെ സമീപിക്കുന്ന വായനക്കാരോട്  മാത്രം ഈ കഥകള്‍ സംസാരിക്കുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios