മനുഷ്യര്‍ ഉള്ളിനുള്ളില്‍ സൂക്ഷിക്കുന്ന ലോകങ്ങളുടെ ആത്മകഥകളാണ് ഫര്‍സാന അലിയുടെ കഥകള്‍. വിചിത്രവും അസാധാരണവുമായ വൈകാരിക ലോകങ്ങളിലേക്കുള്ള  സഞ്ചാരങ്ങള്‍. ആന്തരിക ലോകങ്ങള്‍ കുത്തിത്തുറന്നു പരിശോധിക്കുന്ന കള്ളനെപ്പോലെ അവ മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണ്ണതകള്‍ പുറത്തിടുന്നു. ഒരു പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ എന്ന പോലെ വൈകാരികതയുടെ ഉള്‍വനങ്ങളിലെ കാറ്റുവരവുകളുടെ സ്രോതസ്സുകള്‍ പിടിച്ചെടുക്കുന്നു. സ്‌നേഹത്തിനും ദു:ഖത്തിനുമിടയില്‍ ഊയലാടുന്ന മനുഷ്യരുടെ ആന്തരിക ലോകങ്ങളെ അടയാളപ്പെടുത്തുന്നു. ഏറ്റവും ലളിതമായാണ് അതിസങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളെ ഫര്‍സാനയുടെ കഥകള്‍ പകര്‍ത്തുന്നത്.

വൈകാരികമായ കടലിളക്കങ്ങള്‍ പോലും ചെറുകഥയുടെ കൃത്യമായ അതിരുകളില്‍ ഭദ്രമായി ഒതുക്കുന്ന രചനാരീതിയാണ് അതിന്. ഏറ്റവുമടുത്ത ഒരാളോട് പതിയെ സംസാരിക്കുന്നതുപോലെ, അങ്ങേയറ്റം സ്വകാര്യമായ ഒരനുഭവമായി ഫര്‍സാനയുടെ കഥകള്‍ മാറുന്നത് ഇതിനാലാണ്. ഒരു വര്‍ഷമായിട്ടേയുള്ളൂ ഫര്‍സാനമലയാള ചെറുകഥാലോകത്ത് സജീവമായിട്ട്. അതിവേഗമാണ് ആ കഥകള്‍ ശ്രദ്ധിക്കപ്പെട്ടത്. മുഖ്യധാരാ ആനുകാലികങ്ങളില്‍ വന്ന ആ കഥകള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും സ്വീകരിക്കപ്പെട്ടതും പെട്ടെന്നായിരുന്നു. സാഹിത്യം എല്ലാ കാലത്തും കണ്ണുവെച്ച വൈകാരിക ഇടങ്ങളെ സവിശേഷമായ കൈയടക്കത്തോടെ സമീപിക്കുന്ന രചനാകൗശലവും ലാളിത്യവും തന്നെയാണ് ആ അവസ്ഥ സൃഷ്ടിച്ചത്. 

 

സചേതനം അയാള്‍

ഹൃദയത്തില്‍ നിന്നുമുള്ള അടക്കാനാവാത്ത ദാഹമാണ് പ്രണയം.

നൊടിയിടെ, ഖലീല്‍ ജിബ്രാന്റെ ഈ വാക്കുകള്‍ പിറകില്‍ നിന്നാരോ മന്ത്രിക്കുന്ന പോലെ തോന്നി ചേതനയ്ക്ക്. അല്ലെങ്കിലും മനസ്സിനറിയാതിരിക്കില്ലല്ലോ ഹൃദയത്തിന്റെ തേട്ടം. സിരകളിലേക്ക് പടര്‍ന്നു പിടിച്ച സ്വപ്നങ്ങളുടെ ഉന്മാദത്തിലേറി ഗാഢനിദ്രയിലേക്കു വീണു തുടങ്ങിയപ്പോഴായിരുന്നു, കനത്ത മഴ പെയ്തു തോര്‍ന്ന രാത്രിയുടെ നിശ്ശബദ്തയെയും കീറിമുറിച്ചു അയാളുടെ വാക്കുകള്‍ ഫോണിലൂടെ അവളിലേയ്‌ക്കെത്തിയത്. ചോര 
ചീറ്റിക്കൊണ്ട് പിടഞ്ഞിരുന്ന ഹൃദയം ഒരു വേള നിശ്ചലമായ പോലെ, എത്ര നേരം ഫോണ്‍ കാതോടു ചേര്‍ത്തുപിടിച്ചു ആ ഇരിപ്പു തുടര്‍ന്നെന്ന് ചേതനയ്ക്ക് നിശ്ചയം പോരായിരുന്നു. അയാള്‍ കശക്കിയെറിഞ്ഞ കനപ്പിച്ച വാക്കുകള്‍ ബോധമണ്ഡലത്തിന്റെ ഉള്ളറകളില്‍ പതിഞ്ഞിട്ട് നിമിഷങ്ങളേറെ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും മനസ്സിന്റെ അറ്റങ്ങളില്‍ അവ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.

'നമുക്ക് പിരിയാം ചേതൂ.. ഇനിയൊരിക്കലും നീയെന്നെ കേള്‍ക്കില്ല..'

'ഹാ.. കഷ്ടം! എത്രയെളുപ്പത്തില്‍ അയാള്‍ക്കിത് പറയാന്‍ കഴിഞ്ഞു! ചിന്താശക്തിയും വിവേകവും നഷ്ടപ്പെട്ടു, വെറുമൊരു ജഡമായി തീര്‍ന്നുവോ അയാള്‍? മജ്ജയും മാംസവുമുള്ള എന്റെ പ്രണയത്തെ കാണാനുള്ള ഉള്‍ക്കണ്ണ് അയാള്‍ക്കെവിടം വച്ചാണ് കൈമോശം വന്നത്!'' വിടരാന്‍ വെമ്പിനില്‍ക്കുന്ന പൂമൊട്ടിനോട് ഉടന്‍ വാടിക്കരിയാന്‍ ആജ്ഞാപിച്ച പോലെയേ അയാളുടെ വാക്കുകളെ അവളുടെ മനസിനു വ്യാഖ്യാനിക്കായുള്ളൂ.

