മാന്നാര്‍: കരയിലും വെള്ളത്തിലും ഓടിക്കാവുന്ന സൈക്കിളിന്റെ പണിപ്പുരയിലാണ് ബോംബെ മേശരി. മാന്നാര്‍ പഞ്ചായത്ത് കുരട്ടിക്കാട് ഭാര്‍ഗവി സദനത്തില്‍ 65 കാരനായ ബോംബൈ മേശരി എന്നറിയപ്പെടുന്ന മോഹാകൃഷ്ണനാണ് വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം നിര്‍മിക്കുന്നത്. മഹാപ്രളയത്തില്‍ ബുധനൂരിലെ ഭാര്യ വീട്ടിലേക്ക് പോകുവാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വാഹനം നിര്‍മിക്കണമെന്ന ആശയം ഉദിച്ചത്. പിന്നീടൊന്നും ആലോചിച്ചില്ല സാധാരണക്കാരന്റെ വാഹനമായ സൈക്കിള്‍ വെള്ളത്തിലൂടെ ഓടിക്കാവുന്ന രൂപത്തില്‍ തയ്യാറാക്കി. ഇപ്പോള്‍ അതിന്റെ അവസാനഘട്ട പണിയിലാണ് മേശരി.

മാന്നാര്‍ പഞ്ചായത്ത് ഓഫീസിനു സമീപം ബോംബെ ഗാരേജ് എന്ന പേരില്‍ ഇരുചക്ര വാഹനവര്‍ക്ക് ഷോപ്പ് നടത്തുന്ന മോഹാകൃഷ്ണന്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബയില്‍ വാഹന മെക്കാനിക്കായിരുന്നു. പഴയ റാലി സൈക്കിളിന്റെ ഫ്രെയിം, ലൂണയുടെ സീറ്റ്, ചക്ര കസേരയുടെ വീലുകള്‍, എന്നിവ ഉപയോഗിച്ചാണ് സൈക്കിളില്‍ നിര്‍മാണം നടത്തുന്നത്. ഇതില്‍ പഴയ കാറിന്റെ എസിയുടെ രണ്ടു മോട്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. സൈക്കിള്‍ ചവിട്ടിയും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചും ഓടിക്കാവുന്ന തരത്തിലാണ് നിര്‍മാണം. പി വി സി പൈപ്പ് ഉപയോഗിച്ച് ബാറ്ററി കവര്‍ ഉണ്ടാക്കി. ഇതില്‍ മൂന്ന് ബാറ്ററിക്കുള്ള സ്ഥലവും ഉണ്ട്.

സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെയും സൈക്കിള്‍ പ്രവര്‍ത്തിക്കുമെന്ന് മേശരി പറഞ്ഞു. വെള്ളത്തില്‍ കൂടി പോകാനായി രണ്ട് വശത്തും ബുള്ളറ്റ് ബൈക്കിന്റെ ട്യൂബ് പി വി സി പൈപ്പിനകത്ത് കയറ്റി വെള്ളം കയറാത്ത രീതിയില്‍ സീല്‍ ചെയ്തു കാറ്റ് നിറച്ചു ഉണ്ടാക്കിയെടുത്ത സംവിധാനം വെള്ളത്തിനടുത്ത് എത്തുമ്പോള്‍ ഫിറ്റ് ചെയ്യണം. വളരെ വേഗത്തില്‍ ഫിറ്റ് ചെയ്യാനും അഴിച്ചെടുക്കാനും കഴിയുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന സൈക്കിള്‍ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതിന് ഒരു പ്രൊപ്പല്ലറും തയ്യാറാക്കിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പിലെ തിരക്ക് കാരണം ആണ് നിര്‍മാണം വൈകിയത്.

പത്താം ക്ലാസുകാരനായ മേശരി കൊച്ചുകൊച്ചു കണ്ടു പിടുത്തങ്ങളിലൂടെ നാട്ടില്‍ അറിയപ്പെടുന്നയാളുമാണ്. ചക്ക പൊളിക്കുന്ന യന്ത്രമാണ് വലിയ കണ്ടുപിടുത്തം. അഞ്ചോളം യന്ത്രങ്ങള്‍ ഉണ്ടാക്കി പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പിനു സമീപമുള്ള റോഡിന്റെ ഇരുവശങ്ങളിലും നട്ടുപരിപാലിക്കുന്ന ചെടികളില്‍ ചെറിയ കംപ്രസ്സര്‍ വഴി തനിയെ വെള്ളം നനയ്ക്കുന്നതിനുള്ള സംവിധാനം ബോംബെ മേശരിയുടെ കഴിവില്‍ പിറവിയെടുത്തിട്ടുണ്ട്. ഈ തിരക്കുകള്‍ക്കിടയിലും 'മൗന നൊമ്പരം' എന്ന ഒരു നോവലും എഴുതി പുസ്തകമാക്കിയും കൂടാതെ പ്രയാണം എന്ന മറ്റൊരു നോവലിന്റെ പാണിപ്പുരയിലുമാണ്. ഭര്‍ത്താവിന്റെ സഹായിയായി ഭാര്യ ശ്യാമളഭായ് ഒപ്പമുണ്ട്.