Asianet News MalayalamAsianet News Malayalam

സ്റ്റീഫന്‍ ഹോക്കിങിന്റെ പന്തയം,  പ്രവീണ്‍ ചന്ദ്രന്‍ എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് പ്രവീണ്‍ ചന്ദ്രന്റെ കഥ. സ്റ്റീഫന്‍ ഹോക്കിങിന്റെ പന്തയം


 

Literature festival short story by praveen chandran
Author
Thiruvananthapuram, First Published Sep 21, 2019, 6:53 PM IST

സമകാല ഫിക്ഷന്റെ നടപ്പുശീലങ്ങളില്‍നിന്ന് വഴിമാറിനടന്നുകൊണ്ട് ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും അടരുകളെ കഥാഗാത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ ഉത്‌സുകത കാണിക്കുന്ന പ്രമേയങ്ങളാണ് പ്രവീണ്‍ ചന്ദ്രന്‍റേത്. മനുഷ്യരുടെ വൈകാരികതകളെയും സമൂഹത്തിന്റെ ചിന്തകളെയും യുക്തിഭദ്രമായി അഭിമുഖീകരിക്കാന്‍ ശാസ്ത്രസാങ്കേതിക സങ്കേതങ്ങളെ പ്രവീണ്‍ സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെ യുക്തിയുടെ കണിശമായ ശില്‍പ്പഭംഗിയില്‍ അയാളുടെ കഥകള്‍ രൂപപ്പെടുന്നു. 

Literature festival short story by praveen chandran

സീമയുടെ പഠനമുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ വേണുഗോപാലിന് ഒന്നും കാണാന്‍ സാധിച്ചില്ല. ചെറിയ രണ്ട് പാളി ജനലുകളില്‍ ഒന്ന് തുറന്നിട്ടിരുന്നു. ആ വിടവിലൂടെ അകത്തുകടക്കാന്‍ വെളിച്ചം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിനുള്ളിലൂടെ പുറത്തെ ശബ്ദങ്ങളാണ് കടന്നു വന്നത്. മരങ്ങള്‍ കാറ്റിലുലയുന്നതിന്റെയും ഇടി വെട്ടുന്നതിന്റെയും ഇറവെള്ളം താഴെ വീഴുന്നതിന്റെയും ശബ്ദം. മുറയില്‍ കുറച്ച് സമയം നിന്നപ്പോള്‍ കട്ടിപിടിച്ച ഇരുട്ടിനെ കാഴ്ചയുടെ തെളിച്ചം നേര്‍പ്പിച്ചു. ആ മങ്ങിയ കാഴ്ചയില്‍ കറുത്ത കമ്പിളിപ്പുതപ്പുകൊണ്ട് കഴുത്തുമുതല്‍ കാല്‍ വരെ മൂടി കട്ടിലില്‍ ചാരിയിരിക്കുന്ന സീമയെ കണ്ടു. 

    ''ഇതിനകത്ത് തന്നെ ഇരുന്നാലെങ്ങനെയാ. പുറത്തിറങ്ങ്.'' 

കമല മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത് സീമയാണ്. സ്‌കൂള്‍ വിട്ട് വന്ന് വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ എന്തോ തട്ടിമറിഞ്ഞ് അവള്‍ വീണു. മുറിയിലെ ലൈറ്റിട്ടപ്പോള്‍ നിലത്ത് വീണുകിടക്കുന്ന അമ്മയെ അവള്‍ കണ്ടു. നിലത്താകെ ഛര്‍ദ്ദിച്ചൊലിച്ച ചോര പടര്‍ന്നിരുന്നു. വൈകി വീട്ടിലെത്തിയ വേണുഗോപാല്‍ വീണുകിടക്കുന്ന അമ്മയേയും കാഴ്ചയുടെ അമ്പരപ്പില്‍ നിന്ന് രക്ഷപ്പെടാനാവാതെ കല്ലുപോലെ ഉറച്ചുപോയ മകളേയുമാണ് കണ്ടത്. എന്തിനാണ് കമല വിഷം കഴിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും വേണുഗോപാലിന് മനസ്സിലായില്ല. താന്‍ അവളെ അവഗണിച്ചോ? ചോര്‍ന്നൊലിച്ച വീടിന്റെ ഉള്ളുപോലെ കുറ്റബോധം അയാളുടെ മനസ്സിലാകെ പടര്‍ന്നു. പ്രിയപ്പെട്ടവരുടെ ആത്മഹത്യ കുറ്റബോധത്തിന്റെ വാള്‍മുനയാല്‍ ജീവിച്ചിരിക്കുന്നവരെ നിരന്തരം മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.      
ആ സംഭവത്തിന് ശേഷം സീമ വല്ലപ്പോഴുമേ സംസാരിച്ചുള്ളൂ. അതും പതിഞ്ഞ ശബ്ദത്തില്‍, സ്വയം സംസാരിക്കുന്നതുപോലെ. കൗണ്‍സലിങ്ങും മരുന്നുകളും അവളെ പഴയ സീമയാക്കാന്‍ സാഹായിച്ചതേയില്ല. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന അവള്‍ പഠനത്തില്‍ മാത്രം വീഴ്ച വരുത്തിയില്ല.