മദ്യ ചഷകങ്ങളെ കമിഴ്ത്തി വെച്ചു, നിന്നോടുള്ള പ്രണയത്തോളം ലഹരി മറ്റൊന്നിനുമില്ല എന്നയാള്‍ മൊഴിഞ്ഞിട്ട് വാരം ഒന്നു കഴിഞ്ഞുവോ?
നിന്നോളം ചെറുതായി എനിക്ക് നീയാകണം ചേതൂ എന്ന് പ്രണയ വിവശനായി, മന്ദമാരുതന്റെ  കുളിര്‍മ്മയോടെയുള്ള വാക്കുകളിലൂടെ എന്നോടോതിയത് ഇത്രയെളുപ്പത്തില്‍ അയാള്‍ക്കെങ്ങനെ മറക്കാനായി?

നിന്റെ വാക്കുകളാല്‍ ഉന്മത്തമാവാത്ത ഒരു രോമകൂപങ്ങള്‍ പോലും എന്നിലില്ല എന്നു പറഞ്ഞിട്ടിപ്പോള്‍...! ഇപ്പോള്‍ പറഞ്ഞ വാക്കുകളില്‍ തെന്നലിന്റെ ആര്‍ദ്രതയോ, മനസ്സലിയിപ്പിക്കുന്ന സൗകുമാര്യമോ ഇല്ലായിരുന്നു. കൊടുങ്കാറ്റിന്റെ ഊക്കും, ഭയാനകതയും ഒന്നിച്ചടങ്ങിയതായിരുന്നു ആ വാക്കുകള്‍.

വെളിച്ചം ചെന്നിട്ടില്ലാത്ത ചേതനയുടെ പ്രണയവാനില്‍ പൊടുന്നനെ ഒരു നാളില്‍ പ്രത്യക്ഷപ്പെട്ട കടുത്ത ശോഭയുള്ള താരകമായിരുന്നു അയാള്‍. സാമൂഹ്യപ്രവര്‍ത്തനങ്ങളും, മോട്ടിവേഷന്‍ ക്ലാസ്സുകളുമായി ഊരു ചുറ്റി നടന്നിരുന്ന അവളെ പ്രണയവചനങ്ങള്‍ക്കുള്ളില്‍ തറച്ചിട്ടത് അയാളായിരുന്നു. അന്ന്, തെരുവിലെ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള ധനശേഖരണാര്‍ത്ഥം ടൗണ്‍ഹാളില്‍ വെച്ച് അരങ്ങേറിയ നാടകത്തിനു തിരശ്ശീല വീണപ്പോള്‍, പിഞ്ഞിയ കോട്ടണ്‍ സാരിയും പാറിപ്പറത്തിയ മുടിയുമായി ഭിക്ഷക്കാരിയായുള്ള പകര്‍ന്നാട്ടത്തിനു ശേഷം ഗ്രീന്‍ റൂമിലേക്ക് മടങ്ങുകയായിരുന്നു ചേതന. ആ സമയത്താണ്, വിയര്‍പ്പു പരന്നൊഴുകിയ അവളുടെ കണ്ണുകള്‍, ടീമിനെ അനുമോദിക്കാനായി സ്റ്റേജിലേക്കു കയറിയ ചിലരുടെ കൂട്ടത്തിലുണ്ടായിരുന്ന അയാളുടെ കണ്ണുകളുമായി കോര്‍ത്തത്. അവളുടെ ഹൃദയം കാണാച്ചരടില്‍ കുരുങ്ങി ഞെരിയുകയായിരുന്നു ആ നിമിഷം തന്നെ. ജലാശയത്തിനു പുറത്തേക്കു വീണ കുഞ്ഞുമത്സ്യം ശ്വാസത്തിനായി പിടയും പോലെ, ചേതനയുടെ ആത്മാവ് പിടഞ്ഞു. അവളുടെ ഹൃദയത്തിനാഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങി ആത്മാവിനെ അയാള്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. മറിച്ചായിരുന്നില്ല അയാള്‍ക്കും. അന്ന്, ആത്മാക്കളുടെ പരസ്പര മന്ത്രണത്താല്‍ ഉണര്‍ത്തപ്പെട്ട ആ പ്രണയത്തിനു പിന്നീട് ഉറക്കം അന്യമായി തീര്‍ന്നിരുന്നു. രണ്ട് ആത്മാക്കള്‍ പ്രണയത്താല്‍ ബന്ധിതരാകുന്നത് അപ്രതീക്ഷിതമായുള്ള ആദ്യ കാഴ്ചയിലൂടെയാണ്.

..............................................................................................................

വെളിച്ചം ചെന്നിട്ടില്ലാത്ത ചേതനയുടെ പ്രണയവാനില്‍ പൊടുന്നനെ ഒരു നാളില്‍ പ്രത്യക്ഷപ്പെട്ട കടുത്ത ശോഭയുള്ള താരകമായിരുന്നു അയാള്‍.

..............................................................................................................

അപൂര്‍ണ്ണമായ അവളുടെ ജീവിത വഴിത്താരയിലെവിടെയോ ആയിരുന്നല്ലോ ആ പ്രഥമ സമാഗമം. കോളേജ് പഠനകാലം മുതല്‍ പല സംഘടനകളുമായി ചേതന ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. വിശപ്പിനെ പഴിചാരി മടിക്കുത്തഴിച്ചു സ്വന്തം ശരീരത്തിനായി വിലപേശുന്ന സ്ത്രീകളുടെയും ദേഹം പങ്കു വെക്കലോടെ ദേഹി വിട്ടകന്ന പ്രണയത്തിന്റെ ശേഷിപ്പുകളായി അവശേഷിച്ച അവിവാഹിതരായ അമ്മമാരുടെയും പ്രശ്‌നങ്ങളിലേക്ക് എന്നും അവള്‍ ഇറങ്ങിച്ചെന്നിരുന്നു. അവരില്‍ നിന്നും പുരുഷന്റെ നന്മ മുഖങ്ങളെക്കാളേറെ അനീതിയുടെ വികൃത മുഖങ്ങളെപ്പറ്റി കേട്ടതു കൊണ്ടാകാം, പ്രണയം തളിര്‍ക്കാന്‍ മടിക്കുന്നൊരു തരിശു ഭൂമിയായായിരുന്നു തന്റെ മനസ്സിനെ എന്നും ചേതന വിശേഷിപ്പിച്ചതും. എന്നാല്‍, പ്രണയത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധവും ഊഷ്മളതയും അന്യം നിന്ന ചേതനയുടെ വരണ്ടു കീറിയ മനസ്സിനു മുന്‍പില്‍ പ്രണയ ദാഹവുമായെത്തിയ പ്രേമഭിക്ഷുവും അല്ലായിരുന്നല്ലോ അയാള്‍!

