കായംകുളം: മരുന്ന് ലഭിക്കാതെ ദുരിതത്തിലായ കാൻസർ രോഗിക്ക് തുണയായി പൊലീസ് മാതൃകയായി. കാൻസർ രോഗത്തിന് എറണാകുളം അമൃത ആശുപത്രിയിൽ അഞ്ചു വർഷമായി ചികിത്സയിലാണ് കണ്ടല്ലൂർ പുതിയവിള സാധുപുരത്ത് വീട്ടിൽ ഹരിദാസിൻറെ ഭാരൃ  സുധാമണി(60). ദിവസവും  കഴിക്കേണ്ടിയിരുന്ന മരുന്ന് കോവിഡ് 19 മൂലമൂള്ള നിയന്ത്രണങ്ങളാൽ വാങ്ങാനാവാതെ ബുദ്ധിമുട്ടിയ ഇവര്‍ക്ക് തുണയായി ഒടുവില്‍ പൊലീസ് എത്തുകയായിരുന്നു.

അമൃത ആശുപത്രിയിൽ മാത്രം ലഭിച്ചിരുന്ന മരുന്ന് വാങ്ങാൻ കഴിയാതെ വന്നപ്പോൾ സുധാമണിയുടെ ഭര്‍ത്താവും മുൻ സൈനികനുമായ ഹരിദാസൻ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ എത്തി എസ് ഐ  യു. അബ്ദുൽ ലത്തീഫിനെ കണ്ട് തങ്ങളുടെ വിഷമ സ്ഥിതി അറിയിച്ചു. ഇദ്ദേഹം ഉടൻ തന്നെ  എറണാകുളം അമൃത ആശുപത്രിയുമായി ബന്ധപ്പട്ട് മരുന്ന് ലഭൃമാണെന്നുറപ്പ് വരുത്തി. 

തുടർന്ന്  സുഹൃത്തും എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ യുമായ അബ്ദുൽ ജബ്ബാറിനെ വിളിച്ച് വിവരം പറയുകയും,അദ്ദേഹം സുധാമണിയെ ചികിൽസിച്ചിരുന്ന ഡോക്ടറെ നേരിൽ കണ്ട് മരുന്ന് എഴുതിച്ച്  വാങ്ങി എറണാകുളം സ്വദേശിയും കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സാദിഖ് മുഖേന കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. ,

ഇവിടെ നിന്നും കനകക്കുന്ന് എസ്ഐ അബ്ദുൽ ലത്തീഫും സംഘവും മരുന്ന് ഏറ്റു വാങ്ങി സുധാമണിയുടെ വീട്ടില്‍ നേരിട്ടെത്തി ഇന്ന് രാവിലെ എത്തിച്ചു കൊടുക്കുകയും ചെയ്തു . സുധാമണിയുടെ ഏകമകൻ വിദേശത്തത്താണ്. സഹായിക്കാന്‍ മറ്റാരുമില്ലാതിരുന്നതോടെ ഒടുവില്‍  പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ശിവദാസന്‍ പറഞ്ഞു. എന്തായാലും പൊലീസുകാരുടെ നല്ല മനസിന് നന്ദിപറയുകയാണ് സുധാമണിയും കുടുംബവും.