     ''നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാനസികമായി എപ്പോഴും സപ്പോര്‍ട്ട് ചെയ്യണം.'' 

ചികിത്സ അവസാനിപ്പിക്കുമ്പോള്‍ ഡോക്ടര്‍ കൂടുതലൊന്നും പറഞ്ഞില്ല.

അതില്‍പ്പിന്നെയാണ് ഭൗതികശാസ്ത്രത്തില്‍ താത്പര്യമുള്ള സീമയോട് വേണുഗോപാല്‍ സ്റ്റീഫന്‍ ഹോക്കിങിനെ പറ്റി പറയാന്‍ തുടങ്ങിയത്. ഹോക്കിങ് കൂട്ടത്തില്‍ മികച്ചവനെങ്കിലും അസാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല, ശരീരത്തിലെ പേശികള്‍ തളരുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം കണ്ടെത്തുന്നത് വരെ. മരണം ഒരു പെരുമ്പാമ്പിനെപ്പോലെ അയാളെ വിഴുങ്ങിത്തുടങ്ങിയിരുന്നു. ശരീരപേശികള്‍ തളര്‍ന്ന് ചലനരഹിതനായി അയാള്‍ അവസാനിക്കും. ഏറിവന്നാല്‍ രണ്ടുവര്‍ഷം കൂടി. 

     ''രോഗം മസ്തിഷ്‌കത്തിനെ തളര്‍ത്തുമോ?''

പ്രതീക്ഷയറ്റ ഹോക്കിങ് ആശുപത്രിയിലെ കൗണ്‍സലിങിനിടെ ഡോക്ടറോട് ചോദിച്ചു. 

    ''ഇല്ല. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തുടരും. പക്ഷെ പേശികള്‍ തളരുന്നതോടെ എഴുതാന്‍ കഴിയാതെ വരും. വാക്കുകളിലൂടെ പോലും ഒന്നും പുറത്ത് പറയാനാവാത്ത സ്ഥിതി വരും. ആകാവുന്നത്ര കാലം സജീവമായി നില്‍ക്കുക തന്നെയാണ് രോഗത്തിനെ കീഴ്‌പ്പെടുത്താനുള്ള വഴി.''

അത് പറയുമ്പോഴും ഡോക്ടറുടെ മുഖത്ത് ആത്മവിശ്വാസമില്ലായിരുന്നു എന്ന് ഹോക്കിങ് ശ്രദ്ധിച്ചു. വലിയ നക്ഷത്രങ്ങള്‍ കത്തിത്തീര്‍ന്നാല്‍ അതിശക്തമായ ഗുരുത്വബലമുള്ള തമോഗര്‍ത്തമായി പരിണമിക്കുകയാണല്ലോ എന്ന് ഹോക്കിങ് ചിന്തിച്ചു. അകത്ത് കടന്ന പ്രകാശത്തെപ്പോലും പുറത്തേക്ക് വിടാതെ പിടിച്ചുമുറുക്കുന്ന ഗുരുത്വരൂപം പോലെ തന്റെ ആശയങ്ങള്‍ മസ്തിഷ്ത്തിനുള്ളിലെ തടവറയില്‍ പെട്ടുപോകുന്ന ഭീതിതദിനത്തെപ്പറ്റി അയാള്‍ സങ്കല്പിച്ചു. അത്രയും സംഭവിക്കുന്നതിന് മുമ്പ് ആകാവുന്നതൊക്കെ ചെയ്യാന്‍ തീരുമാനിച്ച് ഹോക്കിങ് തന്റെ ഗവേഷണങ്ങളില്‍ മുഴുകി. 

 

......................................................................................

അകത്ത് കടന്ന പ്രകാശത്തെപ്പോലും പുറത്തേക്ക് വിടാതെ പിടിച്ചുമുറുക്കുന്ന ഗുരുത്വരൂപം പോലെ തന്റെ ആശയങ്ങള്‍ മസ്തിഷ്ത്തിനുള്ളിലെ തടവറയില്‍ പെട്ടുപോകുന്ന ഭീതിതദിനത്തെപ്പറ്റി അയാള്‍ സങ്കല്പിച്ചു.