പിന്നെയോ...?

വളര്‍ന്നു വന്ന പരിചയത്തിലൂടെ, വാക്കുകളും നോട്ടങ്ങളും പരസ്പരം കൈമാറിയപ്പോള്‍, പലപ്പോഴും അവള്‍ പറയാന്‍ തുനിഞ്ഞ കാര്യങ്ങള്‍ ഞൊടിയിടയില്‍ അയാളുടെ വായില്‍ നിന്നും ഉതിര്‍ന്നു വീണപ്പോഴും അത്ഭുതകരമായ പരഹൃദയജ്ഞാനം പരസ്പരമുണ്ടെന്ന് മനസ്സിലാക്കിയപ്പോഴും മനസ്സുകളുടെ സഞ്ചാര വഴികളില്‍ പോലും അഭേദ്യയൊരു സാമ്യത ഉണ്ടെന്ന് തോന്നിയപ്പോഴും ആയിരുന്നോ ആത്മാവിന്റെ പ്രണയബന്ധനം അവര്‍ തിരിച്ചറിഞ്ഞത്? അതോ, അപൂര്‍ണ്ണമായ ഈ ജീവിതചിത്രം പൂര്‍ണ്ണമാകാന്‍ നാനാവര്‍ണ്ണത്തില്‍ മുങ്ങിയ അയാളെന്ന തൂലികയുടെ ഉരസല്‍ വേണമെന്ന് ചേതനയ്ക്ക് മാത്രം തോന്നിയത് കൊണ്ടായിരുന്നോ? 

അറിയില്ല.

പക്ഷെ, ഒന്നറിയാം. ഒരായിരം ശരികളുടെ ബലമുള്ള സത്യം. അത്, കറുത്ത പുറംചട്ടയുള്ള അവളുടെ ഡയറിയുടെ താളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
''എന്നെത്തിരഞ്ഞ ഞാന്‍ എന്നെ കണ്ടെത്തിയത് അയാളിലായിരുന്നു. അയാളും ഞാനായിരുന്നു..''

അതിനാലാണല്ലോ അവള്‍ക്ക് അയാളെ നോവിക്കാനാവാത്തത്; അയാളുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റാന്‍ ഏറെ യത്‌നിക്കുന്നതും. നടു പകുത്തു, മുട്ടോളമെത്തുന്ന, മെടഞ്ഞിട്ട എണ്ണമയമുള്ള നീണ്ട മുടിയാണ് പെണ്ണിനഴകെന്ന് അയാള്‍ പറഞ്ഞപ്പോള്‍, മാസങ്ങള്‍ക്കു മുന്‍പ് തോളറ്റം വരെ വെട്ടിയ, ഷാംപൂ പതപ്പിച്ച മുടിയിഴകളെ വിരലില്‍ തെരുത്തു ചേതന വിഷമിച്ചതും അതിനാലാണല്ലോ..

വില്ലാകൃതിയില്‍, ആണ്‍ഹൃദയത്തിനു നേരെ പ്രണയത്തിന്റെ അമ്പെയ്യാനുതകുന്നവയായിരിക്കണം പ്രണയിനിയുടെ പുരികക്കൊടികള്‍ എന്ന് അയാളുടെയൊരു കവിതാസമാഹാരത്തില്‍ വായിച്ചതിന്റെ പിറ്റേനാളില്‍ തന്നെ, കട്ടി കൂടിയ അവളുടെ പുരികങ്ങള്‍ നൂലിഴയിലൂടെ കടത്തി വടിച്ചു വില്ലാകൃതിയിലേക്കാക്കിയതും അതിനാല്‍ മാത്രമായിരുന്നല്ലോ..

അയാളുമായുള്ള കുഞ്ഞു കലഹങ്ങള്‍ പോലും കണ്ണുനീരിന്റെ ഉപ്പുരസം പടര്‍ന്ന തലയിണയെ അവള്‍ക്കായി ബാക്കിയാക്കാറുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും രോഷത്തെ അടയ്ക്കാനാവാതെ, ക്രുദ്ധനാവുന്ന അയാള്‍ക്കു മുന്‍പില്‍ മറുപടി പറയാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍, പല വേദികളെയും വാക്കുകളാല്‍ ആവേശഭരിതമാക്കുന്ന താനെന്ന പ്രാസംഗികയെ വ്യഗ്രതയോടെ ചേതന ഉള്ളില്‍ തിരയാറുണ്ട്. 

'ഞാനിത്രയും ദുര്‍ബലയായിരുന്നോ? അയാളുടെ അവഗണനയുടെ നേരിയ തീച്ചൂട് പോലും ഏറ്റു വാങ്ങാന്‍ എന്റെ ഹൃദയം അശക്തമാണല്ലോ! അയാളോടുള്ള എന്റെ പ്രണയം ഹൃദയഭിത്തികളും കടന്നു, ആത്മാവിന്റെ അഗാധതയില്‍ അലിഞ്ഞു ചേര്‍ന്നുവോ. എല്ലാം അയാള്‍ക്കറിയാമല്ലോ! നിര്‍ലോഭം കാണിച്ചിരുന്നല്ലോ എന്റെ പ്രണയവും, സ്‌നേഹവും.. എന്നിട്ടും..' തേങ്ങലോടെ ചേതന ഓര്‍ത്തു.

