Asianet News MalayalamAsianet News Malayalam

പൊന്നൊരുക്കി അഭിജിത്ത്, അണിയിച്ചൊരുക്കി സത്യ; നൈപുണ്യ മേളയിൽ തിളങ്ങി കൊച്ചുതാരങ്ങള്‍

തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി അഭിജിത്തിനിഷ്ടം അച്ഛന്റെ സ്വര്‍ണ്ണപ്പണിമുറിയിലെ കൗതുകങ്ങളാണെങ്കില്‍ പന്തളം സ്വദേശിനിയായ പതിനൊന്നുകാരി സത്യയ്ക്ക് അമ്മയുടെ ബ്യൂട്ടി പാര്‍ലറിലെ സൗന്ദര്യക്കൂട്ടുകളാണ് പ്രിയം. വെറും കൗതുകത്തിന് വേണ്ടി പരിശീലിച്ച കാര്യങ്ങൾ ഇവർ ഇരുവരെയും കൊണ്ടെത്തിച്ചിരിക്കുന്നത് സ്‌കില്‍സ് കേരള 2020 ന്റെ സംസ്ഥാനതല ഫൈനല്‍ മത്സരങ്ങളിലാണ്.

abhijith and sathya in naipunya mela
Author
Kozhikode, First Published Feb 23, 2020, 3:47 PM IST


കോഴിക്കോട്: കുസൃതി കാണിച്ചു കളിച്ചു നടക്കേണ്ട പ്രായത്തില്‍ തങ്ങളുടെ കഴിവുകൾ കൊണ്ട് ശ്രദ്ധേയരാകുകയാണ് വിദ്യാർത്ഥികളായ അഭിജിത്തും സത്യയും. തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി അഭിജിത്തിനിഷ്ടം അച്ഛന്റെ സ്വര്‍ണ്ണപ്പണിമുറിയിലെ കൗതുകങ്ങളാണെങ്കില്‍ പന്തളം സ്വദേശിനിയായ പതിനൊന്നുകാരി സത്യയ്ക്ക് അമ്മയുടെ ബ്യൂട്ടി പാര്‍ലറിലെ സൗന്ദര്യക്കൂട്ടുകളാണ് പ്രിയം. വെറും കൗതുകത്തിന് വേണ്ടി പരിശീലിച്ച കാര്യങ്ങൾ ഇവർ ഇരുവരെയും കൊണ്ടെത്തിച്ചിരിക്കുന്നത് സ്‌കില്‍സ് കേരള 2020 ന്റെ സംസ്ഥാനതല ഫൈനല്‍ മത്സരങ്ങളിലാണ്.

തൊടുപുഴ കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പതിമൂന്നുകാരനായ അഭിജിത്ത്.‌ ചെറിയ പ്രായം മുതൽ അഭിജിത്ത് അച്ഛന്‍ ഷാജിയുടെ കൂടെ ഏത്തനക്കോടത്തില്‍ (സ്വര്‍ണ്ണപ്പണിമുറി) കയറിത്തുടങ്ങിയിരുന്നു. മകന്റേത് വെറും കുട്ടിക്കളിയല്ലെന്ന് മനസ്സിലാക്കിയ അച്ഛൻ ഷാജി പരമാവധി പ്രോത്സാഹനം നൽകി. കൊച്ചി കളമശ്ശേരിയില്‍ നടന്ന സോണല്‍ മത്സരങ്ങളില്‍ വെള്ളിമാല തീർക്കൽ ഇനത്തിൽ അഭിജിത്ത് ഒന്നാം സ്ഥാനം നേടി. എന്നാൽ സ്കൂളിലാർക്കും തന്റെ കഴിവിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് അഭിജിത് പറയുന്നു.