Literature festival short story by praveen chandran

Image Courtesy: Santi Visalli/Getty Images

 

സീമ വെളിച്ചത്തെ ഭയന്നു. ഇരുണ്ട മൂലകളും വെളിച്ചം കുറഞ്ഞ മുറികളും അവള്‍ ഇഷ്ടപ്പെട്ടു. വേണുഗോപാലിനെ അതിനേക്കാള്‍ പേടിപ്പിച്ചത് അവളുടെ നിശ്ശബ്ദതയായിരുന്നു. എന്താണ് അവള്‍ ചിന്തിക്കുന്നതെന്നോ അവളുടെ മാനസികാവസ്ഥ എന്താണെന്നോ തിരിച്ചറിയാനാവാതെ ഒരു തമോഗര്‍ത്തസീമക്കുള്ളില്‍ വിചാരങ്ങളെ ഒതുക്കുന്ന അവളില്‍ എന്താണ് എരിയുന്നത് എന്ന് അയാള്‍ക്ക് ഊഹിക്കാനേ സാധിച്ചില്ല. അവസാന കാലത്ത് കമലയും ഇതുപോലെ നിശ്ശബ്ദയായിരുന്നു. 

ഒഴുക്കു നിലച്ച നദിയിലെ ജലകണങ്ങള്‍ സൂര്യതാപമേറ്റ് ആകാശചാരികളായി അകലെ ചെന്ന് പതിക്കുന്നതുപോലെ സീമ മുബൈയിലെ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഗവേഷകയായി ചേര്‍ന്നു. വേണുഗോപാല്‍ അവളോടൊത്ത് കുറച്ചു ദിവസം അവിടെ നിന്നെങ്കിലും അവള്‍ക്ക് അയാളുടെ സഹായം ആവശ്യമില്ലെന്ന് മനസ്സിലാക്കി അയാള്‍ തിരിച്ചു പോന്നു. ഒരു നിശ്ചലചിത്രത്തെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതുപോലെ പ്രതികരണമേതുമില്ലാതെ സീമ പുതിയ സ്ഥലത്തെ സ്വീകരിച്ചു. സീമ ഒരു ഫോണ്‍ കോളില്‍കൂടി പോലും അയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. അയാള്‍ ആഴ്ചയിലൊരിക്കല്‍ അവളെ വിളിക്കും. അവള്‍ റിസീവറെടുത്ത് മറുതലക്കലെ ശബ്ദത്തിനായി കാതോര്‍ക്കും. താന്‍ പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നുപോലും ഉറപ്പിക്കാനാവാതെ അയാള്‍ കുറേ സംസാരിച്ച് ഫോണ്‍ കട്ട് ചെയ്യും. 

വേണുഗോപാല്‍ ഹോക്കിങ്ങിനെപ്പറ്റിയാണ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. മനുഷ്യമസ്തിഷ്‌കം ധൈഷണികതയുടെ ലോകത്ത് അഭിരമിക്കുന്ന ഒന്നല്ല എന്നും വൈകാരികത അതിനോട് ചേര്‍ന്നു നില്‍ക്കന്ന മറുഭാഗമാണെന്നും അയാള്‍ അവളോട് പറഞ്ഞു. മനുഷ്യന്‍ എപ്പോഴും തുണ ആഗ്രഹിക്കുന്ന ഒരു ജീവിയാണ്. വിരലിലെണ്ണാവുന്ന വര്‍ഷങ്ങളുടെ ആയുര്‍ദൈര്‍ഘ്യം പ്രവചിക്കപ്പെട്ട ഹോക്കിങ് സഹോദരിയുടെ സുഹൃത്തായ ജെയിന്‍ വൈല്‍ഡിനെ പ്രണയിച്ചതും വിവാഹം ചെയ്തതും വേണുഗോപാല്‍ അവളോട് പറഞ്ഞു. ജീവിതം അത് നടന്നെത്തുന്ന ദൂരത്തേക്കാള്‍ കാലടികള്‍ നിലത്ത് പതിക്കുന്ന നിമിഷങ്ങളെയാണ്  അനുഭവിക്കുന്നത് എന്ന് അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു. 

മുബൈയിലെ ഒരു കോളേജില്‍ ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരനുമായുള്ള വിവാഹ ആലോചന വന്നത് ആയിടക്കാണ്. വേണുഗോപാല്‍ ആ വിവരം അവളെ അറിയിച്ചു. അവള്‍ ഇഷ്ടമോ അനിഷ്ടമോ അറിയിച്ചില്ല. ഓരോ മനുഷ്യനും ഇണയെ ആഗ്രഹിക്കുന്നുണ്ട്, അത് തിരിച്ചറിയുന്നത് വ്യത്യസ്ത പ്രായത്തിലായിരിക്കും. അയാള്‍ അവളുടെ മൗനത്തിനിടയില്‍ എതിര്‍പ്പിന്റെ കനലുകളില്ലെന്ന ധാരണയില്‍ വിവാഹം നടത്തി. രണ്ടുപേരും മുബൈയില്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. അതില്‍ പിന്നെ ആഴ്ചയിലുള്ള സംസാരവും നിലച്ചു. അവള്‍ അയാളുടെ ഫോണ്‍ അറ്റന്റ് ചെയ്തതുപോലുമില്ല. എങ്കിലും അയാള്‍ വിളിച്ചുകൊണ്ടിരുന്നു. 