അതേ.. ഒരിക്കല്‍ അയാള്‍ പറഞ്ഞിരുന്നു. 'ചേതൂ... നമുക്കിടയിലൊരു വിടപറച്ചില്‍ ഉണ്ടാകുമെങ്കില്‍, അത് നിര്‍ദ്ദേശിക്കുക ഞാനായിരിക്കും. പിരിയാം എന്നുള്ള വാക്കുച്ചരിക്കുന്നത് ഞാനേറെ ഖിന്നനായും കൂടെയായിരിക്കും.'

'നമുക്ക് പിരിയാം ചേതൂ.. ഇനിയൊരിക്കലും നീയെന്നെ കേള്‍ക്കില്ല..' 

അയാളുടെ വാക്കുകളുടെ തനിയാവര്‍ത്തനം മനസ്സില്‍ വീണ്ടും അലയടികളായപ്പോള്‍ ദു:ഖത്തോടെ ചേതന പരതിനോക്കി; ഹൃദയ വേദനയുടെ സങ്കടക്കുമിളകള്‍ ഉയര്‍ന്നു പൊങ്ങിയിരുന്നോ അയാളുടെ ആ വാക്കുകളില്‍? കൊല്ലന്റെ ആലയിലെ അഗ്നിയിലുരുകി നീറുന്ന ഇരുമ്പു കഷണത്തിന്റെ തിളച്ചു മറിഞ്ഞ പൊള്ളല്‍ ഉണ്ടായിരുന്നോ അയാളുടെ ആ വാക്കുകളില്‍?

ഇല്ല; ഉണ്ടായിരുന്നില്ല! 

എന്താണയാള്‍ ഇങ്ങനെ ആയിപ്പോയത്?

മറ്റൊരു നാള്‍ അവള്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചിരുന്നു:

'എന്റെ ആത്മാവിന്റെ ഓരോരോ കണികകളും അയാളുടെ പ്രണയത്തിനായി കേഴുന്നത് അയാള്‍ അറിയുന്നില്ലെന്നുണ്ടോ? എന്റെ പ്രേമതപസ്യയെ തഴയാന്‍ എന്നെങ്കിലും അയാള്‍ക്കാവുമോ? മരവിച്ചയെന്റെ ആത്മാവിനെ ഉദ്ദീപിപ്പിക്കാന്‍ അയാളുടെ വാക്കുകളുടെ തലോടലിനു മാത്രമേ ആവൂ എന്നു ഞാനെങ്ങനെ അയാളെ ബോധ്യപ്പെടുത്തും! കേവലം ഉടലിന്റെ തേടല്‍ അല്ലായിരുന്നല്ലോ അയാള്‍.. ആഹ്! പ്രണയത്തെ പോലും പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത് അയാളല്ലയോ!''

..............................................................................................................

എന്നിട്ടിതാ.. ഇപ്പോള്‍.. പ്രണയത്തിന്റെ മുഴുവന്‍ ഉന്മാദവും മനസ്സിലേക്കും ആത്മാവിലേക്കും പ്രവഹിപ്പിച്ച ശേഷം അയാള്‍ പറയുന്നു, 'നമുക്ക് പിരിയാം ചേതൂ..'

..............................................................................................................

അയാളുമായുള്ള കൂടിക്കാഴ്ചകള്‍ പോലും വിരളമായിരുന്നു. പ്രമുഖനായ പത്രപ്രവര്‍ത്തകന്റെയും കവിയുടെയും രൂപഭാവത്തില്‍ പലയിടങ്ങളിലും അവിചാരിതമായി അവര്‍ പരസ്പരം കാണാറുണ്ട്. അപ്പോഴെല്ലാം ഹൃദയം വലിച്ചു അയാളിലേയ്ക്കടുപ്പിക്കും പോലുള്ള തിളങ്ങുന്ന കണ്ണുകള്‍ ചേതനയുടെ ഹൃദയാന്തരത്തെ തളര്‍ത്തും. സമൂഹമെന്ന സംശയദൃഷ്ടിയുള്ള കഴുകനെ ഭയന്നെന്ന പോലെ, ഉടന്‍ തന്നെ അവളില്‍ നിന്നും കണ്ണുകളെ അയാള്‍ പറിച്ചെറിയുന്നത് നിര്‍വികാരതയോടെ അവള്‍ നോക്കിക്കാണാറുണ്ട്.

ചേതനയുടെ സ്വപ്നങ്ങളെ ഭരിച്ചിരുന്ന അരൂപനായ ഉത്തമ പുരുഷനായിരുന്നില്ല അയാളൊരിക്കലും. പക്ഷെ, അയാളിലെ അപൂര്‍ണ്ണതകള്‍ക്കു പോലും ഹൃദയതാളത്തോടു ചേര്‍ത്തു വെച്ചു, അവള്‍ പൂര്‍ണ്ണതയേകി. അതു കൊണ്ടാണല്ലോ ഏറെ വെറുത്തിരുന്ന, ശ്വാസം മുട്ടിച്ചിരുന്ന കത്തുന്ന സിഗരറ്റിന്റെ വാസന പോലും അവള്‍ക്കിന്നേറെ ആസ്വാദ്യകരമാകുന്നത്.. 

