കൽപ്പറ്റ: സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായി എത്തിച്ച അരിയിൽ ദുർഗന്ധം ഉളളതായി റിപ്പോർട്ട്. മുണ്ടേരി ഗവ. എച്ച്.എസ്.എസിൽ ഉച്ചഭക്ഷണത്തിനെത്തിച്ച അരി വേവിക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് ഭക്ഷ്യഭദ്രതാ കമ്മിഷനംഗം എം. വിജയലക്ഷ്മി സ്കൂളിലെത്തി പരിശോധിച്ചു. അരി പാകം ചെയ്യുന്ന സമയത്ത് മാത്രമാണ് ദുർഗന്ധം വമിക്കുന്നത്. ഇത് കാരണം എത്ര ചാക്കുകളിൽ മോശം അരിയുണ്ടെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബർ മാസംമുതൽ എത്തിക്കുന്ന അരിയിൽ ചില ചാക്കുകളിലാണ് ദുർഗന്ധമുള്ള അരിയുള്ളതെന്ന് സ്കൂൾ അധികൃതർ പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാന അനുഭവമുണ്ടായി. ഇതേതുടർന്ന് ചോറ് വീണ്ടും വെക്കേണ്ടി വരികയും ഉച്ചഭക്ഷണ വിതരണം വൈകുകയുംചെയ്തു. ഇതോടെയാണ് ഭക്ഷ്യ ഭദ്രതാകമ്മിഷന് പരാതി നൽകിയത്.

തിങ്കളാഴ്ച സ്കൂളിലെത്തിയ കമ്മിഷനംഗം എം. വിജയലക്ഷ്മി അരി പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സപ്ലൈകോ അധികൃതരുമായും അധ്യാപകരും രക്ഷിതാക്കളുമായും അംഗം ചർച്ച നടത്തി. അരിക്ക് ദുർഗന്ധമോ കാഴ്ചയിൽ പഴക്കമോ ഇല്ലെന്ന് സ്കൂൾ പ്രധാനാധ്യാപിക ടി.പി. സുഹ്റ പറഞ്ഞു. ചില ചാക്കുകളിൽ മാത്രമാണ് പ്രശ്നം. സാധാരണ കുറച്ച് അരിയെടുത്ത് പാകംചെയ്തു നോക്കാറുണ്ട്. പ്രശ്നമില്ലെന്ന് കണ്ടാൽ മാത്രമാണ് മുഴുവൻ കുട്ടികൾക്കുമുള്ള ഉച്ചഭക്ഷണം തയ്യാറാക്കുക. കഴിഞ്ഞ ദിവസം ഇങ്ങനെ എല്ലാവർക്കുമുള്ള ഉച്ചഭക്ഷണത്തിനുള്ള അരി പാകമാകുമ്പോൾ മാത്രമാണ് ദുർഗന്ധം അറിയാനായതെന്നും അധ്യാപിക പറഞ്ഞു.

ജനുവരിയിൽ ദുർഗന്ധമുള്ള അരിമാറ്റിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ ഡിപ്പോയിൽ അധ്യാപകർ പോയിരുന്നു. എന്നാൽ അരി എഫ്.സി.ഐ. മാറ്റി നൽകാൻ തയ്യാറായാൽ മാത്രമേ മാറ്റിത്തരൂവെന്നാണ് അധികൃതർ മറുപടി നൽകിയത്. ഭക്ഷ്യഭദ്രതാ കമ്മിഷനംഗം പരാതിക്കിടയാക്കിയ 12 ചാക്ക് അരി മാറ്റി നൽകാൻ നിർദേശിച്ചു. അതേ സമയം തെലങ്കാനയിലെ ഗഡ്‍വാളിൽനിന്നും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ എത്തിച്ച അരിയാണ് വ്യാപക പരാതികൾക്ക് ഇടയാക്കിയതെന്ന് സപ്ലൈകോ ഡിപ്പോ അധികൃതർ പറഞ്ഞു. 

അരിയാക്കുന്നതിനിടെ മില്ലിലുണ്ടായ പിഴവു കാരണമാണ് ദുർഗന്ധം അനുഭവപ്പെടുന്നത്. വെള്ളം മാറ്റിത്തിളപ്പിക്കാതെ ആവർത്തിച്ച് ഉപയോഗിച്ചതാണ് ദുർഗന്ധത്തിന് കാരണമെന്നാണ് പറയുന്നത്. ഇതുവരെ ജില്ലയിലെ 33 സ്കൂളുകൾ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെല്ലാം അരി മാറ്റി നൽകി. പന്ത്രണ്ട് ലോഡ് അരി വന്നതിൽ 263 ചാക്ക് അരിയാണ് പരാതിയോടെ തിരികെയെത്തിയത്. കഴിഞ്ഞ ഡിസംബർ വരെയാണ് സ്കൂളുകളിൽനിന്നും പരാതികൾ വന്നു തുടങ്ങിയത്. എല്ലാവർക്കും അരി മാറ്റിനൽകി. മുണ്ടേരി ഗവ.എച്ച്.എസ്.എസിനും അരി മാറ്റിനൽകുമെന്ന്  എഫ്.സി.ഐ, സപ്ലൈകോ അധികൃതർ അറിയിച്ചു.