ഹോക്കിങ് വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജീവിതം തുടര്‍ന്നതും പ്രപഞ്ചത്തെപ്പറ്റി പുസ്‌കതമെഴുതി ലോകത്തെ വിസ്മയിപ്പിച്ചതും ആലോചിച്ച് വേണുഗോപാല്‍ സന്തോഷിപ്പിച്ചു. അവളില്‍ പ്രതീക്ഷയുടെ പ്രകാശം നിറയ്കാന്‍ ഹോക്കിങിനെപ്പറ്റി ഇനിയും പറയേണ്ടതില്ല എന്ന് വേണുഗോപാലിന് തോന്നി. കാരണം അവള്‍ കരക്കടുത്ത വള്ളമാണ്. ഒരു പന്തയത്തിന്റെ കഥയുമായാണ് ഹോക്കിങ് വേണുഗോപാലിന്റെ വായനക്കിടയില്‍ പിന്നെയും വന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോണ്‍ പ്രിസ്‌കില്‍ തമോഗര്‍ത്തങ്ങളുടെ സംഭവ്യതാ സീമക്കുള്ളില്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അതുകൊണ്ട്  തമോഗര്‍ത്ത സീമക്കുള്ളില്‍പ്പെട്ട വിവരങ്ങള്‍ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന കരുതുന്നത് ശരിയല്ല എന്നും വാദിച്ചു. അതേസമയം ഹോക്കിങും കിപ് തോണ്‍ എന്ന് മറ്റൊരു ശാസ്ത്രജ്ഞനും ചേര്‍ന്ന് കാര്യങ്ങള്‍ ജോണ്‍ പ്രിസ്‌കിന്റെ ആശയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞു. പരാജയപ്പെടുന്നവര്‍ വിജയിക്കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഒരു വിജ്ഞാനകോശം സമ്മാനമായി നല്‍കണമെന്നും ധാരണയായി. ഈ കഥ സീമയെ വിളിച്ച് പറയണമെന്ന് അയാള്‍ ആഗ്രഹിച്ചെങ്കിലും അവളുടെ മൗനം അതിന് വിഘാതമായി നിന്നു. 

കല്യാണം കഴിഞ്ഞ ആറ് മാസത്തിന് ശേഷം സീമ അപ്രതീക്ഷിതമായി വേണുഗോപാലിനെ വിളിച്ചു. 'ഹലോ' എന്ന ശബ്ദം സീമയുടേതാണെന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. 

    ''ഇവിടെ അധികം തുടരാനാകുമെന്ന് തോനുന്നില്ല. എന്റെ പി എച്ച് ഡി തുടരാന്‍ സീനിയര്‍ ഗവേഷകന്‍ അനുവദിക്കുന്നില്ല.'' 

അയാള്‍ പലതും ചോദിച്ചു. അവള്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ വെച്ചു. അന്ന് വെളിച്ചം കുറഞ്ഞ വീട്ടിലെ ഒറ്റപ്പെടല്‍ വേണുഗോപാല്‍ അറിഞ്ഞില്ല. മാത്രകള്‍ മാത്രം നീണ്ടു നിന്ന അവളുടെ ശബ്ദം ആവര്‍ത്തിച്ച് കേള്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. കമല മുറിയിലെവിടെയൊക്കെയോ നടക്കുന്നുണ്ട് എന്ന പ്രതീതി. താന്‍ കമലയുടെ സാന്നിധ്യം അറിയുന്നതുപോലും സീമയിലൂടെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. തന്നെ ഈ ലോകത്ത് ഉറപ്പിച്ച് നിര്‍ത്തുന്നത് അവള്‍ മാത്രമാണല്ലോ?

സീമ പറഞ്ഞ കാര്യങ്ങള്‍ താന്‍ പഠിപ്പിച്ച ചില വിദ്യാര്‍ത്ഥികളും പറഞ്ഞിട്ടുണ്ട്. ഗവേഷണസ്ഥാപനങ്ങളിലെ കരിയര്‍ വളര്‍ച്ച സീനിയര്‍ സയന്റിസ്റ്റുകളുടെ മനോഭാവവുമായി ബന്ധപ്പെട്ടിരിക്കുമെന്നും അവര്‍ പടികള്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ചിറക് വിരിക്കാന്‍ പോലുമാകാതെ ഭ്രാന്ത് വന്നുപോകുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. മൗനം കൊണ്ട് പ്രതികരിക്കുന്ന സീമയെ അത് ഉലച്ചെങ്കില്‍ എത്രത്തോളം ഭീകരമായിരിക്കും അതെന്ന് അയാള്‍ ആലോചിച്ചു. തനിക്കൊന്നും ചെയ്യാനില്ല. അവളുടെ തീരുമാനത്തെ മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. ഒരു പക്ഷെ തന്നെ അറിയിക്കുക എന്നതിലപ്പുറം അവളും ഒന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. 