അന്നൊരിക്കല്‍, നഗരത്തിരക്ക് വിഴുങ്ങാത്ത കുന്നിന്‍ ചരുവില്‍ വെച്ചു, അവളുടെ കൈത്തലം വാരിപ്പുണര്‍ന്നു കൊണ്ടയാള്‍ പറഞ്ഞു.. 
'ചേതൂ... നീയെന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയിനിയോ കാമിനിയോ അല്ല. ഒരു പക്ഷെ, അവസാനത്തേതും ആയേക്കില്ല. ഏതൊരു ബന്ധത്തിന്റെ കൊളുത്തിലും ബന്ധനസ്ഥനാകാന്‍ കഴിയുന്നവനല്ല ഞാന്‍. എന്റെ ആത്മാവിനെ പ്രണയ വചസ്സുകള്‍ കൊണ്ട് കീറിമുറിച്ചു ഉന്മാദം നല്കാന്‍ നിന്നെക്കാളേറെ കഴിയുന്ന മറ്റൊരുവള്‍ ഉണ്ടാവില്ലെന്നും എനിക്കറിയാം. എങ്കിലും, ഒരു കാര്യത്തില്‍ മാത്രമേ എനിക്കിപ്പോള്‍ വാക്കു നല്‍കാനാവൂ.. നീ എന്നോടൊപ്പം ഉള്ള നാളിലത്രയും മറ്റൊരു പെണ്‍കുട്ടിയെ പ്രണയിക്കാനോ കാമിക്കാനോ എനിക്കാവില്ല.. നിന്നോടുള്ള പവിത്രമായ പ്രണയം കൊണ്ടുതന്നെ, നിന്റെ സദാചാരമായിരിക്കും നമുക്കിടയില്‍ എന്റെയും ആചാരം..'

അയാളെ തൊട്ടുരുമ്മിയ അവളുടെ ദേഹത്തെ വിടുവിച്ചായിരുന്നു അയാളത്രയും പറഞ്ഞത്.

കാറ്റില്‍ വീശിയാടുന്ന നേര്‍ത്ത മരച്ചില്ലകളെ നോക്കിയിരുന്നു, നിലാവു പെയ്തിറങ്ങിയ ആ രാത്രിയില്‍ ഡയറിയില്‍ അവള്‍ ഇങ്ങനെ കുറിച്ചു:

''അയാളില്‍ നിന്നും പുറത്തേക്കു വരുന്ന ഓരോ വാക്കുകള്‍ക്കുമായി കാതും മനസ്സും കൂര്‍പ്പിച്ചു വെയ്ക്കാന്‍ ഇപ്പോള്‍ എനിക്ക് ഭയമാണ്. അയാളെ പ്രണയിച്ചതു പോലെ, ആര്‍ക്കും പിടിതരാത്ത അയാളുടെ ഈ ഭ്രാന്തുകളെ പോലും ഞാന്‍ വല്ലാതങ്ങു പ്രണയിച്ചു പോകുന്നുവല്ലോ... അയാളെ എങ്ങനെയാണു എനിക്കൊന്നു മനസ്സിലാക്കാനാവുക!''

മറ്റൊരു നാളില്‍, അവളുടെ തറവാട്ടിലെ ഉത്സവം കൂടാന്‍ അയാളെ ക്ഷണിച്ചു. യാഥാസ്ഥികരായ അച്ഛനും അമ്മയ്ക്കും മുന്‍പില്‍ അയാളെന്ന പ്രഹേളികയെ എങ്ങനെ അവതരിപ്പിക്കുമെന്ന സംശയത്തോടെ തന്നെയായിരുന്നു അത്. ക്ഷണത്തിനു മറുപടി അയാളില്‍ നിന്നും ഉടനടി ഉണ്ടായി.

'ദൈവമുണ്ടെന്നു തന്നെ വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍. സ്‌നേഹമാണ് ഞാന്‍ വിശ്വസിക്കുന്ന മതം, ത്യാഗമാണെന്റെ ജാതിയും.. അങ്ങനെയുള്ള ഞാന്‍ ഉത്സവം കൂടാന്‍ വരുന്നതിലും വലിയ തമാശ മറ്റെന്തുണ്ട് ചേതൂ? നിന്റെ കുടുംബക്കാര്‍ക്കിടയിലോ, കൂട്ടുകാര്‍ക്കിടയിലോ ഇണങ്ങാന്‍ ഒട്ടും യോജ്യനല്ല ഞാന്‍, ഞാനെവിടെയും ചേരുന്നവനല്ല.. ഒറ്റയാനാവാനാണ് എനിക്കിഷ്ടം. കുടുംബം, കുട്ടികള്‍ എന്നിവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാകും എന്നും നീ ധരിക്കരുത് ചേതൂ...' ആര്‍ദ്രതയോടെ, ലഘുവായൊന്നു ചിരിച്ചു കൊണ്ടായിരുന്നു അയാളത് പറഞ്ഞതും.

എന്തു കൊണ്ടോ, അയാളെയെന്ന പോലെ അയാളുടെ തുറന്നു പറച്ചിലുകളും അവള്‍ക്കേറെ പ്രിയമായിരുന്നു. അവളുടെ ഡയറിയുടെ ഒരു താളില്‍, കറുപ്പ് മഷിയാല്‍ അന്നൊരിക്കല്‍ ഇങ്ങനെ എഴുതി.. ''തിരക്കേറിയ ബസ്സില്‍ വെച്ചാണ് ആ മണം എന്റെ നാസാഗ്രങ്ങളെ കടന്നു പിടിച്ചത്. അതെ, അയാളുടെ ചുണ്ടിന്റെ ഗന്ധം! ആരോ പുകച്ചു വിട്ട സിഗരറ്റിന്റെ മണത്തില്‍ ലയിച്ചു, കണ്ണുകളുമടച്ചു ഗാഢമായ ചിന്തകളിലേക്ക് എത്ര വേഗത്തിലായിരുന്നു ആഴ്ന്നിറങ്ങി പോയതെന്ന് ഓര്‍മ്മയില്ല. അയാളെ വല്ലാതെ ഓര്‍ത്തുപോയി ആ നിമിഷം! സിഗരറ്റു ചുവയ്ക്കുന്ന അയാളുടെ വാക്കുകളെ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു ഉടനെ ഫോണില്‍ വിളിച്ചതും. പക്ഷെ, അയാള്‍ എടുത്തില്ലല്ലോ!''