മേഖലാ മത്സരങ്ങളിലേക്ക് തെരഞ്ഞെടുത്ത കാര്യം പറഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കിയതെന്നും അഭിജിത്ത് പറഞ്ഞു. ഫൈനല്‍ മത്സരങ്ങള്‍ക്കായിട്ടാണ് അഭിജിത്ത് കോഴിക്കോട്ടെത്തിയത്. ബിന്ദു-ഷാജി ദമ്പതികളുടെ രണ്ട് മക്കളും ആഭരണ നിര്‍മ്മാണത്തില്‍ തത്പരരാണ്. അഭിജിത്തിന്റെ ചേച്ചി കൃഷ്ണപ്രിയ കമ്മലിന്റെ മിനുക്കുപണിയില്‍ മിടുക്കിയാണ്. സ്വന്തമായും കൂട്ടുകാരികള്‍ക്കു വേണ്ടിയുമൊക്കെ കമ്മലുകള്‍ കൃഷ്ണപ്രിയ തയ്യാറാക്കി നല്‍കുന്നുണ്ട്.

പന്തളത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന അമ്പിളി ഉദയന്റെയും കോണ്‍ട്രാക്ടറായ ഉദയകുമാറിന്റെയും രണ്ടാമത്തെ മകളാണ് പന്തളം എന്‍എസ്എസ് സ്‌കൂളിൽ അ‍ഞ്ചാം ക്ലാസ്സുകാരിയായ സത്യ. കുട്ടികളെ ഒറ്റയ്ക്ക് വീട്ടില്‍ നിറുത്താന്‍ മടിയുള്ളതുകൊണ്ട് ചെറുപ്രായം മുതല്‍ക്കു തന്നെ മക്കളായ ഭാമയെയും സത്യയെയും അമ്പിളി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടു പോകുമായിരുന്നു. അവിടെ വച്ച് അമ്മയില്‍നിന്നാണ് സത്യ സൗന്ദര്യപരിപാലന രീതികള്‍ മനസിലാക്കിയത്.

എട്ടു വയസ്സുള്ളപ്പോള്‍ തന്നെ കുടുംബത്തിലെ പല വിവാഹങ്ങളിലും അമ്മയ്‌ക്കൊപ്പം സത്യയും മേക്കപ്പിന് കൂടുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ഈ രംഗത്ത് മകള്‍ക്ക് അഭിരുചിയുണ്ടെന്ന് ഉദയനും അമ്പിളിയും മനസിലാക്കുന്നത്. അണിഞ്ഞൊരുങ്ങാനെത്തുന്നവര്‍ കൂടി പിന്തുണച്ചതോടെ ചെറിയ സൗന്ദര്യപരിപാലന രീതികള്‍ സത്യയെ കൊണ്ട് ചെയ്യിച്ചു തുടങ്ങി. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം വിവാഹ മേക്കപ്പുകളില്‍ സ്ഥിരമായി ഈ കൊച്ചുമിടുക്കിയും  പോകുന്നുണ്ട്.

ഇന്ത്യ സ്‌കില്‍സ് കേരള മത്സരത്തിനായി സത്യയ്ക്ക് പ്രോത്സാഹനം നല്‍കിയത് അമ്പിളിയുടെ പാര്‍ലറിലെത്തുന്നവരായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. സത്യയുടെ പരിശീലനത്തിനായി പത്തു പേരോളം സ്വയം മുന്നോട്ടു വന്നു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും സഹകരണവും ഉണ്ടായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. വൈകിട്ട് ട്യൂഷനു ശേഷം അമ്മയുടെ ബ്യൂട്ടിപാര്‍ലറില്‍ സഹായിക്കാന്‍ പോകും. കൂട്ടികാരികളില്‍ പലര്‍ക്കും സത്യയുടെ കഴിവിനെക്കുറിച്ചറിയാമെങ്കിലും ആരിലും ഇതു വരെ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ചെറു ചിരിയോടെ സത്യ മറുപടി നല്‍കി. 

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യമേളയാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020. 39 ഇനങ്ങളിലായി നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ 253 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇവിടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് ദേശീയ മത്സരത്തിലും തുടര്‍ന്ന് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന അന്തര്‍ദേശീയ നൈപുണ്യ മത്സരത്തിലും പങ്കെടുക്കാം.

സംസ്ഥാന മത്സരങ്ങള്‍ കടന്ന് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത്  മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ്  സ്‌കില്‍സ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.  ത്രിദിന ഇന്ത്യ സ്‌കില്‍സ് 2020 കേരള തിങ്കളാഴ്ച സമാപിക്കും.


 

Follow Us:
Download App:
  • android
  • ios