അവളോട് സംസാരിക്കണം എന്ന് ആവേശം ഇല്ലാതായത് ഹോക്കിങിന്റെ വ്യക്തിജീവിതത്തിലെ ഇരുണ്ട അറകളില്‍ നിന്നുള്ള വിവരങ്ങള്‍ അറിഞ്ഞപ്പോഴാണ്. അയാളുടെ കുടുംബജീവിതം സങ്കീര്‍ണ്ണമായിരുന്നു.അക്കാലത്ത് ഒരു വിരലിന്റെ ചലനം കമ്പ്യൂട്ടറിന്റെ സഹായത്തോടെ സന്ദേശമാക്കി മാറ്റിയാണ് ഹോക്കിങ് പുറം ലോകത്തോട് സംവദിച്ചിരുന്നത്. ജെയിനിന്റെ പഠനം ഹോക്കിങിനോടൊത്തുള്ള ജീവിതത്തിരക്കില്‍ താറുമാറായി. ലോകത്താകെ അറിയപ്പെടുന്ന താരപദവിയുള്ള ശാസ്ത്രജ്ഞനോടൊത്തുള്ള ജീവിതത്തില്‍ ജെയിനിന് നിരാശ തോന്നിത്തുടങ്ങി. ജെയിനിന്റെ മനസ്സില്‍ ജൊനാതന്‍ എന്ന പിയാനോ അദ്ധ്യാപകന്‍ ആശ്വാസത്തിന്റെ തണുപ്പ് പകര്‍ന്നു. ഹോക്കിങിനോടുള്ള കുടുംബജീവിതത്തോടൊപ്പം അവള്‍ ജൊനാതനുമായുള്ള പ്രണയജീവിതവും തുടര്‍ന്നു. ഈ ബന്ധത്തെപ്പറ്റി ഹോക്കിങിനും അറിയാമായിരുന്നു. വ്യക്തി ജീവിതത്തില്‍ വൈരുദ്ധ്യങ്ങള്‍ അഗ്‌നിപര്‍വതത്തിന്റെ അകക്കാമ്പ് പോലെയാണ്. ധൈഷണിക ജീവിതത്തില്‍ വിള്ളലുകളുണ്ടാകാന്‍ അതിന് എളുപ്പത്തില്‍ സാധിക്കും. 

വിരലുകളുടെ ചലനം നിലച്ചതിന് ശേഷം മുഖത്തോട് ചേര്‍ത്ത് വെച്ച സെന്‍സറുകള്‍ ഉപയോഗിച്ച് മുഖപേശികളുടെ ചലനത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഡീകോഡ് ചെയ്ത് വിവരങ്ങള്‍ പുറത്തെത്തിക്കേണ്ട ഘട്ടത്തില്‍ ഹോക്കിങ് എത്തിയിരുന്നു. പുതിയ സംവേദന രീതി പഠിപ്പിക്കാനെത്തിയ എലൈന്‍ എന്ന് നഴ്‌സുമായി ഹോക്കിങ് പ്രണയത്തിലായി. പഠനകാലത്ത് തുടങ്ങിയ ജെയിന്‍ വൈല്‍ഡുമായുള്ള ബന്ധം ചുഴികള്‍ക്കും വഴിമാറ്റങ്ങള്‍ക്കും ശേഷം രണ്ടായി പിരിഞ്ഞു.  

ഇനിയും ഹോക്കിങിനെപ്പറ്റി സീമയോട് പറയേണ്ടതില്ല എന്ന് വേണുഗോപാല്‍ തീരുമാനിച്ച ദിവസം രാത്രി സീമയുടെ ഫോണ്‍ വന്നു. പ്രധാനപ്പെട്ട എന്തോ അവള്‍ക്ക് പറയാനുണ്ടെന്ന് വേണുഗോപാലിന് തോന്നി. ഗവേഷണകേന്ദത്തിലെ അസ്വരസ്യങ്ങളെപ്പറ്റിയുള്ള ചിന്തയാണ് അപ്പോള്‍ അയാളുടെ ഉള്ളില്‍ മിന്നിയത്. അയാള്‍ ചെവി റിസീവറിനോട് അടുപ്പിച്ച് വെച്ച് അവളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 

    ''അജിത്തും ഞാനും വേര്‍പിരിഞ്ഞു.'' 

പതിഞ്ഞ ശബ്ദത്തില്‍ കയറ്റിറക്കങ്ങളില്ലാത്ത സ്ഥായിയില്‍ അവള്‍ പറഞ്ഞു. അയാള്‍ക്ക് നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെട്ടു. ശ്വാസം നീട്ടി വലിച്ച് അയാള്‍ വിശദീകരണത്തിനായി കാതോര്‍ത്തു. അവള്‍ തുടര്‍ന്നൊന്നും പറഞ്ഞില്ല. 

    ''ഞാന്‍ അവിടേക്ക് വരാം. എനിക്ക് നിന്നെ കാണണം.''