അയാളൊരു മരീചികയായിരുന്നു ചേതുവിനെന്നും. ആവേശത്തോടെ ഓടിയെത്തുമ്പോഴേക്കും അപ്രത്യക്ഷനായിക്കൊണ്ടേയിരുന്നു അയാള്‍. ഒരു പക്ഷെ, അവളുടെ പ്രണയം സ്വാര്‍ത്ഥതയുടെ മേലങ്കിയണിഞ്ഞു അയാളെ വിടാതെ പിടികൂടുകയായിരുന്നു പലപ്പോഴും. രാത്രിയുടെ തിരക്കൊഴിഞ്ഞ വേളകളില്‍, നേരം പുലരുവോളം അവളുടെ കാതിലേക്കു പ്രവഹിക്കുന്ന പ്രണയമായി അയാള്‍ ചേതനയ്ക്കു ചുറ്റും ഭ്രമണം ചെയ്യുമായിരുന്നു. സ്‌നേഹമഷി പുരട്ടിയ പ്രണയാക്ഷരങ്ങള്‍ ചിന്നിച്ചിതറിയ വെളുത്ത പ്രതലം പോലാകുമായിരുന്നു അവളുടെ മനസ്സപ്പോള്‍. അവളേറെ അഹങ്കരിച്ചിരുന്നു അയാളുടെ പ്രണയഭാജനമായതില്‍.

പ്രണയം മനസ്സിലൊളിപ്പിച്ചു, താനെന്ന സ്‌നേഹത്തെ പുതച്ചു അയാളുറങ്ങുന്നത് എങ്ങനെ ആയിരിക്കുമെന്ന് കുസൃതിയോടെ അവള്‍ ഓര്‍ക്കാറുണ്ട് ചിലപ്പോഴെല്ലാം.
അയാള്‍ക്കിഷ്ടമില്ലാത്ത നിറമായ കടുംമഞ്ഞ നിറത്തിലുള്ള ഷര്‍ട്ടിനുള്ളില്‍ മൂടിയ അയാളുടെ രൂപവും അവളുടെ മനസ്സ് സങ്കല്പിക്കാറുണ്ട്. വെള്ളയും കറുപ്പും ഇഴകള്‍ ആലിംഗനം ചെയ്യുന്ന അയാളുടെ താടി രോമങ്ങള്‍ ചേതനയില്‍ കഠിനമായ അസൂയ ജനിപ്പിക്കാറുണ്ട്; അയാളോട് പറ്റിച്ചേര്‍ന്നു കഴിയാന്‍ ഭാഗ്യം സിദ്ധിച്ചവയെല്ലാം അവളിലെ നൊമ്പരത്തെയും ആളിക്കത്തിക്കുമായിരുന്നു.

അന്നു, വളവില്‍ വെച്ചു സ്‌കൂട്ടര്‍ ബസ്സിലിടിച്ചു ചോര വാര്‍ന്നൊഴുകുന്ന കാല്‍മുട്ടും നോക്കി വേദന തിന്നപ്പോഴും സഹായത്തിനായി ആദ്യം വിളിക്കാന്‍ മനസ്സില്‍ പൊങ്ങിവന്നത് അയാളുടെ മുഖമായിരുന്നു. അക്ഷമയോടെ കാര്യങ്ങള്‍ കേട്ട ശേഷം, ക്ഷോഭത്തോടെ അയാള്‍ ഇങ്ങനെ പറഞ്ഞു; 'ഞാന്‍ തിരക്കിലാണ്..എനിക്കിപ്പോള്‍ വരാനാവില്ല. മറ്റാരെയെങ്കിലും വിളിക്ക് സഹായത്തിനായി..'

കല്‍വിളക്കില്‍ കെടാതെ കത്തിച്ചു വെച്ചിരുന്ന പ്രണയത്തിരികളെല്ലാം ഒന്നിച്ചു കെട്ടു പോയിരുന്നു ആ വാക്കുകളുടെ ശക്തിയാല്‍. പ്രണയവെളിച്ചം നിലച്ചു കൂരാക്കൂരിരുട്ടിലേക്ക് നിശബ്ദം പതിച്ചു ചേതനയുടെ മനസ്സ്. അല്ലെങ്കിലും, മനസ്സിലെ പ്രണയം കൊടുമുടിയേറി നില്‍ക്കുമ്പോഴും, നിരാശയുടെ ഗര്‍ത്തങ്ങളിലേക്ക് അവളെ നിര്‍ദാക്ഷിണ്യം തള്ളിയിടാന്‍ അയാള്‍ക്കു ഞൊടിയിട മാത്രം മതിയായിരുന്നുവല്ലോ.

ആശുപത്രി വാസത്തിന്റെ മൂന്നാം നാള്‍, അയാളെന്ന തിളക്കമുള്ള നക്ഷത്രമില്ലാത്ത ആകാശത്തു ആശങ്കച്ചിറകുകള്‍ വിരിച്ചു വട്ടമിട്ടു പറക്കുകയായിരുന്നു അവള്‍. അപ്പോഴാണ് ഒരു കൂട നിറയെ കടുംചുവപ്പു പനിനീര്‍ പൂക്കളുമായി, നിഷ്‌കപടമായ പുഞ്ചിരിയുടെ തേജസ് കണ്ണുകളിലെമ്പാടും നിറച്ചുകൊണ്ട് അയാള്‍ കയറി വന്നത്. ആ ചിരി മാത്രം മതിയായിരുന്നു മുറിവേറ്റ അവളുടെ പ്രണയത്തിനുള്ള ഔഷധമായി!

സിഗരറ്റു മണം പരന്നൊഴുകുന്ന അധരങ്ങളാല്‍ അയാള്‍ അവളുടെ ആത്മാവിനെ ഗാഢമായി ചുംബിച്ചപ്പോള്‍, അനേകായിരം നീര്‍ച്ചുഴികളുള്ളൊരു  മഹാസമുദ്രമായി ചേതനയുടെ ശരീരം മാറുകയായിരുന്നു! അന്ന് പൊക്കിള്‍ ചുഴിയില്‍ നിന്നും ഹൃദയത്തിലേക്ക് അതിവേഗം പാഞ്ഞു കയറിയ ചേതോവികാരത്തെ എന്തു പേരിട്ടു വിളിക്കണമെന്നത് ഇന്നും അവള്‍ക്ക് ആജ്ഞാതമാണ്.

