കോഴിക്കാട്: കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ 2100 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 2624 ആയി. നിലവില്‍ ആകെ 20,049 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മെഡിക്കല്‍ കോളേജിലുള്ള 22 പേരും ബീച്ച് ആശുപത്രിയിലുള്ള രണ്ടു പേരുമുള്‍പ്പെടെ ആകെ 24 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആകെ കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ അഞ്ച് പേര്‍ രോഗമുക്തരായതിനാല്‍ ഏഴ് പേരാണ് ജില്ലയില്‍ ചികിത്സയില്‍ അവശേഷിക്കുന്നത്. ഇതുകൂടാതെ രണ്ട് ഇതര ജില്ലക്കാരും ചികിത്സയിലുണ്ട്. 16 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 417 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 15 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1718 പേര്‍ ഫോണിലൂടെ സേവനം തേടി. ജില്ലയിൽ 4248 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 8164 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.