    വേണുഗോപാല്‍ പ്രതീക്ഷിക്കാത്ത വാര്‍ത്തയുടെ വേദനയില്‍ എന്താണ് പറയേണ്ടത് എന്നറിയാതെ തൊണ്ടയില്‍ തടഞ്ഞ വാക്കുകളോടെ പറഞ്ഞു. 

    ''വേണ്ട.'' 

അവള്‍ ഫോണ്‍ കട്ടു ചെയ്തു. ഇനിയും വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും അയാള്‍ തിരിച്ചു വിളിച്ചു. അവള്‍ ഫോണെടുത്തില്ല. എല്ലാ ദിവസം രാവിലെയും വൈകീട്ടും അവളെ വിളിച്ചുകൊണ്ടിരുന്നു. മൂന്നാം ദിവസം അവള്‍ ഫോണെടുത്തു. 

    ''ഇനിയെന്നെ വിളിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അവിടേക്ക് വരും.'' 

 

......................................................................................

മുഖപേശികളുടെ ചലനങ്ങളിലൂടെ മസ്തിഷ്‌കത്തിനുള്ളിലെ രഹസ്യങ്ങളെ പുറത്തെത്തിക്കുന്ന ഹോക്കിങ് ഒരു തമോഗര്‍ത്തമല്ലാതെ മറ്റെന്താണ്. സീമ അയാളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. 

Literature festival short story by praveen chandran

Image Courtesy:  David Mark/  Pixabay 

 

ഒരു തമോഗര്‍ത്തം പോലെ വിവരങ്ങള്‍ ഒന്നും പുറത്തേക്ക് വരാത്ത അവളുടെ മനസ്സിന്റെ ഇരുണ്ട കോണുകളിലെ രഹസ്യങ്ങളെപ്പറ്റി ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ഭ്രാന്താകുന്നതുപോലെ തോന്നി. അവളുടെ അമ്മയും ഒരു കാലത്ത് ഇങ്ങനെയായിരുന്നു. ഒടുക്കം മരണത്തിനെ ക്ഷണിച്ച് വരുത്തിയതുപോലും അപ്രതീക്ഷിതമായിരുന്നു. കമലയെ അയാള്‍ക്ക് ഒരിക്കലും തിരിച്ചറിയാനേ സാധിച്ചിരുന്നില്ല. മരിച്ചിട്ടും അവള്‍ ഒരു പ്രഹേളികയായി തുടരുന്നു. വേണുഗോപാല്‍ കമലയെപ്പറ്റി അധികം ആലോചിച്ചിരുന്നില്ല. കാരണം അപ്പോഴേക്കും സീമ എന്ന മറ്റൊരു പ്രഹേളിക രൂപപ്പെട്ടിരുന്നു. 

കാത്തിരിക്കുക. അല്ലാതെ വേറെ വഴിയില്ല. അനിശ്ചിതമായ ലക്ഷ്യബോധമില്ലാത്ത കാത്തിരിപ്പിന്റെ സംഘര്‍ഷത്തില്‍ നിന്ന് കരകയറാന്‍ അയാള്‍ വീണ്ടും ഹോക്കിങിലേക്ക് തിരിഞ്ഞു. ഒരു പ്രകാശത്തിന്റെ തരിമ്പെങ്കിലും ഹോക്കിങ് തരാതിരിക്കില്ല എന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. 

ജൂണ്‍ മാസത്തെ വേണുഗോപാല്‍ വെറുക്കുന്നു. അത് ദുരന്തങ്ങളുടെ മാസമാണെന്ന് അയാള്‍ വിശ്വസിക്കുന്നു. നിറഞ്ഞ മഴയില്‍ വെളിച്ചമില്ലാത്ത മുറികളിലേക്ക് കയറാന്‍ മടിച്ച് അയാള്‍ എപ്പോഴും കോലായിലെ ചാരുപടിയില്‍ ഇരിക്കും. ഓരോ ഓടിനരികിലുടെയും ഒലിച്ചിറങ്ങുന്ന മഴവെള്ളം വെള്ളി നിറമുള്ള കര്‍ട്ടന്‍ വീടിന് ചുറ്റും തീര്‍ക്കും. ആ കര്‍ട്ടന്റെ വിടവിലുടെ പറമ്പില്‍ മരങ്ങളില്‍ നിന്ന് ഉതിര്‍ന്നിറങ്ങുന്ന വെള്ളത്തുള്ളികള്‍ നോക്കിയിരിക്കും. ദുരന്തങ്ങളെന്തെങ്കിലും സംഭവിക്കും എന്ന് ഭയന്ന് അയാള്‍ അകത്തേക്ക് നോക്കുകപോലും ചെയ്യില്ല. അങ്ങനെയിരിക്കെയാണ് നട്ടുച്ചക്ക് ഒരു ഫോണ്‍ ശബ്ദിച്ചത്. പേടികൊണ്ട് ഹൃദയം കനത്തു. അതിന്റെ ശബ്ദം മഴയുടെ കലഹത്തിനിടയിലും വ്യക്തമായി കേള്‍ക്കാമായിരുന്നു. അയാള്‍ ഫോണെടുത്തു. 