..............................................................................................................

സിഗരറ്റു മണം പരന്നൊഴുകുന്ന അധരങ്ങളാല്‍ അയാള്‍ അവളുടെ ആത്മാവിനെ ഗാഢമായി ചുംബിച്ചപ്പോള്‍, അനേകായിരം നീര്‍ച്ചുഴികളുള്ളൊരു  മഹാസമുദ്രമായി ചേതനയുടെ ശരീരം മാറുകയായിരുന്നു!

..............................................................................................................

ഒരായിരം കുഞ്ഞു ചിറകുകള്‍ നാമ്പിട്ടൊരു ചിത്രശലഭമാവുകയായിരുന്നു അവളപ്പോള്‍. ഒരു രാജാവിനെ പോലെ അവളുടെ ചിന്തകളെ അയാള്‍ സദാ ഭരിച്ചു കൊണ്ടേയിരുന്നു. സ്വീകരിച്ചും, നിരാകരിച്ചും, വീണ്ടും സ്വീകരിച്ചും ചേതനയുടെ പ്രണയത്തെ നാനാ അര്‍ത്ഥ തലങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു അയാള്‍.

എന്നിട്ടിതാ.. ഇപ്പോള്‍.. പ്രണയത്തിന്റെ മുഴുവന്‍ ഉന്മാദവും മനസ്സിലേക്കും ആത്മാവിലേക്കും പ്രവഹിപ്പിച്ച ശേഷം അയാള്‍ പറയുന്നു, 'നമുക്ക് പിരിയാം ചേതൂ..'

'പ്രണയം ഒരുവനെ ഒരേ സമയം വിവേകിയും ഉന്മാദിയും ആക്കുമെന്ന് പറഞ്ഞത് അയാള്‍ തന്നെയായിരുന്നല്ലോ. ഇപ്പോള്‍ അയാള്‍ പറഞ്ഞതില്‍ വിവേകവും ഉന്മാദവും അശേഷം ഇല്ലായിരുന്നല്ലോ. അതോ, തനിക്ക് പിടിതരാത്ത വിധം വിവേകം ഒളിപ്പിച്ചു വെച്ച വാക്കുകളാണോ അവ?' ചേതന സ്വയം ചോദിച്ചുകൊണ്ടേയിരുന്നു.

കണ്ണീരിന്റെ നനവോടെയായിരുന്നു ഓരോ ഓര്‍മ്മകളെയും ചേതന മറിച്ചു നോക്കിയത്. പിരിയുക എന്നാല്‍ അത് കേവലം രണ്ടു ദേഹങ്ങളുടെ വേര്‍പിരിയലല്ല, അഭേദ്യമായ ബന്ധനത്താല്‍ തളച്ചിട്ടിരുന്ന രണ്ടു പ്രണയാത്മാക്കളുടെ വിടപറച്ചില്‍ കൂടിയാണ്.

അയാളുടെ പല തരം ഭ്രാന്തുകളില്‍ ഒന്നാകുമോ ഇതും..?

എങ്കിലും ഇങ്ങനെ പറയാന്‍ അയാളെ പ്രേരിപ്പിച്ചതെന്താകാം..?

നീ എന്നെ പ്രണയിക്കുന്നതിനേക്കാള്‍ ഞാന്‍ നിന്നെയാണ് ചേതൂ ഏറെ പ്രണയിക്കുന്നതെന്ന് നൂറാവര്‍ത്തി പറഞ്ഞയാള്‍ക്ക് പിന്നിതെന്തു പറ്റി..?

തോര്‍ന്ന മഴ വീണ്ടും പെയ്തു തുടങ്ങി. നനവു പറ്റിയ ജനലഴികളില്‍ പിടിച്ചു, ഇരുട്ടിലേക്ക് കമിഴ്ന്നു വീഴുന്ന മഴരേഖകളെ നോക്കാന്‍ ശ്രമിച്ചപ്പോഴേക്കും കണ്ണുനീര്‍ ചേതനയുടെ കാഴ്ചകളെ മറച്ചിരുന്നു. അയാളുടെ മുഖം മനതാരില്‍ നിന്നും പതിയെ പതിയെ അപ്രത്യക്ഷമാവും പോലെ തോന്നി അവള്‍ക്ക്!

കനത്ത ഇരുട്ടിലേക്ക് നോക്കി ചിന്തകളെ മഴയോടൊപ്പം പെയ്യിച്ചിരിക്കുകയായിരുന്നു ആ നേരം അയാളും. 

എത്രയെത്ര സ്ത്രീകളുടെ ദേഹവും മനസ്സും കവര്‍ന്നിരിക്കുന്നു. എത്ര നിസ്സാരമായി ഓരോരുത്തരെയും ജീവിതത്തില്‍ നിന്നും പടിയിറക്കി വിടാനുമായി. ബന്ധനങ്ങളില്ലാത്ത ബന്ധങ്ങളിലൂടെ എത്രയേറെ ഉല്ലാസത്തോടെയാണ് നീന്തിത്തുടിച്ചിരുന്നതത്രയും.. മനസ്സിന്റെ വാശിയായിരുന്നു, ഒരു പ്രണയത്തിലും സ്വന്തം ഹൃദയത്തെ അടിയറവു വെക്കില്ലെന്നു.. പക്ഷെ, ചേതു!

പെട്ടെന്ന് അയാളിലൊരു ഉള്‍ക്കിടിലമുണ്ടായി. ഹൃദയാന്തരത്തില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രണയാഗ്‌നിപര്‍വ്വതം വെട്ടിത്തിളച്ചു മറിയുന്നത് വേദനയോടെ തിരിച്ചറിഞ്ഞപ്പോള്‍, ഇരു കരങ്ങളാല്‍ അയാള്‍ മുഖം വാരിപ്പൊത്തി. എത്ര മഴ പെയ്തു തോര്‍ന്നാലാണീ പ്രണയോഷ്ണത്തിന് ശമനമുണ്ടാവുക! അവളില്‍ നിന്നും വീശിയ പ്രണയസൗരഭ്യത്തില്‍ ഹൃദയം വശീകരിക്കപ്പെട്ടത് എങ്ങനയാണെന്നറിയില്ല. സ്വയമറിയാതെ മനസ്സ് ചേതുവിന്റെ പ്രണയത്തില്‍ അടിയറവു പറയുമ്പോള്‍, നഷ്ടമാവുന്നത് അയാളുടെ ബോധമനസ്സിന്റെ തീരുമാനങ്ങളാണ്. ചിന്തകളില്‍ തെളിഞ്ഞു കാണുന്നത്, ഒരാളിലെ പ്രണയത്തില്‍ പൂര്‍ണ്ണമായും സ്വയം സമര്‍പ്പിക്കാനുള്ള അകാരണമായ ഭയം മുഴച്ചു നില്‍ക്കുന്ന, ഡോക്ടര്‍മാര്‍ ഗമോഫോബിയ* എന്നു നിര്‍വചനം കൊടുത്ത പ്രത്യേക മാനസികാവസ്ഥയെയാണ്..

'ചേതനയോടുള്ള പ്രണയം താങ്കള്‍ക്ക് ഊര്‍ജ്ജമാണ്, രോഗശമനമാണ്. എന്നാല്‍, അതേ പ്രണയത്തില്‍ സ്വയം സമര്‍പ്പിച്ചാല്‍ അത് താങ്കളുടെ മാറാരോഗവും ആയി മാറിയേക്കും..'. താക്കീതിന്റെ ചുവയുള്ള വാക്കുകള്‍ അയാളുടെ മനസ്സിനുള്ളില്‍ വീണ്ടും മുഴങ്ങി.

ചേതുവിനോടുള്ള പ്രണയത്തിന്റെ ആത്മസമര്‍പ്പണം ഉത്കണ്ഠയുടെയും ആത്മസംഘര്‍ഷത്തിന്റെയും പാരമ്യത്തിലേക്കെത്തി, തന്റെ മനസ്സിന്റെ കെട്ടുറപ്പിനെയും ഒടുവില്‍ ചേതുവിനോടുള്ള പ്രണയത്തെ തന്നെയും നശിപ്പിച്ചേക്കാമെന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ടു അയാളുടെ മനസ്സ് വിറങ്ങലിച്ചത്, ചേതു സ്‌കൂട്ടര്‍ അപകടത്തിന്റെ കാര്യം വിളിച്ചു പറഞ്ഞ അതേ ദിവസമായിരുന്നു. ദിവസങ്ങളായി തന്നെ പിടികൂടിയ ഉറക്കമില്ലായ്മയും, അമിതമായ ആകുലതകളും നല്‍കി വന്ന ഭീതിയുടെ കെട്ടുകള്‍ പരിചിതനായ ഡോക്ടര്‍ക്ക് മുന്‍പില്‍ ഓരോന്നായി സാവകാശം അഴിക്കുകയായിരുന്നു അയാളന്ന്.

മനസ്സ് എതിര്‍ക്കുന്നതിനെയും അനുസരിക്കുന്നതാണ് ആത്മാവിന്റെ പരമോന്നതമായ അവസ്ഥ എന്ന് അയാള്‍ക്ക് അറിയായ്കയല്ല... പക്ഷെ! അയാള്‍ക്ക് സ്വയം നഷ്ടപ്പെടാന്‍ വിഷമമില്ലായിരുന്നു; എന്നാല്‍, ചേതുവിനോടുള്ള പ്രണയത്തെ ഒരിക്കലും നഷ്ടപ്പെടുത്താനാവില്ലായിരുന്നു. ഓരോ നിമിഷവും വാക്കുകളായും, ചേഷ്ടകളായും പെയ്യുന്ന ചേതുവിന്റെ പ്രണയമഴ ഇനിയുമേറ്റാല്‍, തണുത്തു വിറച്ചു മണ്ണു പൂകാന്‍ മാത്രം ഹൃദയം ദുര്‍ബലമായി കഴിഞ്ഞിരിക്കുന്നു..
അതു കൊണ്ടു തന്നെയാണ് പ്രണയ ഞരമ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ എഴുന്നു നിന്നിട്ടും, രക്തത്തിലെ പ്രണയ തേരോട്ടം കണ്ടില്ലെന്നു വെക്കാന്‍ അയാള്‍ക്ക് തീരുമാനിക്കേണ്ടി വന്നതും!

ഇരുതല മൂര്‍ച്ചയുള്ള വാളുകള്‍ പോലെ തിളങ്ങുന്ന മിന്നലിന്റെ വെള്ളി വെളിച്ചത്തില്‍, കവിതകള്‍ കുത്തിക്കുറിക്കുന്ന അയാളുടെ പുസ്തകത്തിന്റെ അവസാനത്തെ താളില്‍  അയാളിങ്ങനെ കുറിച്ചു..

'നിന്‍ നിശ്വാസവായുവിലലിഞ്ഞു ചേര്‍ന്നൊരു 
കവിള്‍ ശ്വാസമെടുക്കാനാവാതെ പിടയുമ്പോള്‍,
നിന്നിലേക്കുള്ള ദൂരം തേടിയലഞ്ഞെന്റെ
പാദങ്ങള്‍ ഇടറി കിതക്കുമ്പോള്‍;
അറിയുമോ നീ എന്നാത്മാവിനുള്ളില്‍ ഞാന്‍
താഴിട്ടു പൂട്ടിയെന്‍ പ്രണയത്തെ...?'

.......................

*ഗമോഫോബിയ : വിവാഹത്തിലോ, ഒരു പ്രണയ ബന്ധത്തിലോ സമ്പൂര്‍ണ്ണമായും സ്വയം അര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മനസ്സില്‍ ഉണ്ടാകുന്ന അകാരണമായ ഭീതിയാണ് ഗമോഫോബിയ എന്നറിയപ്പെടുന്നത്.

 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.