ആശ്വാസം. സീമയാണ്. 

    ''ഹോക്കിങ് പന്തയത്തില്‍ വിജയിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'' 

    ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നു അദ്ധ്യാപകര്‍ അത് പ്രചരിപ്പിക്കുന്നു. താന്‍ എന്ത് മറുപടി പറയാനാണെന്നറിയാതെ അയാള്‍ നിശ്ശബ്ദനായി. നിങ്ങള്‍ എന്ന പ്രയോഗത്തിലെ അപരിചിതത്വം അയാള്‍ അതിനിടയിലും ശ്രദ്ധിച്ചു. 

     ''ഹോക്കിങ് പന്തയത്തില്‍ തോല്‍ക്കും. തമോഗര്‍ത്തങ്ങളില്‍ നിന്ന് വിവരങ്ങള്‍ പുറത്തു വരും.'' 

അവള്‍ പ്രധാനപ്പെട്ട ഒരു കാര്യമെന്നോണം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്ത് പറയാനാണ് അവള്‍ വിളിച്ചത് എന്ന് വേണുഗോപാലിന് മനസ്സിലായില്ല.  അവളുടെ ശബ്ദത്തില്‍ ദേഷ്യമോ പുച്ഛമോ വെറുപ്പോ എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത ഭാവമായിരുന്നു.

    ''എന്റെ അച്ഛനും അമ്മയും എന്നേ മരിച്ചുപോയിരുന്നു അല്ലേ?'' 

വര്‍ഷങ്ങള്‍ക്ക് ശേഷം സീമയുടെ ശബ്ദത്തില്‍ ഒരു തേങ്ങല്‍ അയാള്‍ കേട്ടു. തുടര്‍ന്നൊന്നും പറയാതെ അവള്‍ ഫോണ്‍ കട്ടു ചെയ്തു. അപ്പോള്‍ തന്നെ അവളെ കാണണം എന്നും അവളോട് എല്ലാം പറയണം എന്നും അയാള്‍ ആഗ്രഹിച്ചു. അജിത്തുമായുള്ള ബന്ധം തകര്‍ന്നതിനെപ്പറ്റി ചോദിക്കണം എന്ന് കരുതിവെച്ച തയ്യാറെടുപ്പുകളെല്ലാം അപ്രസക്തമായി. അയാള്‍ അന്ന് തന്നെ മുബൈക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. തൊട്ടടുത്ത ആഴ്ചയേ തീവണ്ടിയില്‍ ഒഴിവുണ്ടായിരുന്നുള്ളൂ. 

വേണുഗോപാല്‍ മുബൈക്ക് പോകേണ്ടതിന് തലേ ദിവസം കോരിച്ചൊരിയുന്ന മഴയിലൂടെ പടി കടന്ന് സീമ വീട്ടിലെത്തി. ആകെ നനഞ്ഞ് കുതിര്‍ന്നിരുന്നെങ്കിലും അവള്‍ അത് കാര്യമാക്കാതെ മുറിയില്‍ കടന്നു. അവളുടെ മുഖത്ത് നോക്കാന്‍ അയാള്‍ ഭയന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം മറച്ചു വെച്ചതിന്, അവളുടെ സമ്മതമോ സമ്മതക്കുറവോ ഇല്ലാതെ വിവാഹം കഴിപ്പിച്ചതിന് എന്തിനെല്ലാം താന്‍ മറുപടി പറയണം.  മാപ്പ് പറയാന്‍ പോലും അര്‍ഹതയില്ല. ചുരുങ്ങിയത് അവളോട് സമ്മതമെങ്കിലും ചോദിക്കണമായിരുന്നു. പിന്നെ അവള്‍ക്കുള്ളില്‍ എന്താണെന്ന് തനിക്ക് ഒരിക്കലും അറിയാന്‍ സാധിച്ചിട്ടില്ല. തെറ്റ് അവളുടേത് കൂടിയാണ് എന്ന് സമാധാനിക്കാം.

അവള്‍ അയാളുടെ അടുത്ത് വന്നിരുന്നു. അവളോട് ഒന്നും ചോദിക്കാനില്ല. അവള്‍ അയാളുടെ മുഖത്ത് നോക്കി. അയാള്‍ അപ്പോള്‍ ഹോക്കിങിനെപ്പറ്റിയാണ് ആലോചിച്ചത്. മറ്റുള്ളവരുടെ വിജയങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ച് പ്രചോദനം നല്കാന്‍ ഇനിയുമാവില്ല എന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.

     ''ഹോക്കിങ് പന്തയത്തില്‍ തോറ്റിരിക്കുന്നു.''

അവള്‍ കഴിഞ്ഞ ദിവസത്തെ പത്രം അയാളുടെ നേരെ തുറന്നിട്ടു. താന്‍ കാണാതെപോയ വാര്‍ത്തയിലേക്ക് അയാള്‍ നോക്കി. 

അതൊരു പരാജയകഥയായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ് തമോഗര്‍ത്തത്തിന്റെ സംഭവ്യതാസീമക്കുള്ളില്‍ നിന്ന്  വിവരങ്ങള്‍ പുറത്തുവരും എന്ന് സമ്മതിച്ചതിന്റെ വാര്‍ത്ത. ജോണ്‍ പ്രീസ്‌കില്‍ ആവശ്യപ്പെട്ട ബേയ്‌സ്‌ബോള്‍ വിജ്ഞാനകോശം വിമാനത്തില്‍ അമേരിക്കയിലേക്ക് അയച്ചുകൊടുത്തതിന്റെ കൗതുകകരമായ വിവരങ്ങളും അതിലുണ്ടായിരുന്നു.  

തമോഗര്‍ത്തങ്ങളെപ്പറ്റി ഇതുവരെയുണ്ടായിരുന്ന ധാരണപോലെ ആവേശകരമല്ല ഈ കണ്ടുപിടുത്തം.

ഹോക്കിങ് പരാജയം സമ്മതിച്ചത് അങ്ങനെയായിരുന്നു. 

സത്യത്തില്‍ അതൊരു പരാജയമായിരുന്നോ? ഒരിക്കലുമല്ല, പുതിയ കണ്ടുപിടുത്തത്തിന്റെ ആവേശം അപ്പോഴും അതില്‍ ഒളിഞ്ഞിരിക്കുന്നു. ഒരു പക്ഷെ ഹോക്കിങ് ശരിക്കുമൊരു തമോഗര്‍ത്തമാണെന്ന് അപ്പോഴാണ് വേണുഗോപാലന് തോന്നിയത്. മുഖപേശികളുടെ ചലനങ്ങളിലൂടെ മസ്തിഷ്‌കത്തിനുള്ളിലെ രഹസ്യങ്ങളെ പുറത്തെത്തിക്കുന്ന ഹോക്കിങ് ഒരു തമോഗര്‍ത്തമല്ലാതെ മറ്റെന്താണ്. സീമ അയാളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. 

അവളുടെ ചിരിയുടെ അര്‍ത്ഥം എന്താണെന്ന് വേണുഗോപാലന് തിരിച്ചറിയാനായില്ല. എങ്കിലും അയാള്‍ സന്തോഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവള്‍ ചിരിക്കുന്നത് കാണുന്നത്. എന്തിനാണ് ചിരിച്ചത് എന്ന് അയാള്‍ ചോദിച്ചില്ല. പരാജയപ്പെട്ടവന് നേരെയുള്ള വിജയിയുടെ ചിരിയായിരുന്നോ അത്?

    ''ഞാന്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നു.'' 

അവള്‍ പറഞ്ഞു. 

    അവള്‍ അനുവാദം ചോദിക്കുകയല്ല അറിയിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അയാള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു. എന്നാല്‍ ഇത്രയും കാലം ജീവിച്ചതിന്റെ കരുത്തില്‍ അവളെ നോക്കി. 

    ''ഒരാള്‍ക്ക് അധിക കാലം ഒറ്റക്ക് ജീവിക്കാനാവില്ല. ഒന്ന് പരാജയപ്പെട്ടതുകൊണ്ട് ഇനിയും വിവാഹം കഴിച്ചുകൂടെന്നില്ല. മറ്റൊരാളെ കണ്ടെത്താം.''  

    ''വേണ്ട.'' 

    അവള്‍ അസാധാരണമായ ഊര്‍ജ്ജത്തോടെ പറഞ്ഞു. 

    ''എന്തുകൊണ്ട് ?''

    അവള്‍ക്ക് മറുപടി ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിട്ടും അയാള്‍ ചോദിച്ചു. 

    ''പെണ്ണുങ്ങള്‍ ആണുങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നുണ്ടോ?''

സീമ തമോഗര്‍ത്തത്തില്‍ നിന്നുള്ള വികിരണങ്ങളെന്നപോലെ വാക്കുകള്‍കൊണ്ട് അയാളില്‍ തുളച്ചുകയറി. അവളെ താന്‍ അപ്പോഴാണ് മനസ്സിലാക്കുന്നത് എന്ന് അയാള്‍ക്ക് ആദ്യമായി ബോധ്യപ്പെട്ടു. 

ഹോക്കിങ് യഥാര്‍ത്ഥത്തില്‍ വിജയിക്കുകയായിരുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു. പക്ഷെ അതിന്റെ ഭാരം ഉള്‍ക്കൊള്ളാനാവാതെ അയാള്‍ കസേരയില്‍ ചാരിയിരുന്നു കരഞ്ഞു. സീമ കാണാതെ. 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

Follow Us:
Download App:
  • android
  • ios